ബഹുചതിയാലേയീവണ്ണം ദ്യൂതേ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ദുശ്ശാസനാഹൃതമുഹു: പ്രവിരൂഢവസ്ത്രാ
ശ്രീവാസുദേവകരുണാമൃതപാത്രഭൂതാ
സാ ദ്രൌപദീ സദസി തത്ര സഹാനുജം തം
ദുര്യോധനം ശകുനി കര്‍ണ്ണയുതം ശശാപ

ബഹുചതിയാലേയീവണ്ണം ദ്യൂതേ
ഇഹ മമ കാന്തന്മാരെയുമധുനാ
സഹസാ‍ കിങ്കരരാക്കിയ ശകുനിയെ
സഹദേവന്‍ സമരത്തില്‍ ഹനിക്ക

കണ്ണതുകാട്ടിദ്ദുര്യോധനനെ
കണ്ഡൂയനമതുകൊണ്ടു മയക്കി
കർണ്ണത്തിൽ ചില കാര്യമ്പറയും
കർണ്ണനെയർജ്ജുനവീരൻ കൊൽക.

പാരവുമെന്നെയവമാനിച്ചൊരു
ഘോരനതാകിയ ദുശ്ശാസനനാം
ചോരന്തന്നുടെ മാറുപിളര്‍ന്നിഹ
ചോര കുടിക്കുക മാരുതിശൂരന്‍

ചാരവെ വന്നുടനൂരു ചൊറിഞ്ഞിഹ
സ്വൈരമിരുന്നൊരു ധീര സുയോധന
മാരുതിഘോരഗദാഹതിയാല്‍ നീ
ഊരുഞെരിഞ്ഞു രണത്തില്‍ മരിക്ക

 

അർത്ഥം: 

ശ്ലോകം:-ശ്രീവാസുദേവന്റെ കരുണാമൃതത്തിന് പാത്രീഭൂതയായതിനാല്‍ ദുശ്ശാസനന്‍ അപഹരിച്ചിട്ടും വീണ്ടും വസ്ത്രത്തോടുകൂടിയവളായ ദ്രൗപദി ആ സദസ്സില്‍ വെയ്ച്ച് അനുജനോടും ശകുനി, കര്‍ണ്ണന്‍, എന്നിവരോടും കൂടിയിരിക്കുന്ന ദുര്യോധനനെ ശപിച്ചു.

വളരെ ചതിചെയ്ത് ഈവണ്ണം ചൂതില്‍ എന്റെ കാന്തന്മാരെ ഇപ്പോള്‍ ഇവിടെ സാഹസത്തോടെ കിങ്കരന്മാരാക്കിയ ശകുനിയെ സഹദേവന്‍ യുദ്ധത്തില്‍ കൊല്ലുക.

കർണ്ണനെ അർജ്ജുനൻ വധിക്കുക.

ഏറ്റവും എന്നെ അപമാനിച്ച ഘോരനായ ദുശ്ശാസനന്‍ എന്ന കള്ളന്റെ മാറുപിളര്‍ന്ന് ശൂരനായ ഭീമന്‍ ചോരകുടിക്കുക

സമീപത്തുവന്ന് ഉടനെ ഊരുചൊറിഞ്ഞുകൊണ്ട് ഇവിടെ സ്വൈരമായി ഇരുന്ന ധീരനായ സുയോധനാ, യുദ്ധത്തില്‍ ഭീമന്റെ ഘോരമായ ഗദാപ്രഹരത്താല്‍ ഊരുഞെരിഞ്ഞ് നീ മരിക്കുക.

അരങ്ങുസവിശേഷതകൾ: 
ആദ്യം പാഞ്ചാലി ശകുനിയെ ശപിക്കുന്നു. ശകുനി പാഞ്ചാലിയെ പുച്ഛിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു. പാഞ്ചാലി അടുത്ത ചരണം ആടുന്നു.
പാഞ്ചാലി ദുശ്ശാസനനെ ശപിക്കുന്നു. ദുശ്ശാസനന്‍ പാഞ്ചാലിയെ പുച്ഛിച്ചുകൊണ്ട് നിഷ്ക്രമിക്കുന്നു. പാഞ്ചാലി അടുത്ത ചരണം ആടുന്നു.
പാഞ്ചാലി ദുര്യോധനനെ ശപിക്കുന്നു. ദുര്യോധനന്‍ പാഞ്ചാലീ ശാപം നിസ്സാരമായി കണക്കാക്കിക്കൊണ്ട് പാഞ്ചാലിയെ പുച്ഛിക്കുന്നു.