സന്താപമരുതരുതേ
സന്താപമരുതരുതേ ചെന്താമരേക്ഷണേ തവ
സന്തോഷം വരുത്തുന്നുണ്ടു ഞാന്‍
വൈകാതെ മദദന്താവള രാജഗമനേ!
അനുപല്ലവി:
അന്തരമില്ലിതിനന്തകരിപു തവ
ചിന്തിതഘടനേ സന്തതകുതുകീ
ചരണം1:
കൊണ്ടല്‍വേണീ നിനക്കുള്ളില്‍ കുണ്ഠിതമുണ്ടാമെന്നോര്‍ത്തു
മിണ്ടാതെ കണ്ടിങ്ങു വാണു ഞാന്‍
കണ്ടുകൊള്‍ക തല്‍ കണ്ഠകൃന്തനം ചെയ്യിപ്പിപ്പന്‍
പ്രഥമഗണാനലനടുവതിലവനൊരു
തൃണമിവ സപദി പതിപ്പതു കാണ്ക
ചരണം2:
ദുഷ്ടനാകുമവന്‍ ചൊന്ന ദുര്‍വാക്കുകള്‍ കേട്ടു പാരം
ഇഷ്ടരായ്മോദിച്ചവരുടെ ഗര്‍വ്വവുമിന്നു
നഷ്ടമാക്കീടുവനാശു ഞാന്‍
കുടിലമതികളുടെ കുസൃതികള്‍ കളവാന്‍
നിടിലനയനനൊരുതടവിഹ നഹി നഹി
ചരണം3:
ഉല്‍ക്കുലാഹങ്കാരം മൂലം ഉള്‍ക്കാമ്പില്‍ ബോധം വെടിഞ്ഞു
ധിക്കാരം ചെയ്യുന്ന ദക്ഷന്‍റെ ദുര്‍മ്മദം തീര്‍പ്പാന്‍
ഇക്കാലം സംഗതി വന്നഹോ,
ചക്ഷുശ്രവണന്‍ ചീറിവരുന്നതു
പക്ഷിപ്രവരനു ഭക്ഷണകാലം.
ചെന്താമാരപ്പൂ പോലെ ഉള്ള കണ്ണുകളോടുകൂടിയവളേ, മദിച്ച ആനയെപ്പോലെ നടക്കുന്നവളേ , ഭവതിക്ക് സങ്കടം വേണ്ടാ, ഞാന്‍ താമസം കൂടാതെ നിനക്ക് സന്തോഷം വരുത്തുന്നുണ്ട്. ഇതിനു മാറ്റം ഇല്ല. കാലന്‍റെ ശത്രുവായ ഞാന്‍ ഭവതിയുടെ ആഗ്രഹം സാധിപ്പിച്ചു തരുവാന്‍ സദാ ആഗ്രഹം ഉള്ളവന്‍ ആണ്.
കാര്‍മേഘം പോലെ ഇരുണ്ട തലമുടിയോടുകൂടിയവളേ, നിനക്ക് മനസ്സില്‍ വിഷമം ഉണ്ടാവുമെന്ന് വിചാരിച്ച് ഞാന്‍ ഒന്നും പറയാതെ ഇവിടെ ഇരുന്നതാണ്. അവന്‍റെ കഴുത്ത് അറുപ്പിക്കുന്നത് നീ കണ്ടുകൊള്‍ക ഭൂതഗണങ്ങളാകുന്ന അഗ്നിയുടെ നടുവില്‍ അവന്‍ ഒരു പുല്ലുപോലെവീഴുന്നത് കണ്ടാലും.
ദുഷ്ടനാകുന്ന അവന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് രസിച്ചു സന്തോഷിച്ചവരുടെ അഹങ്കാരം ഇന്ന് ഞാന്‍ വേഗത്തില്‍ നശിപ്പിക്കും. ദുഷ്ട ബുദ്ധികളുടെ തമാശകള്‍ അവസാനിപ്പിക്കാന്‍ നെറ്റിയില്‍ കണ്ണുള്ള എനിക്ക് ഒരു തടസ്സവും ഇല്ല.
അതിയായ അഹങ്കാരം കൊണ്ട് മനസ്സില്‍ ബോധം നഷ്ടപ്പെട്ട് ധിക്കാരം പ്രവര്‍ത്തിക്കുന്ന ദക്ഷന്‍റെ ദുരഹങ്കാരം അവസാനിപ്പിക്കാന്‍ ഇപ്പോള്‍ അവസരം ആയി. പാമ്പ് കോപിച്ചു വരുന്നത് പക്ഷികളുടെ രാജാവായ ഗരുഡന് ഭക്ഷണത്തിനായി വരും.