വനമതില്‍ വസിപ്പതിനു യോഗം

രാഗം: 
കഥാപാത്രങ്ങൾ: 

ചരണം4:
വനമതില്‍ വസിപ്പതിനു യോഗം
വീരാ വന്നതിതു വിധിദുര്‍വിപാകം
ചരണം5:
മല്ലരിപുകാരുണ്യയോഗാല്‍ വീരാ
നല്ലതു ഭവിക്കുമിനി വേഗാല്‍

അർത്ഥം: 

വീരാ, വനത്തില്‍ വസിക്കാന്‍ യോഗം വന്നത് സമയദോഷം കൊണ്ട് മാത്രമാണ്. വീരാ, ശ്രീകൃഷ്ണന്റെ കാരുണ്യത്താല്‍ ഇനി വേഗത്തില്‍ നന്മവരും‍.‍

അരങ്ങുസവിശേഷതകൾ: 

1) ഈ പദത്തിനു ശേഷം ഇന്ദ്രാണിയിൽ നിന്ന് ദേവലോകം ചുറ്റിക്കാണാനുള്ള അനുവാദം അർജ്ജുനൻ വാങ്ങിയ ശേഷം, ഇന്ദ്രാണി രംഗത്തു നിന്ന് നിഷ്ക്രമിയ്ക്കുന്നു. തുടർന്ന് സ്വർഗ്ഗവർണ്ണന എന്നു പ്രസിദ്ധമായ അർജ്ജുനന്റെ ആട്ടം ആരംഭിയ്ക്കുന്നു. സ്വർഗ്ഗവർണ്ണനയിൽ നടന് പ്രവൃത്തിസ്വാതന്ത്ര്യമുണ്ട്.സാധാരണയായി കാണുന്ന സ്വർഗ്ഗവർണ്ണന ആട്ടം താഴെ ചേർക്കുന്നു:

അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണന എന്ന പ്രത്യേക ആട്ടം:
അര്‍ജ്ജുനന്‍:‘ഇനി സ്വര്‍ഗ്ഗം നടന്നുകാണുകതന്നെ’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി സ്വര്‍ഗ്ഗത്തിന്റെ അധോ-മദ്ധ്യ-ഉപരി ഭാഗങ്ങള്‍ വെവ്വേറേ കണ്ട്, വന്ദിച്ചിട്ട്) ‘സ്വര്‍ഗ്ഗം ആസകലം അതിവിശേഷം തന്നെ. അടിയിലുള്ള വീധികളെല്ലാം വിശേഷമായ കല്‍പ്പവൃക്ഷത്തിന്റെ തളിരുകളാലും തേനോഴുകുന്ന പൂക്കളാലും നിറഞ്ഞുശോഭിച്ചു കാണുന്നു. ഉപരിഭാഗം കണ്ണിനു സുഖമുളവാക്കുന്നതും, വന്നും പോയും കൊണ്ടിരിക്കുന്ന വിമാനങ്ങളാല്‍ മുഖരിതവുമായി കാണുന്നു. മദ്ധ്യഭാഗത്ത് സ്വര്‍ണ്ണമയമായും രത്നമയമായുമുള്ള മാളികകള്‍, ഗോപുരങ്ങള്‍, ഉദ്യാനങ്ങള്‍, കേളീശൈലങ്ങള്‍ എന്നിവ നാലുഭാഗവും ചുറ്റപ്പെട്ട മതിലുകളോടുകൂടി ശോഭിക്കുന്നു. ഇനി സഞ്ചരിച്ച് എല്ലാം കാണുകതന്നെ.’ (‘അഡ്ഡിഡ്ഡിക്കിട’ വെച്ച്) ‘അതാ ഒരു മണിമാളിക’ (വിസ്തരിച്ച് നോക്കികണ്ട്) ‘ഈ മാളികയുടെ തറകളും തൂണുകളും ചുവരുകളുമെല്ലാം അസാമാന്യമായവയാണ്. ശില്പവേലകളാണെങ്കില്‍ അതിവിശേഷം. എല്ലായിടത്തും രത്നമയം. ഇതിനുചുറ്റും ആയുധധാരികളായ ഭടന്മാര്‍ ചുറ്റുന്നു. ഓ, മനസ്സിലായി. അമൃത് സൂക്ഷിച്ചുവെച്ചിരിക്കുന്ന സ്ഥലമാണിത്.‘ (‘അഡ്ഡിഡ്ഡിക്കിട’) ‘സൌന്ദര്യം തികഞ്ഞ ചില ദേവസ്ത്രീകള്‍ മാളികമുകളിലിരുന്ന് എന്നെ നോക്കുന്നു. അതാ കുറേ ദേവസുന്ദരിമാര്‍ കൂട്ടമായി മന്ദഹസിച്ചും എന്നെ കടാക്ഷിച്ചുകൊണ്ടും പോകുന്നു. എന്നെകുറിച്ചാണ് അവര്‍ തമ്മില്‍ സംസാരിക്കുന്നത്. ഇദ്ദേഹം കുന്തീദേവിയില്‍ നമ്മുടെ നാഥനായ ഇന്ദ്രന് പിറന്ന പുത്രനാണ്, ധര്‍മ്മപുത്രന്റെ അനുജനാണ്, അഗ്നിയില്‍നിന്നും ഗാണ്ഡീവചാപവും ശ്രീപരമേശ്വരനില്‍നിന്നും പാശുപതാസ്ത്രവും വാങ്ങിയ വീരനാണിദ്ദേഹം, ശ്രീകൃഷ്ണഭഗവാന്റെ സഖാവുമാണിദ്ദേഹം, എന്നെല്ലാമാണ് അവര്‍ പറയുന്നത്.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, അകലെ നോക്കികണ്ടിട്ട്) ‘കൈലാസശൃഗം പോലെ കാണുന്നതെന്താണ്?’ (അല്പംകൂടി അടുത്തുചെന്ന് കണ്ടിട്ട്) ‘ഓ! ഐരാവതമാണ്. പാലാഴിയുടെ പുത്രനായ നാല്‍ക്കൊമ്പനാന. അച്ഛനെ എടുത്തുനടക്കുന്ന സുകൃതിയായ അങ്ങയെ ഞാന്‍ വന്ദിക്കുന്നു.’ (തൊട്ടുതലയില്‍ വെയ്ച്ച്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, വീക്ഷിച്ച്) ‘അതാ കഴുത്തില്‍ കനകമാലകള്‍ അണിഞ്ഞ് ഉച്ചേശ്രവസ് നില്‍ക്കുന്നു. പാല്‍ക്കടലിന്റെ പുത്രനായ അശ്വശ്രേഷ്ഠാ, നമസ്ക്കാരം.’ (തൊട്ടു വന്ദിച്ച്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെയ്ച്ച്, വീക്ഷിച്ചിട്ട്) ‘അതാ ഒരു വെളുത്ത പശു അയവിറക്കിക്കൊണ്ട് നില്‍ക്കുന്നു. ആഗ്രഹങ്ങളെല്ലാം സാധിച്ചുതരുന്ന ദിവ്യശക്തിയുള്ള കാമധേനുവെന്ന പശുവാണിത്.’ (കാമധേനുവിനെ പ്രദക്ഷിണം വെയ്ച്ച്, തൊട്ടുനമസ്ക്കരിച്ച്, ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്, കുളുര്‍മ്മ നടിച്ച്) ‘സൌരഭ്യത്തോടുകൂടിയ തണുത്തകാറ്റ് വീശുന്നു. എവിടെ നിന്നാണ്?’ (നോക്കിയിട്ട്) ‘അതാ മുന്‍പില്‍ സ്വര്‍ഗംഗ കാണുന്നു. ഹംസങ്ങള്‍ പറന്നുവന്ന് ഇതിലെ പരിശുദ്ധജലത്തില്‍ ക്രീഡിച്ചുകൊണ്ടിരിക്കുന്നു. അവ സ്വര്‍ണ്ണത്താമരപൂക്കളില്‍ നിന്നും തേന്‍ കുടിക്കുന്നു. ഭഗീരധന്റെ പ്രയത്നത്താല്‍ ശ്രീപരമേശ്വരന്റെ ശിരസ്സില്‍ തട്ടി ഭൂമിയിലേക്ക് ഒഴുകിതുടങ്ങിയ പാവനയായ ഗംഗയാണിത്.’ (ഗംഗയിലിറങ്ങി ജലമെടുത്ത് ശിരസ്സിലും മുഖത്തും തളിച്ച് വന്ദിച്ച്, വീണ്ടും ‘അഡ്ഡിഡ്ഡിക്കിട’ വെയ്ച്ച്, ഇരുവശവും വീക്ഷിച്ച്) ‘അതാ നന്ദനോദ്യാനം കാണുന്നു. കാ‍റ്റില്‍ ഇളകുന്ന തളിരുകള്‍ എന്നെ മാടിവിളിക്കുന്നു.’ (ചുറ്റും നോക്കി, അത്ഭുതവും സുഖവും നടിച്ച്) ‘കല്‍പ്പകവൃക്ഷങ്ങള്‍ പൂത്തും തളിര്‍ത്തും നില്‍ക്കുന്നു. എന്തൊരു ശോഭ! മനോഹരമായ കുയില്‍നാദങ്ങള്‍ കേള്‍ക്കുന്നു. ഈ മഹാവൃക്ഷങ്ങളുടെ ചുറ്റും അനവധി സുന്ദരിമാര്‍ വന്നുകൂടിയിരിക്കുന്നു. ഇതാ ഒരുവള്‍’ (സ്ത്രീയായി നടിച്ച്) ‘കല്പകവൃക്ഷമേ, എനിക്ക് രത്നം പതിച്ച കര്‍ണ്ണാഭരണം തരിക’ (ആഭരണം വാങ്ങി പോകുന്നതായി നടിച്ചിട്ട്, മറ്റൊരു സ്ത്രീയായി നടിച്ച്) ‘കല്‍പ്പകവൃക്ഷമേ, എനിക്കൊരു സ്വര്‍ണ്ണപട്ട് തന്നാലും’ (ഇരുകൈകളും നീട്ടി വാങ്ങിപോകുന്നതായി നടിച്ചിട്ട്, വീണ്ടും മറ്റൊരുവളായി നടിച്ച്) ‘എനിക്കൊരു രത്നഹാരം തന്നാലും’ (വാങ്ങി പോകുന്നതായി നടിച്ചിട്ട്, അര്‍ജ്ജുനനായി) ‘ഹോ! ഇവ വാഞ്ചിതങ്ങളെല്ലാം നല്‍കുന്ന കല്പക വൃക്ഷങ്ങളാണ്.’ (‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടി, വീക്ഷിച്ചിട്ട്) ‘അതാ ഗന്ധര്‍വ്വന്മാര്‍ ഭാര്യാസമേതരായി വീണയും വാദ്യങ്ങളും വായിക്കുന്നു.’ (ഗന്ധര്‍വ്വന്മാരും ഭാര്യമാരുമായി നടിച്ച് വീണയും മൃദഗവും മറ്റും വായിക്കുന്നതായി അഭിനയിച്ചിട്ട്, വീണ്ടും വീക്ഷിച്ച്) ‘അതാ ചില ദേവസ്ത്രീകള്‍ നൃത്തംചെയ്യുന്നു. കേമം തന്നെ ഇനി മാളികമുകളില്‍ കയറിനിന്ന് കാണാം’

അര്‍ജ്ജുനന്‍ സ്വര്‍ഗ്ഗത്തെ വര്‍ണ്ണിക്കുന്ന ആട്ടം മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍ രചിച്ച

ആകീര്‍ണേ കല്പവാടീ കിസലയ കുസുമൈസ്തത്രസാര്‍ഥൈ രധസ്താത്
സിദ്ധാതാഞ്ചോപരിഷ്ടാന്നയന സുഖകരൈ സ്സംവദത്ദിര്‍വ്വിമാനൈ: 
പ്രസാദൈര്‍ന്നിര്‍ജരാണാം കനകമണിമയൈഗ്ഗോപുരോദ്യാനകേളീ
ശൈല പ്രകാരചിത്രൈര്‍വിലസതി പരിത ശ്ചൈഷ ഗീര്‍വ്വാണലോക:

എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്. എന്നാല്‍ നടന്മാരുടെ മനോധര്‍മ്മാനുസ്സരണം ഇതിലെ പലഭാഗങ്ങളും ചെറിയവിത്യാസങ്ങള്‍ വരുത്തികൊണ്ടും വിസ്തരിച്ചും അവതരിപ്പിക്കാറുണ്ട്.

അര്‍ജ്ജുനന്‍ ‘അഡ്ഡിഡ്ഡിക്കിട’ ചവുട്ടിയിട്ട്, വലതുവശത്ത് പീഠത്തില്‍ കേറില്‍ നിന്ന് ഇരുവശവും നോക്കികാണുന്നു. പെട്ടന്ന് ഭയങ്കരമായ ശബ്ദകോലാഹലങ്ങള്‍ കേട്ട് അര്‍ജ്ജുനന്‍ ചാടി താഴെയിറങ്ങി ശ്രദ്ധിക്കുന്നു.
അര്‍ജ്ജുനന്‍:‘പെരുമ്പറ, ശംഖ്, ആന, തേര്, കുതിര ഇവകളുടെ ശബ്ദം വര്‍ദ്ധിച്ച് കേള്‍ക്കുന്നു.’ (മുന്നില്‍ പലയിടത്തായി കണ്ട്) ‘ഇതാ അസ്ത്രശസ്ത്രങ്ങളേറ്റ് ഇന്ദ്രസൈന്യങ്ങളുടെ കരചരണാദി അംഗങ്ങള്‍ മുറിഞ്ഞു വീഴുന്നു.’ (കേട്ട്, ശ്രദ്ധിച്ച്) ‘ദേവസ്ത്രീകള്‍ ‘എന്നെ രക്ഷിക്കണേ’, ‘എന്നെ രക്ഷിക്കണേ’ എന്ന് നിലവിളിക്കുന്നു. കഷ്ടം! ദേവകള്‍ക്ക് ഇപ്രകാരം ആപത്ത് വന്നല്ലോ?’ (ഓര്‍ത്ത് കോപാവേശത്തോടെ) ‘ആകട്ടെ, ഇനി ദേവശത്രുക്കള്‍ ആരായാലും വേഗത്തില്‍ ചെന്ന് ജയിക്കുകതന്നെ.’
അര്‍ജ്ജുനന്‍ നാലാമിരട്ടികലാശിച്ച്, കാല്‍കുത്തിമാറി നിഷ്ക്രമിക്കുന്നു.

അര്‍ജ്ജുനന്‍ യുദ്ധകോലാഹലങ്ങളെ വര്‍ണ്ണിക്കുന്ന ഈ ആട്ടം മഹാകവി കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍ രചിച്ച
വര്‍ദ്ധന്തേ സിംഹനാദാ:പടഹ ദരഗജ സ്യന്ദനാശ്വാദിഘോഷൈ:
ദൃശ്യാന്യംഗാനി ശസ്ത്രപ്രഹരണപതിതാനീന്ദ്രസേനാചരാണാം
ശ്രൂയന്തേ ദീനദീനാ സ്ത്രിദശമൃഗദൃശാം പാഹിപാഹീതിവാച:
കോfയം ജാത പ്രമാദം സുരകുലമഖിലം ഹന്ത സംഭ്രാന്തമാസ്തെ” എന്ന ശ്ലോകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയിട്ടുള്ളതാണ്.

തിരശ്ശീല
മനോധർമ്മ ആട്ടങ്ങൾ: