മാര സദൃശ മഞ്ജുളാകൃതേ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പല്ലവി:
മാരസദൃശ മഞ്ജുളാകൃതേ ഭവാന്‍
ആരെന്നും ചൊല്‍ക ഇവര്‍ ആരെന്നും

ചരണം 1
ഘോരകാനനം തന്നില്‍ വരുവാനുമെന്തു
കാരണം കമലായതേക്ഷണ

ചരണം 2
ക്രൂരനാം ഹിഡിംബനെന്നൊരു നിശാചാര-
വീരന്‍ വാണീടുന്നീ വനംതന്നില്‍

ചരണം 3
സാദരം കേട്ടുകൊള്‍ക ഞാനവന്‍ തന്റെ
സോദരി ഹിഡിംബിയാകുന്നല്ലോ

ചരണം 4
നിങ്ങളെക്കൊല്ലുവാന്‍ വന്നീടിനോരെന്നെ
മംഗലാകൃതേ മാരന്‍ കൊല്ലുന്നു
അർത്ഥം: 

അല്ലയോ കാമതുല്യനായ മനോഹര രൂപാ അങ്ങ് ആരാണെന്നും ഇവര്‍ ആരാണെന്നും പറഞ്ഞാലും. ഘോരമായ ഈ കാട്ടില്‍ വരുവാന്‍ എന്താണ് കാരണം? ഈ കാട്ടില്‍ ഹിഡിംബന്‍ എന്ന ക്രൂരനായ ഒരു രാക്ഷസന്‍ വാഴുന്നുണ്ട്. ഞാന്‍ അവന്‍റെ സഹോദരി ഹിഡിംബിയാണെന്നു അറിഞ്ഞാലും. നിങ്ങളെ കൊല്ലാനായി വന്ന എന്നെ (ഇപ്പോള്‍ ഇതാ ) കാമദേവന്‍ കൊന്നീടുന്നു.