എൻ‌കണവാ കണ്ടാലും

രാഗം: 
കഥാപാത്രങ്ങൾ: 

വാതേന വത്സലതയേവ കിലോപനീതം
ചേതോഹരം പരിമളാനുസൃതാളിവൃന്ദം
ആദായ പുഷ്പമതിമോഹനമത്ര ദിവ്യം
മോദാല്‍ ജഗാദ പവനാത്മജമേത്യ കൃഷ്ണാ

 
പല്ലവി
എന്‍കണവ കണ്ടാലും എങ്കലൊരു കുസുമം

ചരണം 1
നിന്‍ കരുണയുണ്ടെന്നാകില്‍ നിര്‍ണ്ണയമിനിയും മമ
സംഗതി വരും ലഭിപ്പാന്‍ സരസ സൌഗന്ധികങ്ങള്‍
 
ചരണം 2
പാരിലില്ല പാര്‍ത്താലെങ്ങും ചാരുതരമാമിവണ്ണം
പാരം വളരുന്നു മോദം വാരിജദളനയന
 
ചരണം 3
വല്ലതെന്നാലും നിജ വല്ലഭന്മാരോടല്ലാതെ
ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറുന്ന തരുണിമാര്‍

അർത്ഥം: 

വാതേന: വാത്സല്യത്താല്‍ എന്ന പോലെ വായുദേവന്‍ അരികിലെത്തിച്ചതും, ചേതോഹരവും, പരിമളത്താല്‍ ആകര്‍ഷിക്കപ്പെട്ട വണ്ടുകളോടുകൂടിയതും, ദിവ്യവുമായ ആ പുഷ്പം എടുത്ത വായുപുത്രന്റെ സമീപമെത്തി കൃഷ്ണ മോദത്തോടെ പറഞ്ഞു. എൻ കണവാ: എന്റെ ഭർത്താവേ, അങ്ങ് കണ്ടാലും എന്റെ കയ്യിലിതാ ഒരു പുഷ്പം. ഭവാന്റെ കരുണ ഉണ്ടെങ്കില്‍ തീര്‍ച്ചയായും എനിക്ക് ഇനിയും ഇതുപോലെ സുന്ദരങ്ങളാകുന്ന സൌഗന്ധികപൂക്കള്‍ ലഭിപ്പാനിടവരും. ഭംഗിയേറിയ ഇത്തരം പൂക്കള്‍ പാരില്‍ എവിടയും ഇല്ല. താമരകണ്ണാ, ഈ പൂവ് കാണുമ്പോള്‍ എനിക്ക് സന്തോഷം വളരുന്നു. എന്തുതന്നെയായാലും അഭിലാഷം സ്വന്തം ഭര്‍ത്താക്കന്മാരോടല്ലാതെ ഉത്തമസ്ത്രീകള്‍ പറയാറില്ല.

അരങ്ങുസവിശേഷതകൾ: 

1) സൗഗന്ധികാഹരണകഥയിലേയ്ക്കുള്ള പ്രവേശം ഈ ശ്ലോകാഭിനയത്തോടെ ആരംഭിയ്ക്കുന്നു. 2) ശ്ലോകം ആരംഭിച്ചാല്‍ പാഞ്ചാലി പെട്ടന്ന് ഒരു സൌരഭ്യം ഏല്‍ക്കുന്നതായും, ഉത്കണ്ഠയോടെ അത് എവിടെനിന്നാണെന്ന് തിരയുന്നതായും നടിക്കുന്നു. ‘ആദായ’ എന്ന് ആലപിക്കുന്നതോടെ മുന്നില്‍ വീണ പൂവിനെ ആര്‍ത്തിയോടെ വാരിയെടുത്ത് ഭംഗി കണ്ടും സൌരഭ്യം നുകര്‍ന്നും ആസ്വദിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നു.‘ജഗാദ പവനാത്മജ’ എന്നു ചൊല്ലുന്നതോടെ സന്തോഷപൂര്‍വ്വം ഭീമനെ നോക്കി കണ്ണുകള്‍ കൊണ്ട് പുഷ്പം കാട്ടിക്കൊടുക്കുന്നു. പല്ലവിയുടെ അന്ത്യത്തോടെ പാഞ്ചാലി പുഷ്പം ഭീമന് കൈമാറുന്നു. ഭീമന്‍ പൂവ് കണ്ടാസ്വദിച്ച്, ഘ്രാണിച്ചശേഷം പാഞ്ചാലിയുടെപക്കല്‍ മടക്കി നല്‍കുകയും ചെയ്യുന്നു. 3) 'എൻ കണവാ' എന്ന പദത്തിന്റെ പല്ലവിയിൽ "എങ്കലൊരു കുസുമം' എന്നു പരാമർശമുള്ളതുകൊണ്ട് ആ സമയം പാഞ്ചാലിയുടെ കൈവശം സൗഗന്ധികം ഉണ്ടായിരിക്കും. എന്നാൽ പൂവ് കാണിച്ചുകൊടുത്തതിനു ശേഷം ഭീമസേനന് പൂവ് കൈമാറുന്നു.