എന്തിഹ തവ കാര്യം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

നാരദാദിമുനിവാര സംഗതപുരന്ദരാദിസുരഭാസുരേ
സാരസാസനവരാധ്വരേ സദസി ഭൂരിസൂരിജനമാനിതം
താരകേശ്വരകിശോരശേഖര പദാരവിന്ദപരിചാരകം
ക്രൂരവാങ്മയശരോത്കരൈരരമവാകിരല്‍ സ വിധിനന്ദന:

പല്ലവി
എന്തിഹ തവ കാര്യം ജള വരുവതിനെന്തിഹ തവ കാര്യം?

അനുപല്ലവി
ഹന്ത! മഹാജനസഭയിലിരിപ്പതിനര്‍ഹതയില്ലിഹ തേ.

ചരണം 1
അസ്ഥിയണിഞ്ഞിഭകൃത്തിയുടുത്തു കരത്തിലെടുത്തു കപാലം
നിത്യമിരന്നു നടക്കുന്നവനുടെ ഭൃത്യനതല്ലേ നീ?
 

അർത്ഥം: 

നാരദന്‍ മുതലായ മഹര്‍ഷിമാരാലും ഇന്ദ്രാദികളായ ദേവന്മാരാലും ശോഭിച്ച ബ്രഹ്മാവിന്‍റെ ആ യാഗശാലയില്‍ വച്ച്, അനേകം വിദ്വാന്മാരാല്‍ മാനിക്കപ്പെടുന്നവനും  ചന്ദ്രശേഖരദാസനും ആയ നന്ദികേശ്വരന്‍റെ മേല്‍, ബ്രഹ്മ പുത്രനായ ദക്ഷന്‍, പരുഷ വാക്കുകളാകുന്ന ശരങ്ങള്‍ ചൊരിഞ്ഞു.

ഹേ ജളാ! ഇവിടെ വരുവാന്‍ എന്താണ് കാര്യം? കഷ്ടം! മാന്യമായ ഈ സദസ്സില്‍ ഇരിക്കാന്‍ നിനക്ക് അര്‍ഹതയില്ല. ശരീരത്തില്‍ അസ്ഥിയണിഞ്ഞ്,ആനത്തോലുടുത്ത്,കയ്യില്‍ തലയോട്ടിയുമായി നിത്യവും പിച്ചതെണ്ടുന്നവന്‍റെ ഭൃത്യനല്ലേ നീ?