പാഞ്ചാലരാജതനയേ

കഥാപാത്രങ്ങൾ: 

കാലേ കദാചിദഥ കാമിജനാനുകൂലേ
മാലേയമാരുതവിലോളിതമാലതീകേ
ലീലാരസേന വിചരന്‍ വിപിനേ വിനോദ-
ലോലാം സമീരണസുതോ രമണീമഭാണീല്‍
 
പല്ലവി
പാഞ്ചാലരാജതനയേ
പങ്കജേക്ഷണേ
പഞ്ചസായകനിലയേ
 
 അനുപല്ലവി
തഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാല്‍
നെഞ്ചകമതിലഴലരുതരുതയി തേ
 
ചരണം 1
പൂഞ്ചോലതോറും നടന്നു
നല്ല പൂമണം മെല്ലെ
നുകര്‍ന്നു ചാഞ്ചാടി
മോദം കലര്‍ന്നു നല്ല
ചാരു പവനന്‍ വരുന്നു
 
ഇരട്ടി - ഒന്നാം ഘട്ടം
പഞ്ചമകൂജിതസുകോകിലേ
പരമിഹ ദേവി സുമംഗലേ
രണ്ടാം ഘട്ടം
കിഞ്ചന രന്തുമനാകുലേ
കിളിമൊഴി വരിക ശിലാതലേ
മൂന്നാം ഘട്ടം
നിന്‍ചലലോചന നിര്‍ജ്ജിത മധുരിമ
സഞ്ചിതഭയചലദഞ്ചിതകമലേ
 
[[ കണ്ടാലും മധുസമയം നല്ല കാമിനീജനഹൃദയം
കൊണ്ടാടീടുന്നു സദയം നല്ല കോമളകുസുമമയം
ഇണ്ടലകന്നുടനാശയേ ഇഹ പരിചൊടു ജലാശയേ
കുണ്ഠത നീക്കി ഗുണോദയേ കുതുകമൊടാശു കുശേശയേ
വണ്ടുകൾനന്മധുവുണ്ടുമദിച്ചുമുരണ്ടുവനങ്ങളിൽമണ്ടുന്നിതയേ
  
ചന്ദനശിഖരിചരം നല്ല ചംപകാമോദരുചിരം
മന്ദപവനകിശോരം നല്ല മാനിനി കാൺകസുചിരം
സുന്ദരി മനസിജവരസമരം സുഖമൊടു മുതിരുകസരസതരം
മന്ദരസദൃശപയോധരം മൃദുരസിചേർക്ക മനോഹരം
മന്ദത നീക്കി വിനിന്ദിതകിസലയം
ഇന്ദുസുമുഖി മമ തന്നീടുകധരം ]]

അർത്ഥം: 

കാലേ കദാചില്‍:
കാമികള്‍ക്ക് അനുകൂലമായകാലത്ത് ചന്ദനക്കാറ്റിലിളകുന്ന പിച്ചകവള്ളികളോടുകൂടിയ വിപിനത്തില്‍ വിനോദലോലനായി സഞ്ചരിച്ചുകൊണ്ടിരുന്ന വായുസുതന്‍ ഒരിക്കല്‍ ക്രീഡാസക്തനായി പ്രിയതമയോട് പറഞ്ഞു.

പാഞ്ചാലരാജതനയേ:
പാഞ്ചാലരാജപുത്രി, പങ്കജേക്ഷണേ, കാമദേവന് ആവാസമായവളേ, എന്നും ഇങ്ങിനെ വിപിനത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മനസ്സില്‍ വിഷമം ഉണ്ടാകരുത്. പൂഞ്ചോലകളില്‍ തട്ടി നല്ല പൂമണം മെല്ലെ നുകര്‍ന്നുകൊണ്ട്, നല്ല മനോഹരമായ ഇളംകാറ്റ് മോദത്തോടെ ചാഞ്ചാടിക്കൊണ്ട് വരുന്നു. കിളിമൊഴിയും സുമംഗലയുമായ ദേവീ, പഞ്ചമകൂജിതങ്ങളായ കുയിലുകളോടുകൂടിയതും, നിന്റെ ചലിക്കുന്ന കണ്ണുകളെക്കൊണ്ട് ജയിക്കപ്പെട്ട അഴകോടുകൂടിയവയും, വര്‍ദ്ധിച്ച ഭയത്താല്‍ വിറപൂണ്ടവയും അഴകുറ്റവയുമായ മാനുകളോടുകൂടിയതുമായ ഈ പാറപ്പുറത്തേക്ക് കുറച്ചുനേരം രമിക്കുവാനായി വന്നാലും.

അരങ്ങുസവിശേഷതകൾ: 

1) കഥകളിയിലെ ഏറ്റവും ഉൽകൃഷ്ടമായ പതിഞ്ഞപദങ്ങളിലൊന്നാണിത്. 2) "പഞ്ചമകൂജിത" എന്ന രണ്ടാം ചരണത്തിന്റെ പ്രാരംഭത്തോടുകൂടി തുടങ്ങുന്ന പതിഞ്ഞ ഇരട്ടി എന്ന നൃത്തവിശേഷം അനിതരസാധാരണമാണ്. 24 താളവട്ടങ്ങൾ നീണ്ടുനിൽക്കുന്ന, പദാഭിനയത്തോടൊപ്പം നൃത്തശിൽപ്പവും ചേർന്നുപോകുന്ന അപൂർവ്വ കലാശിൽപ്പമാണ് ഇത്. 3) ഇരട്ടിയുടെ അവസാനം, വലതുകൈയ്യിൽ 'മാൻ' എന്ന മുദ്രയോടെ, ഇടലം കാൽ പൊക്കി നിൽക്കുന്ന ഒരു അപൂർവ്വ നിശ്ചലദൃശ്യത്തിലാണ് പദാഭിനയം അവസാനിയ്ക്കുന്നത്. ഇത്തരത്തിലുള്ള അന്ത്യം കഥകളിയിൽ മറ്റെവിടെയും ഇല്ല.