ആരൊരു പുരുഷനഹോ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ആദിഷ്ടേഥ യുധിഷ്ഠിരേണ വലലേ ഭൂയിഷ്ഠദോര്‍വിക്രമേ
നേദിഷ്ഠേപി ച മുഷ്ടിയുദ്ധമഖിലേ ദ്രഷ്ടും ജനേ ചാഗതേ
ഉത്ഗുഷ്ടേ വിയദന്തരേ ഝടഝടേത്യത്യുച്ചതൂര്യസ്വനൈ-
ര്‍മ്മല്ലേന്ദ്ര: കൃതരംഗവന്ദനവിധിസ്സാടോപമൂചേ ഭൃശം

പല്ലവി

ആരൊരു പുരുഷനഹോ എന്നൊടു നേര്‍പ്പാന്‍
ആരൊരു പുരുഷനഹോ?

അനുപല്ലവി:
പാരിലൊരുവനതിശൂരനുണ്ടെങ്കിലിപ്പോള്‍
നേരിടേണമിഹ പോരില്‍ വന്നു മമ
നിയുദ്ധമതില്‍ വിദഗ്ദ്ധതകളറിവതിനു.
ചരണം1:
പടയ്ക്കു നമുക്കൊരു മിടുക്കുണ്ടെന്നു ബത
നടിയ്ക്കുന്നുണ്ടു ചിലര്‍ വൃഥാവലേ.
അടുക്കിലുടനുടല്‍ നടുക്കമനവധി
പിടിക്കുമവര്‍ക്കിഹ യഥാവലേ.
മിടുക്കില്ലാത്തവനെ തടുക്കുന്നതിനിന്നു
മടിക്കുന്നിതു മനം നമുക്കഹോ.

മല്ലയുദ്ധം തന്നിലെന്നോടിന്നു
തുല്യനായൊരുവന്‍ വന്നീടുകില്‍

തെല്ലുമിങ്ങു തടവില്ലവന്റെ മദ-
മടക്കി ലഘു മടക്കുമഹമധിരണം.
 

അർത്ഥം: 

അനന്തരം ബഹുപരാക്രമിയായ വലലനെയുധിഷ്ഠിരന്‍ അയയ്ക്കുകയും മുഷ്ടിയുദ്ധം കാണാനായി സമീപ വാസികളായ ജനങ്ങള്‍ വരികയും പെരുമ്പറകള്‍ ഉച്ചത്തില്‍ ആകാശത്തില്‍ മുഴക്കുകയും ചെയ്തപ്പോള്‍ ആ മല്ലന്‍ രംഗവന്ദനം ചെയ്തിട്ട് ഏറ്റവും ഗര്‍വ്വോടുകൂടി ഇപ്രകാരം പറഞ്ഞു.

എന്നോട് എതിര്‍ക്കാന്‍  ഒരു പുരുഷന്‍ ഉള്ളത് ആരാണ്? അങ്ങിനെ ഈ ഭൂമിയില്‍ ആരെങ്കിലുമുണ്ടെങ്കില്‍ എന്‍റെ പരാക്രമങ്ങള്‍ അറിയാന്‍ ഇപ്പോള്‍ ഇവിടെ വന്നു എന്നെ നേരിടണം. യുദ്ധത്തിനു നല്ല സാമര്‍ത്ഥ്യം ഉണ്ടെന്നു വെറുതെ ചിലര്‍ നടിക്കുന്നുണ്ട് .കഷ്ടം. എന്നാല്‍ അടുത്തെത്തിയാല്‍ അവര്‍ക്ക് ശരീരത്തിന് വല്ലാത്ത വിറയല്‍ സംഭവിക്കും. യുദ്ധസാമര്‍ത്ഥ്യം ഇല്ലാത്തവനെ എതിരിടാന്‍ എനിക്ക് മനസ്സില്ല . ഇപ്പോള്‍ എനിക്ക് സമനായി ഒരുത്തന്‍ യുദ്ധത്തിനു വന്നാല്‍ അവന്‍റെ ഗര്‍വ്വ് നശിപ്പിച്ച് അവനെ വേഗം തിരിച്ചയക്കും . ഇതില്‍ ഒട്ടും സംശയം ഇല്ല.

അരങ്ങുസവിശേഷതകൾ: 

'മല്ലയുദ്ധം തന്നിലെന്നോടിന്നു
തുല്യനായൊരുവന്‍ വന്നീടുകില്‍ '   ഈഭാഗം മുറിയടന്തയിലാണ്