വാക്കുകൊണ്ടു ജയിപ്പതിന്നുടനാർക്കു
വാക്കുകൊണ്ടു ജയിപ്പതിന്നുടനാർക്കു ദണ്ഡമഹോ ഭവാൻ
പോർക്കു നേരിടുകാശു വിക്രമമാഹവത്തിലറിഞ്ഞിടാം.
വാക്കുകൊണ്ടു ജയിപ്പതിന്നുടനാർക്കു ദണ്ഡമഹോ ഭവാൻ
പോർക്കു നേരിടുകാശു വിക്രമമാഹവത്തിലറിഞ്ഞിടാം.
പംക്തികണ്ഠനതീവ ദുർബലനെത്രയും ബഹു കശ്മലൻ
പണ്ടു ജാനകി ദേവിയെബ്ബത കട്ടുകൊണ്ടവനല്ലയോ?
പാടവം പ്രകടിപ്പതിന്നതി വീരനിക്കപികുഞ്ജരൻ
താഡനത്തിനടുക്കുമപ്പൊഴുതാശു ധാവതി നിശ്ചയം
മങ്കമാരൊടു ചേർന്നു മദ്യമഹോ കുടിച്ചു മദിച്ചു നീ
ശങ്കിയാതെ നിഷിദ്ധവാക്കുരചെയ്തതെത്രയുമത്ഭുതം
പംക്തികണ്ഠ കപോലജാലമടിച്ചുടച്ചൊരു വീരനോ-
ടെന്തു നീ പറയുന്നു? താർക്ഷ്യനൊടീച്ചയെന്ന കണക്കിനെa
താഡനം മുസലേന മൂർദ്ധ്നിപതിയ്ക്കുമപ്പൊഴുതെന്നിയെ
മൂഢവാനര നിന്റെ ഗർവമടങ്ങുകില്ലൊരു നാളുമേ.
കണ്ടു നിന്നുടെ പൗരുഷങ്ങളതൊക്കെയും ബഹുദുർമ്മതേ
കണ്ഠമാശു മുറിപ്പനെന്നുടെ കൂർത്തുമൂർത്ത ശരങ്ങളാൽ
രാക്ഷസാന്തകനേഷ ഞാൻ വിവിദൻ മഹാരണ കർക്കശൻ
മൂർഖ നിന്നെയടുത്തു കണ്ടതു ഭാഗ്യമെന്നുടെ കേവലം
ശക്തനാം നരകാസുരം ബത നഷ്ടമാക്കിയതിന്നു ഞാൻ
മസ്തകം പൊടിയാക്കുവൻ യുധി ഘോരമൽക്കര താഡനാൽ.
ശ്ലോകം:
ഇതി കപികുലവീരൻ ഘോരഹുംകാരനാദൈ-
രതിവിപുലശരീരൻ കാനനാന്തം മുഴക്കി
അടൽ കരുതിയണഞ്ഞൂ നാരിമാരെപ്പിടിപ്പാൻ
തുടരുമളവുകോപാൽ കാമപാലോ ബഭാഷേ.
പദം:
നിൽക്ക നിൽക്കട മർക്കടാധമ കാൽക്ഷണം മമ മുന്നിൽ നീ
പോക്കുവൻ തവ ജീവിതം മമ വജ്രമുഷ്ടികളാലെടാ
ഉഗ്രനാം നരകാരി തന്നുടെയഗ്രജൻ ബലനേഷ ഞാൻ
ശക്തനെന്നു ധരിക്ക മർക്കടമൂഢകീട ശിഖാമണേ
പുഷ്കരാക്ഷികളോടു ഭീഷണി നന്നുനന്നിഹ ദുർമ്മതേ
മുഷ്കരം മുസലായുധം മമ കാൺക ശത്രു വിമർദ്ദനം.
ശ്ലോകം
ഇത്ഥം നീലാംബരൻ തൻ രമണികളോടൊത്തുടൻ രൈവതത്തിൽ
പ്രീത്യാമദ്യം സുപീത്വാ സുഖതരമവിടെ ക്രീഡചെയ്യും ദശായാം
അത്രാസീദ്വാനരേന്ദ്രൻ നരകനുടെ സഖാ തദ്വധാമർഷശാലീ
മത്താത്മാ വീക്ഷ്യരാമം വിവിദനതിഖലൻ ചിന്തചെയ്താനിവണ്ണം
പദം
പത്നി 1
കാന്താ കാരുണ്യമൂർത്തേ! കമനീയഗാത്ര!
കാന്താ കാരുണ്യമൂർത്തേ!
പത്നി 2
കാന്തമാരാകും ഞങ്ങൾ കാന്താരെ ലീല ചെയ് വാൻ
ഹന്ത പലനാളുണ്ടിതാഗ്രഹിക്കുന്നു നാഥാ.
ഒന്നിച്ച്
നിന്തിരുമേനി ചേർത്തു സന്തതം പുണരുവാൻ
സംഗതി വരികയാൽ സഫലം ഞങ്ങടെ ജന്മം.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.