പരമേശ പാഹി പാഹി മാം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പ്രിയതമയോടുമേവം യാത്രചൊല്ലീട്ടു പാർത്ഥൻ
ഭയമൊഴിയെ നടന്നാനുത്തരാശാം വിലോക്യ
സ്വയമിതി ഗിരികന്യാവല്ലഭം ഭക്തിപൂർവ്വം
ജയ ജയ പരമേശാ പാഹിമാമെന്നു ചൊല്ലി
 
പല്ലവി:
പരമേശ പാഹി പാഹി മാം സന്തതം സ്വാമിൻ
ഹര പുരനാശന ദൈവമേ
 
ചരണം1:
പരിതാപം വൈരിവീരർ ചെയ്യുന്നതെല്ലാം
പരിചിൽ കളഞ്ഞേറ്റം പരമകരുണയാൽ
പുരുഹൂതാനുജാദിഭുവന‌വന്ദ്യ, പോറ്റി !
 
ചരണം2:
ദുഷ്ടബുദ്ധികൾ നൂറ്റുവർ ദുഷ്ടരാം ധൃതരാഷ്ട്രപുത്രരാമവർകൾ
കഷ്ടം ഹാ ! ചതികാട്ടി ഞങ്ങളെയേവം നാട്ടിൽ നിന്നുടൻ
കാട്ടിൽ വാഴിച്ചു മട്ടലർശരനഷ്ടികര ഹര ജയ ജയ !
 
ചരണം 3
ചന്ദ്രശക്കലശേഖര, ചിന്തിതദാനസന്താനമഹീരുഹമേ !
സന്താപം വൈരികൃതമെന്തെല്ലാം സഹിക്കുന്നു?
 
ചരണം 4:
കൈലാസാചലവാസ ഹേ ശൈലജാകാന്ത, കാലാരേ കപാലപാണേ
മാലെല്ലാം തീർത്തു പരിപാലിച്ചുകൊള്ളേണമേ !
നീലലോഹിതനീലഗളതല ലീലയാഖിലലോകപാലക !
അർത്ഥം: 
ശ്ലോകം:- പ്രിയയായ ഭാര്യയോട് വിടവാങ്ങി അർജ്ജുനൻ വടക്ക് നോക്കി നടന്നു. എന്നിട്ട് പർവ്വതത്തിന്റെ മകളുടെ ഭർത്താവിനെ (പാർവ്വതിയുടെ ഭർത്താവായ ശിവനെ) ഭക്തിപൂർവ്വം നിരീച്ച് ജയ ജയ പരമേശ്വരാ, എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞു.
പദം:-പരമേശ്വരാ എന്നെ അല്ലയോ സ്വാമീ സംരക്ഷിക്കൂ. അല്ലയോ പുരനാശനാ, ദൈവമേ. ശത്രുക്കൾ ചെയ്യുന്ന സങ്കടങ്ങൾ എല്ലാം കളഞ്ഞ് കരുണയോടെ അല്ലയോ പരമേശ്വരാ, എന്നെ രക്ഷിക്കൂ. ദുഷ്ടബുദ്ധികളായ കൗരവർ നൂറുപേർ ചൂതിൽ ചതിച്ച്, നാട്ടിൽ നിന്ന് ഓടിച്ച് കാട്ടിൽ താമസിപ്പിച്ചു. സങ്കടങ്ങൾ എല്ലാം ശത്രുക്കൾ ഉണ്ടാക്കി. ഹേ കൈലാസപർവ്വതത്തിൽ ഇരിക്കുന്നവനേ, പരമേശ്വരാ, പാർവ്വതിയുടെ ഭർത്താവേ, കപാലം കൊണ്ട് നടക്കുന്നവനേ, ഞങ്ങളുടെ സങ്കടങ്ങൾ എല്ലാം തീർത്ത് ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ.
അരങ്ങുസവിശേഷതകൾ: 
പദശേഷം ആട്ടം-
അർജ്ജുനൻ സഞ്ചരിച്ച് ഹിമാലയത്തിൽ ഗംഗാതീരത്ത് എത്തിയതായി ഭാവിച്ച് ആ തപോഭൂമിയുടെ ഭംഗിയും പ്രത്യേകതയും കണ്ട് മനസ്സിലാക്കുന്നു. തപസ്സിന് ചേർന്ന സ്ഥലം തന്നെയിത് എന്നുറപ്പിക്കുന്ന അർജ്ജുനൻ തുടർന്ന് ഗംഗാസ്നാനം ചെയ്ത് ദേഹശുദ്ധിവരുത്തി, ഭസ്മലേപനം ചെയ്ത്, മരവുരിയും, ജടയും ധരിച്ച് തപസ്സ് ആരംഭിക്കുന്നു. അർജ്ജുനൻ അമ്പും വില്ലും ഇരുകൈകളിലുമായി ഏന്തി തലയ്ക്കുമുകളിലായി മുട്ടിച്ചുപിടിച്ച് രംഗമദ്ധ്യത്തിൽ ഒറ്റക്കാലിൽ നിന്നുകൊണ്ട് തപസ്സ് ചെയ്യുന്നു.
തപോഭൂമി കണ്ടെത്തിയാൽ നടന്റെ മനോധർമ്മം അനുസരിച്ച് ഗംഗോൽപ്പത്തിയും ശിഖിനിശലഭവവും ആടാറുണ്ട്. അവ ഇപ്രകാരമാണ്.
 
ഗംഗാനദി കാണുന്ന സമയത്ത് 'ഗംഗോൽപ്പത്തിയും', തപോഭൂമികാണുമ്പോൾ, ആജന്മശത്രുക്കളായ പാമ്പും കീരിയും ശത്രുതമറന്ന് കളിക്കുന്നതായും, മാൻകുട്ടികൾക്ക് പെൺപുലി മുലചുരത്തിക്കൊടുക്കുന്നതും, സിംഹവും ആനക്കുട്ടിയും കളിക്കുന്നതായും, ഹോമാഗ്നിയിൽ പതിക്കുന്ന ശലഭങ്ങൾ ചത്തുപോകാതെ രക്ഷപ്പെടുന്നതും('ശിഖിനിശലഭം'ആട്ടം)മറ്റും കാണുന്നതായ ആട്ടങ്ങൾ അവിടെ കാണുന്നതായി ആടാറുണ്ട്. 
 
ഗംഗോൽപ്പത്തി കഥ
സൂര്യവംശ രാജാവായിരുന്ന സഗരന്റെ യാഗാശ്വത്തെ ഒരിക്കൽ ഇന്ദ്രൻ മോഷ്ടിച്ച് പാതാളത്തിൽ തപസ്സുചെയ്തുകൊണ്ടിരുന്ന കപിലമഹർഷിയുടെ സമീപത്തിൽ കൊണ്ടുപോയി കെട്ടിയിട്ടു. സഗരന് സുമതിയെന്ന പത്നിയിൽ ജനിച്ചവരായ അറുപതിനായിരം പുത്രന്മാർ യാഗാശ്വത്തെ അന്വേഷിച്ച് പുറപ്പെട്ടു. പലയിടങ്ങളിലും അന്യൂഷിച്ച് പാതാളത്തിലെത്തിയപ്പോൾ കുതിരയെ കണ്ടുകിട്ടിയതിനാൽ സന്തോഷവാന്മാരായിതീർന്ന അവർ ആർത്തുവിളിച്ചു. തപസ്സ് ഭംഗപ്പെട്ട് ഉണർന്ന കപിലമഹർഷി അതിനുകാരണക്കാരായ സഗരപുത്രന്മാരെയെല്ലാം തന്റെ നേത്രാഗ്നിയാൽ ചുട്ടുചാമ്പലാക്കി. ഇവർക്ക് ശേഷക്രിയചെയ്യുവാനായി സഗരൻ തന്റെ മറ്റൊരു ഭാര്യയായ കേശിനിയിൽ പിറന്ന പുത്രനായ അസമഞ്ജസ്സിനെ ചുമതലപ്പെടുത്തി. എന്നാൽ അവർക്ക് സത്ഗതി നൽകുവാൻ അസമഞ്ജസ്സിനോ അദ്ദേഹത്തിന്റെ പുത്രനായ അംശുമാനോ സാധിച്ചില്ല. അതിനാൽ അംശുമാന്റെ പുത്രനായ ഭഗീരഥൻ തന്റെ പൂർവ്വികർക്ക് സത്ഗതിവരുത്തുവാനായി അക്ഷീണം പരിശ്രമിച്ചു. ഭഗീരഥൻ അനേകം വർഷങ്ങൾ സാഗരതീരത്ത് തപസ്സനുഷ്ടിച്ച് ഗംഗാദേവിയെ പ്രത്യക്ഷപ്പെടുത്തി, സ്വർഗ്ഗത്തിൽ നിന്നും താഴെ ഭൂമിയിലേയ്ക്ക് ഒഴുകി ഭസ്മാവശിഷ്ടരായിക്കിടക്കുന്ന തന്റെ പൂർവ്വികന്മാർക്കുമേൽ പതിച്ച് അവർക്ക് സത്ഗതിനലകണമെന്ന് ഗംഗാദേവിയോട് അപേക്ഷിച്ചു. തന്റെ ശക്തിയായ പ്രവാഹത്തെ താങ്ങാൻ ഭൂമിക്ക് സാധ്യമല്ലെന്നും, ശ്രീപരമേശ്വരൻ സമ്മതിക്കുന്നപക്ഷം അദ്ദേഹത്തിന്റെ ജടയിലേയ്ക്ക് ഞാൻ പ്രവഹിക്കാമെന്നും ഗംഗാദേവി അരുൾചെയ്തു. ഇതനുസ്സരിച്ച് ശിവനെ പ്രസാദിപ്പിക്കുന്നതിനായി ഭഗീരഥൻ കൈലാസപാർശ്വത്തിൽ ചെന്ന് ജടാവല്ക്കലധാരിയായി ശിവനെ തപം ചെയ്യാനാരംഭിച്ചു. അനേകവർഷങ്ങൾക്കുശേഷം ശിവൻ പ്രത്യക്ഷനായി ഭഗീരഥന്റെ ആഗ്രഹത്തെ നിവർത്തിക്കുവാൻ സമ്മതമറിയിച്ചു. അഹങ്കാരത്തോടെ ജടയിലേയ്ക്ക് പതിച്ച ഗംഗയെ ശിവൻ ജടയിൽ ഒതുക്കി. പുറത്തുവരാനാകാതെ അനേകവർഷങ്ങൾ ഗംഗാദേവി ജടയ്ക്കുള്ളിൽ കഴിഞ്ഞു. ഭഗീരഥൻ വീണ്ടും തപസ്സുചെയ്ത് ശ്രീപരമേശ്വരനെ പ്രസാദിപ്പിച്ച് ഗംഗയെ താഴേയ്ക്ക് ഒഴുക്കുവാൻ അപേക്ഷിച്ചു. അപ്പോൾ ശിവൻ ജട കുടഞ്ഞ് ഗംഗയെ പുറത്തുവിട്ടു. അങ്ങിനെ ഹിമാലയത്തിൽ പതിച്ച ഗംഗ അവിടെനിന്നും ഒഴുകി ക്രമേണ പാതാളത്തിലെത്തുകയും സഗരപുത്രന്മാർക്ക് സത്ഗതി നൽകുകയും ചെയ്തു. 
 
ശിഖിനിശലഭം
 
ശിഖിനി ശലഭോ ജ്വാലാചക്രൈർന വിക്രിയതേ പതൻ 
പിബതി ബഹുശഃ ശാർദ്ദൂലീനാം സ്തനം മൃഗശാബക:
സ്പൃശതി കളഭോ സൈംഹീം ദംഷ്ട്രാം മൃണാളധിയാ മുഹുർ-
നയതി നകുലം നിദ്രാതന്ദ്രീo  ലിഹന്നഹിപോതക:
 
(വൃത്തം:  ഹരിണി; ലക്ഷണം:  നസമ ഹരിണിക്കാറും പത്തും മുറിഞ്ഞു രസം ലഗം)
 
(അന്വയം: (നാല് പൂര്‍ണ്ണവാചകങ്ങള്‍):  ശിഖിനി പതൻ ശലഭ: ജ്വാലാചക്രൈ: ന വിക്രിയതേ;  മൃഗശാബക: ബഹുശഃ ശാർദ്ദൂലീനാം സ്തനം പിബതി; കളഭ: മൃണാളധിയാ സൈംഹീം ദംഷ്ട്രാം സ്പൃശതി;  അഹിപോതക: നകുലം   ലിഹൻ നിദ്രാതന്ദ്രീo
 
പദാനുപദം:  ശിഖാവത്തിൽ (അഗ്നിയിൽ) പതിച്ചതായിട്ടും  ശലഭം ജ്വാലാചക്രങ്ങളാൽ (തീജ്വാലകളാൽ) വിക്രിയനാകപെടുന്നില്ല  (മാറ്റം വരുത്തിയതാകപെടുന്നില്ല - നശിക്കുന്നില്ല).  മൃഗശാബകം (മാൻകിടാവ്) ധാരാളമായി (ആവശ്യം പോലെ) ശാർദ്ദൂലികളുടെ (പെൺപുലികളുടെ) സ്തനം പാനം ചെയ്യുന്നു.  കളഭം (ആനക്കുട്ടി) മൃണാളം എന്ന ബുദ്ധിയോടുകൂടി (താമര എന്ന് വിചാരിച്ച്) സിംഹീപരമായ (പെൺസിംഹത്തിന്റേതായ) ദംഷ്ട്രയെ  സ്പർശിക്കുന്നു.  അഹിപോതകം (പാമ്പിൻ കുട്ടി) നകുലത്തെ (കീരിയെ) ലിഹൻ ആയിക്കൊണ്ട് (നക്കിക്കൊണ്ട്) നിദ്രാതന്ദ്രിയിലേക്ക് (സുഖനിദ്രയിലേക്ക്) നയിക്കുന്നു (ഉറക്കുന്നു)
 
സുഭദ്രാധനഞ്ജയം ഒന്നാമങ്കത്തിൽ, ധനഞ്ജയൻ തീർത്ഥയാത്രാവസാനം ഗദൻ  പറഞ്ഞതനുസരിച്ച്, സുഭദ്രയിൽ അനുരക്തനായി, അവളെ കിട്ടുവാനുള്ള തിടുക്കത്തിൽ, സഹചാരിയായിരുന്ന കൗണ്ടിന്യനെ ബഹുദൂരം പുറകിലാക്കി, വേഗത്തിൽ നടക്കുന്നതിനിടെ പ്രഭാസതീർത്ഥത്തിലെ ഒരു ആശ്രമപരിസരത്ത് എത്തിയ മട്ടിലുള്ള വിസ്തരിച്ച പ്രവേശത്തിനിടെ, ആ ആശ്രമത്തിലെ പ്രശാന്തത കണ്ട് അനുഭവിക്കാൻ പാകത്തിനുള്ള മൂല നാടകത്തിൽ   തന്നെ എഴുതപ്പെട്ടതായ ധനഞ്ജയന്റെ ആത്മഗതം ആണ് പ്രതിപാദ്യം.  (ഒന്നാമങ്കം, ഇപ്പോഴത്തെ നിലയിൽ ഒന്നാം ദിവസം) 
 
മൂലത്തിലെ എന്ന് പറഞ്ഞുവെങ്കിലും, ഒരു കാര്യം കൗതുകകരമാണ്.  ധനഞ്ജയം നാടകത്തിലെ ഒട്ടു മിക്ക പദ്യങ്ങൾക്കും "വ്യoഗ്യവ്യാഖ്യാ) രൂപത്തിൽ "ധ്വനി" നാടകകർത്താവ് തന്നെ എഴുതിയിട്ടുണ്ടത്രെ.  (ധ്വനി:  ഗൂഢമായ വ്യാഖ്യാനം).  എന്നാൽ ഈ ശ്ലോകത്തിന് ധ്വനി എഴുതിയിട്ടില്ല.  ഡോക്ടർ കെ.ജി പൗലോസ് അഭിപ്രായപ്പെടുന്നു:
 
"The absence of dhwani can be cited as the reason for its omission.  Or, the elaboration of descriptive verses might be improvisation of actors at a later stage"
 
വ്യംഗ്യവ്യാഖ്യയിലെ ധ്വനിയുടെ ഒരു ഉദാഹരണം പ്രാസംഗികമായി  പറയാം.  ഒന്നാമങ്കത്തിൽ അർജ്ജുനനാൽ രക്ഷിക്കപ്പെട്ട കന്യക, പെട്ടെന്ന് അപ്രത്യക്ഷമാകുന്നു.  കൗണ്ടിന്യൻ, "അവൾ എങ്ങിനെ തിരോധാനം ചെയ്തു?" എന്ന മട്ടിലുള്ള ഒരു ചോദ്യമുണ്ട്.  അതിന് ധനഞ്ജയന്റെ ഉത്തരം ഇങ്ങിനെയാണ്‌:
 
"അന്തർഹിതേന കേന അപി അന്തർദ്ധാനം ഉപനീതയാ ഭവിതവ്യം"
 
("മറഞ്ഞിരുന്ന ആരാലെങ്കിലും അപ്രത്യക്ഷതയിലേക്ക് നയിക്കപ്പെട്ടവൾ ആയതായിരിക്കാം" - ഇതാണല്ലോ പ്രത്യക്ഷമായ അർഥം)
 
ഇതിന്റെ വ്യംഗ്യവ്യാഖ്യ ഇതാണ്:
 
"മറഞ്ഞിരുന്ന ഗരുഡനാൽ തന്നെ മറയ്ക്കപ്പെട്ടവൾ ആയിരിക്കും"
 
ഇവിടെ ക: എന്ന ശബ്ദത്തിന് ധ്വനി ഉണ്ട്.  പ്രത്യക്ഷാർത്ഥം "ആർ" എന്നതുകൊണ്ട്, കേന - ആരാൽ? എന്നാൽ  "ധ്വനൗ താർക്ഷ്യ:"  (ധ്വനികൊണ്ട് ഗരുഡൻ) എന്നാണ് വ്യാഖ്യാ.  അതുകൊണ്ട്, ഗരുഡനാൽ മറയ്ക്കപ്പെട്ടു എന്ന് വരുന്നു.  
(ശിഖിനിശലഭം-കടപ്പാട് ദിലീപ് കുമാർ, കൊടുങ്ങല്ലൂർ)
അനുബന്ധ വിവരം: 

"കൈലാസാചലവാസ ഹേ ശൈലജാകാന്ത, കാലാരേ കപാലപാണേ" ഈ വരികളിൽ കാലാരേ കമലപാണേ എന്നും പാഠഭേദമുണ്ട്. കെ പി എസ് മേനോന്റെ കഥകളിയാട്ടപ്രകാരം എന്നതിൽ അങ്ങിനെ ആണ്. ശിവൻ ഒരു കയ്യിൽ മാനിനെ പിടിച്ച് എന്നർത്ഥത്തിൽ ആകാം അത്. കമല എന്നതിനു താമര എന്നും മാൻ എന്നും അർത്ഥം ഉണ്ട്.

മനോധർമ്മ ആട്ടങ്ങൾ: