പരിതോഷമേറ്റം
പല്ലവി:
പരിതോഷമേറ്റം വളരുന്നു മാമുനേ ഭവദീയാഗമം കൊണ്ടു മേ.
അനുപല്ലവി:
ദുരിതങ്ങൾ നശിപ്പാനും സുകൃതങ്ങൾ ലഭിപ്പാനും
പരമൊരു വഴി പാർത്താൽ സുജനസംഗമമല്ലോ.
ചരണം1:
അനഘൻ നാരദൻ തപോധനനാകും വസിഷ്ഠനും
സനകാദികളായുള്ള മുനികളെന്തു വന്നില്ല?
വനജസംഭവനേകൻ ജനകനിജ്ജനങ്ങൾക്കു
പുനരെന്തിങ്ങിനെ തോന്നി മനസി ഹന്ത വൈഷമ്യം?
ചരണം2:
വാമദേവനിലേറ്റം പ്രേമം കൊണ്ടവർക്കിന്നു
മാമകാദ്ധ്വരേ വരുവാൻ വൈമുഖ്യമുളവാകിൽ
കാമമെന്തിഹ ചേതം താമസശീലനാകും
സോമചൂഡന്റെ ഭാഗം നാമിന്നു കൊടുത്തീടാ.
അല്ലയോ മഹാമുനേ അങ്ങയുടെ വരവുകൊണ്ട് എനിയ്ക്ക് ഏറ്റവും സന്തോഷം വളരുന്നു. ദുരിതങ്ങള്‍ നശിക്കാനും സുകൃതങ്ങള്‍ ലഭിക്കാനും സജ്ജന സംഗമം ആണ് ഒരു വഴി. പാപരഹിതനായ നാരദനും തപോധനനായ വസിഷ്ഠനും സനകാദിളായ മറ്റു മുനികളും എന്തേ വന്നു കണ്ടില്ല? ഞങ്ങളുടെയെല്ലാം അച്ഛന്‍ ബ്രഹ്മാവ് തന്നെ യാണ് . പിന്നെ ഇങ്ങിനെ അവജ്ഞ തോന്നാന്‍ എന്താണ് കാര്യം . പരമശിവനോടുള്ള പ്രേമം കൊണ്ട് എന്റെ യാഗത്തില്‍ അവര്‍ക്ക് വരാന്‍ വൈമുഖ്യമുണ്ടെങ്കില്‍ എന്റെ മനസ്സില്‍ ഒരു ചേതവുമില്ല. താമസശീലനായ ശിവന്‍റെ ഭാഗം ഞാന്‍ കൊടുക്കില്ല.