ഘോരമാം നമ്മുടെ കാട്ടില്‍

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

സുപ്തേഷു തത്ര പവനാത്മജബാഹുവീര്യ-
ഗുപ്തേഷു തേഷു യമസൂനുയമാദികേഷു
മര്‍ത്ത്യാനവേത്യ സഹസോപഗതോ ഹിഡിംബ:
ക്രുദ്ധ: സ്വസാരമിദമാഹ തദാ ഹിഡിംബിം

പല്ലവി:
ഘോരമാം നമ്മുടെ കാട്ടില്‍ ആരേയും പേടികൂടാതെ
ആരിവിടെ വന്നതെന്നു പാരാതെ പോയറിക നീ

ചരണം 1
മര്‍ത്ത്യന്മാരുണ്ടീവനത്തില്‍ പ്രാപ്തരായിട്ടെന്നു നൂനം
തൃപ്തിവരുവോളം നല്ല രക്തപാനം ചെയ്യാമല്ലോ

ചരണം 2
(രണ്ടാം കാലം)
ചോരകൊണ്ടെനിക്കിപ്പോഴെ പാരണ ചെയ്‌വാന്‍ വൈകുന്നു
വാരണഗാമിനി ചെറ്റും പാരാതെ പോയ്‌വന്നാലും നീ

 

അർത്ഥം: 

ശ്ലോകം
ഭീമസേനന്റെ ബാഹുബലത്തില്‍ ആശ്വാസം കൊണ്ടു യുധിഷ്ഠിരന്‍ മുതലായവര്‍ ഉറക്കം പൂണ്ടപ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന ഹിഡിംബന്‍ ഈ മര്‍ത്ത്യര്‍ ആരെന്നറിയാഞ്ഞു ക്രോധത്തോടെ സ്വന്തം സഹോദരിയായ ഹിഡിംബിയോട് ഇപ്രകാരം പറഞ്ഞു. 

പദം
ഘോരമായ നമ്മുടെ ഈ കാട്ടില്‍ ആരെയും പേടിക്കാതെ വന്ന ഇവര്‍ ആരെല്ലാമാണെന്ന് നീ പോയി അറിഞ്ഞാലും. ഈ കാട്ടില്‍ മനുഷ്യര്‍ വന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.(നമുക്ക്)  മതിയാവോളം ചോര കുടിക്കാമല്ലോ. ചോരകൊണ്ട് എനിക്ക് ഇപ്പോള്‍ത്തന്നെ പ്രാതല്‍ കഴിക്കാന്‍ വൈകിയിരിക്കുന്നു.
അല്ലയോ സുന്ദരീ നീ താമസിയാതെ പോയി വന്നാലും. 

മനോധർമ്മ ആട്ടങ്ങൾ: