ജയ ജയ തപോധന
പുരോ ഹിതം മുനിമുപവിഷ്ടമാസനേ
പുരോഹിതം നിജമുപവേശ്യ ധര്‍മ്മജ:
പുരോഹിതപ്രകൃതിരനേന ഹിസ്തിനാല്‍
പുരോഹിതപ്രഹിതമുവാച സാഞ്ജലി:
പല്ലവി:
ജയ ജയ തപോധന മഹാത്മന്‍ സപദി
ജനനമയി സഫലയതി ജഗതി തവ ദര്‍ശ്ശനം
ചരണം1:
സാമ്പ്രതം സംഹരതി ദുരിതം പണ്ടു
സുകൃതിയെന്നതുമപിച നിയതം മേലില്‍
ശുഭമിതി ച സൂചയതി തവ ഖലു സമാഗമം
ചരണം 2:
ശങ്കരാംശോല്‍ഭൂത സുമതേ മമ ഹി
സങ്കടമകറ്റുവാനായി തേ പാദ-
പങ്കജം പ്രണമാമി കരുണാപയോധേ
പുരോ ഹിതം:
ദേശകാലങ്ങള്‍ക്കനിസൃതമായി പ്രവര്‍ത്തിക്കുന്ന സ്വഭാവിയായ ധര്‍മ്മപുത്രന്‍ തന്റെ പുരോഹിതനെ ഇരുത്തിയിട്ട്, ഹസ്തിനപുരിയില്‍ നിന്നും ദുര്യോധനന്‍ പറഞ്ഞയച്ചതു പ്രകാരം വന്നവനും, തന്റെ മുന്നിലിരിക്കുന്നവനുമായ ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴുതുകൊണ്ട് പറഞ്ഞു.
ജയ ജയ തപോധന:
മഹര്‍ഷേ,മഹാത്മാവേ,വിജയിച്ചാലും, വിജയിച്ചാലും. അവിടുത്തെ ദര്‍ശ്ശനത്താല്‍ എന്റെ ജന്മം പെട്ടന്ന് സഫലമായിരിക്കുന്നു. ദുരിതവും ഇപ്പോള്‍ നശിക്കുന്നു. കൂടാതെ പണ്ടേ സുകൃതിയാണെന്നും തീര്‍ച്ചയായി. അങ്ങയുടെ സമാഗമം മേലില്‍ ശുഭസൂചകമാകുന്നു. ശിവാംശമായി പിറന്നവനേ, പരിശുദ്ധഹൃദയാ, എന്റെ സങ്കടമകറ്റുവാനായി ഞാന്‍ കരുണാസമുദ്രമായ അവിടുത്തെ പാദപങ്കജങ്ങളില്‍ പ്രണമിക്കുന്നു.
ശ്ലോകംചൊല്ലുന്നതോടെ ദുര്‍വ്വാസാവും ധര്‍മ്മപുത്രനും പരസ്പരം കാണുന്നു. ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് ഭക്ത്യാദരപൂര്‍വ്വം മഹര്‍ഷിയെ വലതുവശത്തേക്കാനയിച്ച് ഇരുത്തുന്നു. തുടര്‍ന്ന് ധര്‍മ്മപുത്രന്‍ കെട്ടിച്ചാടി കുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.