ഹരഹര ശിവ ശിവ പിരിയാനോ ദുരിയോധനാ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഹര ഹര ! ശിവ ശിവ ! പിരിയാനോ ദുരിയോധനാ ! നിന്‍ നിര്‍ദ്ദേശം ?
കര്‍ണ്ണന്‍ നന്ദിയെഴാത്തവനോ ? നിര്‍ണ്ണയമതുതാനിന്നര്‍ത്ഥം
ഇക്ഷണമിതിനിഹ ശിക്ഷതരേണം പക്ഷേ സ്നേഹം തടയുന്നൂ
പെരിയൊരു പാപത്തിന്‍ ഫലദുരിതം ഹന്ത ഭുജിപ്പൂ ഞാന്‍
മരണം ശരണം , ഛേദിപ്പന്‍ കരവാളാലെന്‍ ഗളനാളം !
അരങ്ങുസവിശേഷതകൾ:
കര്‍ണ്ണന്‍ കരവാളം വലിച്ചൂരി ഗളനാളഛേദനത്തിന് മുതിരുന്നു. ദുര്യോധനന്‍ ഓടിച്ചെന്ന്‍ കൈ പിടിച്ച് വാള്‍ വാങ്ങുന്നു. ഭാനുമതി ഭയചകിതയായി നോക്കി നില്‍ക്കുന്നു.
ദുര്യോധനന്‍ : "കര്‍ണ്ണാ, എന്തു സാഹസമാണിത്? നീ കൃതഘ്നന്‍ എന്ന്‍ ഞാന്‍ ജീവന്‍ പോയാല്‍ കൂടി വിചാരിക്കുമോ ? വെറും തെറ്റിദ്ധാരണ. നിന്‍റെ മനശ്ശാന്തി മാത്രമാണ് എന്‍റെ ലക്‌ഷ്യം. ആ ലക്‌ഷ്യം ലാക്കാക്കി മാത്രം ഞാന്‍ പറഞ്ഞതാണ്. ഇതു സത്യം. എന്നെ വിശ്വസിക്കൂ . വിശ്വാസമില്ലേ ?" ( ഭാനുമതിയോട് ) "എന്നാല്‍ നീ പറഞ്ഞു കൊടുക്കൂ . നിന്നെ കര്‍ണ്ണന്‍ ഒരിക്കലും അവിശ്വസിക്കില്ല. അതെനിക്ക് തീര്‍ച്ചയുണ്ട്".
ഭാനുമതി : "കര്‍ണ്ണാ , എന്‍റെ പ്രിയതമന്‍ പറഞ്ഞത് അക്ഷരം പ്രതി ശരി ആണ്. അദ്ദേഹത്തിന് സ്വപ്നത്തില്‍ പോലും അങ്ങയോട് നീരസം തോന്നിയിട്ടില്ല. അതിന് സാക്ഷി ഈ ഞാന്‍ തന്നെ. സഹോദരിയുടെ സ്നേഹത്തോടും അവകാശത്തോടും കൂടി ഞാന്‍ അപേക്ഷിക്കുന്നു. അങ്ങ് തെറ്റിദ്ധരിക്കരുതെന്ന്".
കര്‍ണ്ണന്‍ : ( ശാന്തനായിക്കൊണ്ട് ) "ഭവതിയുടെ മഹത്വവും ഔദാര്യവും എന്‍റെ അനര്‍ഘസമ്പാദ്യങ്ങളാണ്. ഭവതി എന്ത് പറഞ്ഞാലും ഞാന്‍ വിശ്വസിക്കാം".
ദുശ്ശാസനന്‍ : ( ദുര്യോധനനോട് ) "ജ്യേഷ്ഠാ, ഞാന്‍ കര്‍ണ്ണന്‍റെ മാഹാത്മ്യം മനസ്സിലാക്കാതെ ദുഷിച്ചുപോയി. മാപ്പ് തരണം".
ദുര്യോധനന്‍ : "ഞാനല്ല നിനക്ക് മാപ്പ് തരേണ്ടത്. കര്‍ണ്ണനാണ്. നീ അവനോട് ക്ഷമായാചനം ചെയ്യ്. യഥാര്‍ത്ഥ സ്നേഹം എന്തെന്ന് മനസ്സിലാക്കുകയും ചെയ്യ്" .
ദുശ്ശാസനന്‍ : ( കര്‍ണ്ണനോട് ) : "അങ്ങ് എന്‍റെ ജ്യേഷ്ഠന് എതിരായി പാണ്ടവപക്ഷത്ത് ചേരുമെന്ന് തെറ്റിദ്ധരിച്ചു. അങ്ങയുടെ മാഹാത്മ്യം ഇപ്പോള്‍ എനിക്ക് മനസ്സിലായി. മാപ്പരുളണം"
കര്‍ണ്ണന്‍ : "സര്‍വ്വവും ക്ഷമിച്ചിരിക്കുന്നു. സ്നേഹത്തെക്കാള്‍ വിലപ്പെട്ട ഒന്ന്‍ മൂന്നു ലോകങ്ങളിലും ഇല്ല. അത് മറക്കരുത്". ( ദുര്യോധനനോട് ) "പ്രിയ സുഹൃത്തേ, അവസാനമായി ഞാന്‍ ഒന്ന് പറയട്ടെ" :