മംഗള മൂര്‍ത്തിയായുള്ള
ചരണം 1
മംഗലമൂര്‍ത്തിയായുള്ള മഹേശനെ മാനിച്ചു കൊള്‍ക നല്ലൂ.
ഗംഗാധരന്‍റെ മഹത്വമറിയാതെ
ഗര്‍ഹണം ചെയ്യുന്നതര്‍ഹതയല്ലഹോ!
ചരണം 2
അന്തകന്‍റെ ചിത്താഹന്ത കളഞ്ഞതും
ദന്തിവരാസുര കൃന്തനം ചെയ്തതും
അന്തരംഗം തന്നില്‍ചിന്തിച്ചു കാണ്കില്‍ പു-
രാന്തക വൈഭവ മെന്തിഹ ചൊല്ലേണ്ടു!
ചരണം 3
സന്തതമീശ്വരന്‍ ശാന്തനെന്നാകിലും
ഹന്ത ! കോപിച്ചാല്‍ കല്പാന്താനലന്‍ പോലെ.
സന്തോഷിച്ചാലീശന്‍ സന്താനശാഖിപോല്‍
എന്തെങ്കിലും ഭക്ത ചിന്തിതം നല്‍കിടും.
മംഗളമൂര്‍ത്തിയായ പരമശിവനെ മാനിക്കുന്നതാണ് നല്ലത്. അദ്ദേഹത്തിന്‍റെ മഹത്വറിയാതെ നിന്ദിക്കുന്നത് ഒട്ടും ഉചിതമല്ല. അന്തകന്‍റെ അഹങ്കാരം കളഞ്ഞതും ഗജാസുരനെ വധിച്ചതും, ആലോചിച്ചാല്‍ പുരാന്തകന്‍റെ മഹത്വത്തെപ്പറ്റി എന്തു പറയാന്‍ ? ശിവന്‍ എല്ലായ്പ്പോഴും ശാന്തനാണെങ്കിലും കോപിച്ചാല്‍ പ്രളയാഗ്നി പോലെയാണ്. സന്തോഷിച്ചാല്‍ ഈശന്‍ കല്പവൃക്ഷം പോലെ ഭക്തന്റെ ആഗ്രഹം എന്തായാലും നല്‍കീടും.