തിരുവല്ല ഗോപിക്കുട്ടൻ നായരുമായി അഭിമുഖം

Thiruvalla Gopikkuttan Nair

പ്രശസ്ത കഥകളിസംഗീതജ്ഞനായ തിരുവല്ല ഗോപിക്കുട്ടൻ നായരുമായി ഡോ. ഏവൂർ മോഹൻദാസ് നടത്തുന്ന അഭിമുഖം.

ചോദ്യം: നമസ്ക്കാരം. താങ്കൾ ഒരു കഥകളിഗായകനായ വഴി ഒന്ന് ചുരുക്കി പറയാമോ?

ഉത്തരം: ഞാന്‍ ആദ്യം കഥകളി നടനായിരുന്നു. കണ്ണഞ്ചിറ രാമന്‍പിള്ള ആശാനില്‍ നിന്നും കഥകളി അഭ്യസിച്ചു. രാമന്‍പിള്ള ആശാന്റെ ഹനുമാന് കിങ്കരനായും ചെന്നിത്തലയുടെ ശ്രീരാമന്റെ കൂടെ ലക്ഷ്മണനായും മടവൂരിന്റെ കൂടെ സ്ത്രീവേഷമായുമൊക്കെ വേഷമിട്ടു. മൂന്നു നാലു വര്‍ഷങ്ങള്‍ അങ്ങിനെ കഴിഞ്ഞു. ഞാന്‍ നല്ലതുപോലെ പാടുമായിരുന്നു. തിരുവല്ലയില്‍ സ്കൂള്‍യുവജനോത്സവമേളയില്‍ ഞാന്‍ പാടുന്നത്  പ്രസിദ്ധ കഥകളി സംഗീതജ്ഞൻ തിരുവല്ല ചെല്ലപ്പന്‍ പിള്ളയാശാന്‍ (ഇറവങ്കര ഉണ്ണിത്താന്മാരുടെ സഹഗായകൻ) കേട്ടിട്ട് എന്നെ കഥകളി സംഗീതം പഠിപ്പിക്കണമെന്ന് അച്ഛനോട് പറഞ്ഞു. കഥകളി പാട്ട് പഠിക്കണം എന്ന് എനിക്കും മോഹമുണ്ടായിരുന്നു. ചെല്ലപ്പന്‍പിള്ളയാശാനിൽ  നിന്നും പാട്ടു പഠിച്ചാണ് ഞാന്‍ അരങ്ങില്‍ പാട്ടുകാരനായത്. അതിനുശേഷം എട്ടൊമ്പത് വർഷം നീലമ്പേരൂർ കുട്ടപ്പപ്പണിക്കരോടൊപ്പം പാട്ട് പഠിക്കയും പാടുകയും ചെയ്തു.എന്റെ പാട്ടിനു ഇറവങ്കര നീലകണ്ഠന്‍ ഉണ്ണിത്താന്റെ പാട്ടിന്റെ ശീലമുണ്ടെന്നു പല മഹാനടന്മാരും പറഞ്ഞു കേള്‍ക്കുമ്പോള്‍ ഞാന്‍ അഭിമാനം കൊള്ളുമായിരുന്നു.

ചോദ്യം: തെക്കന്‍ ചിട്ടയിലും വടക്കന്‍ ചിട്ടയിലും പാട്ടിനു എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടോ?

ഉത്തരം: വടക്കരുടെ പാട്ടില്‍ അവരുടെ ഭാഷ ഉച്ചരിക്കുന്ന രീതിയുടെ  സ്വാധീനം ഉണ്ട്. ഉച്ചാരണ ശുദ്ധിയില്ല. തിരുവിതാംകൂര്‍ ഭാഷയാണ്‌ ശുദ്ധമലയാളം. ഇവിടുത്തെ പാട്ടില്‍ അക്ഷരങ്ങള്‍ തെളിച്ച് ശുദ്ധിയോടെയാണ് പാടുന്നത്.

ചോദ്യം: വടക്കൻ ചിട്ടയിലെ ഗായകര്‍ ഇവിടെ വന്നു പാടി തുടങ്ങിയത് മുതല്‍ തെക്കന്‍ചിട്ടയിലെ പാട്ടിന്റെ രീതിക്കും ആട്ടത്തിനും മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?

ഉത്തരം: ഉണ്ട്. ധാരാളം വ്യത്യാസങ്ങൾ സംഭവിച്ചിട്ടുണ്ട്. തെക്കന്‍ ചിട്ടയിലെ പാട്ടിന്റെ ബലം അതിന്റെ അക്ഷര ശുദ്ധിയും സോപാന സമ്പ്രദായത്തിലുള്ള ആലാപനരീതിയുമായിരുന്നു. വടക്കൻ പാട്ടിൽ, പ്രത്യേകിച്ച് കലാമണ്ഡലക്കാരുടെ പാട്ടിൽ, കർണ്ണാടക സംഗീതത്തിന്റെ അതിപ്രസരം ഉണ്ട്. അത് കേൾക്കാൻ  ഇമ്പമുള്ളതാണ്. പക്ഷെ കഥകളി സംഗീതം പ്രധാനമായും കേൾക്കാനുള്ളതല്ല,  നടന് ആടാനുള്ളതാണ്. നടന്റെ ഭാവത്തെ പൊലിപ്പിക്കുകയാണ് കഥകളിപ്പദാലാപനത്തിന്റെ പ്രഥമ ധർമ്മം. പക്ഷെ ഇന്ന് കഥകളിപ്പദം എങ്ങിനെ വേണമെങ്കിലും പാടാം എന്നായി. പല അബദ്ധങ്ങളും പാട്ടില്‍ കടന്നു കൂടിയിട്ടുണ്ട്.

ഇനി മറ്റൊരു കാര്യം പറയാനുള്ളത് മേളക്കാരെക്കൊണ്ടുള്ള ശല്യമാണ്. വടക്കരുടെ ആട്ടത്തിൽ ഇതൽപ്പം കൂടുതലാണ്. മദ്ദളക്കാരാണ് കൂടുതല്‍ ശല്യം ഉണ്ടാക്കുന്നത്‌. ശ്രുതിപോലും കേള്‍ക്കാന്‍ സമ്മതിക്കാത്ത വിധത്തിലാണ് ശബ്ദശല്യം. അരങ്ങിൽ കഥകളിയെ നയിക്കേണ്ട പാട്ട് മേളബഹളങ്ങൾ കാരണം കഷ്ടപ്പെടുമ്പോൾ അത് ബാധിക്കുന്നത് നടന്റെ ആട്ടത്തെയാണ്. വളരെ കൂലങ്കഷമായി കഥകളി കാണുന്നവരുടെ കാര്യമാണേ ഞാൻ ഈ പറഞ്ഞതെല്ലാം. അല്ലാത്തവർക്ക് പാട്ടും മേളവും എല്ലാം കൂടിയുള്ള ഇപ്പഴത്തെ ബഹളമാണിഷ്ടം. അതിനു തെക്കന്നും വടക്കെന്നുമുള്ള വ്യത്യാസമൊന്നും ഇല്ല.

ചോദ്യം: ഇപ്പറഞ്ഞതൊന്നു കൂടി വിശദമാക്കാമോ?

ഓഹോ? ഒരുദാഹരണം പറയാം. മഹാനുഭാവന്മാരായ വെങ്കിച്ചന്‍ സ്വാമിയും ഇറവങ്കര നീലകണ്ഠന്‍ ഉണ്ണിത്താനും കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശനും തിരുവനന്തപുരത്തു കൊട്ടാരം കളിക്ക് പങ്കെടുക്കുന്നു. കോട്ടയം കഥകളും നളചരിതവും മാറിമാറിയാണ് പത്തു ദിവസം അവതരിപ്പിക്കുക. ആദ്യ ദിവസം വെങ്കിച്ചന്‍ സ്വാമി കിർമ്മീരവധം പാടി. രണ്ടാം ദിവസം നീലകണ്ഠന്‍ ഉണ്ണിത്താന്‍ 'നളനരവരനേവം ഭൂതലം കാത്തു വാഴും' എന്ന്  പാടിക്കഴിഞ്ഞപ്പോള്‍ സദസ്യര്‍ ചോദിച്ചത്രെ 'കഥകളി പാട്ടില്‍ അക്ഷരങ്ങള്‍ ഉണ്ടോ' എന്ന്. അത്ര അക്ഷരശുദ്ധിയായിരുന്നു. എന്നോടിത് പറഞ്ഞത്  തകഴി കുട്ടന്‍പിള്ളചേട്ടനാണ്. നളചരിതം നാല് ദിവസങ്ങളും ഉണ്ണിത്താന്‍ പാടിയാല്‍ മതിയെന്ന് സംഘാടകര്‍ നിര്‍ദ്ദേശിച്ചത്രേ. ഇതൊക്കെ ഇപ്പോ ആരോടെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കുമോ?

ചോദ്യം: ചേര്‍ത്തല കുട്ടപ്പക്കുറുപ്പിന്റെ കഥകളി ആലാപനം കേട്ടിട്ടു നാദസ്വരവിദ്വാൻ രാജരത്തിനം പിള്ളൈ  സ്റ്റേജിൽ കയറി അദ്ദേഹത്തെ കെട്ടിപ്പിടിച്ചു 'നീ താൻ മലയാളി' എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. എന്തായിരുന്നു അദ്ദേഹത്തിൻറെ പാട്ടിന്റെ പ്രത്യേകത?

ഉത്തരം: ഇന്നേവരെ ഉണ്ടായിട്ടുള്ള കഥകളിഗായകരിൽ ഗാനചക്രവര്‍ത്തി എന്ന പട്ടം ഒരാള്‍ക്കേ ചേരൂ, ചേര്‍ത്തല കുട്ടപ്പക്കുറുപ്പിന്. അദ്ദേഹത്തിന്റെ പാട്ടിനെ പറഞ്ഞു ഫലിപ്പിക്കുവാന്‍ കഴിയില്ല. അത് കേട്ടനുഭവിക്കുവാനുള്ളതാണ്. 'വിജനേ ബത' അദ്ദേഹം പാടിയപ്പോള്‍ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ  ഊട്ടുപുര വിറച്ചു എന്നാണു കാണികള്‍ പറഞ്ഞത്. വേണ്ടിടത്ത് ഭാവം കൊടുത്തും കഥകളി ഗാനത്തില്‍ അതുവരെ ആരും ശീലിച്ചിട്ടില്ലാത്തതുമൊക്കെയായ സംഗതികളാണ് ആ തൊണ്ടയില്‍ നിന്നും വന്നിരുന്നത്. വിശ്വസിക്കുവാന്‍ കഴിയാതെ പലപ്പോഴും നോക്കിയിരുന്നു പോയിട്ടുണ്ട്.

നമ്പീശനാശാനും എനിക്ക് അങ്ങേയറ്റം ബഹുമാനമുള്ള ഗുരുനാഥന്‍ തന്നെ. പക്ഷെ ഇറവങ്കര ഉണ്ണിത്താനും നമ്പീശനും ഇല്ലാത്ത എന്തൊക്കെയോ ദൈവീകസിദ്ധികളുള്ള  ഒരപൂര്‍വഗായകനായിരുന്നു കുട്ടപ്പക്കുറുപ്പ്.

ഒരിക്കല്‍ തിരുവല്ലയിൽ നീലകണ്ഠന്‍ ഉണ്ണിത്താന്‍ പൊന്നാനിയും കുട്ടപ്പക്കുറുപ്പ് ശിങ്കിടിയും. കല്യാണി പാടി ഒരു പിടി പിടിച്ചു കുട്ടപ്പക്കുറുപ്പ്. കയ്യടിയോടെ കയ്യടി. സദസ്സില്‍ നിന്നൊരാള്‍ എഴുന്നേറ്റു വന്ന്‌ ഒരു പുളിയിലക്കരയന്‍ തോര്‍ത്തെടുത്ത് കുറുപ്പിന്റെ തോളിലിട്ടു. ഉണ്ണിത്താന്‍ ചേങ്കില താഴെവെച്ച് ദേക്ഷ്യത്തോടെ ഇറങ്ങിപ്പോയി. കമ്മറ്റിക്കാര്‍ ആ രാത്രിയില്‍ ഒരു കടയുടമയുടെ വീട്ടില്‍ പോയി കട തുറപ്പിച്ചു അതുപോലൊരു തോര്‍ത്ത് വാങ്ങി അദ്ദേഹത്തിനിട്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ച് പാടിപ്പിക്കേണ്ടി വന്നു. കളി ഗംഭീരമാവുകയും ചെയ്തു. അതാണ്‌ കുട്ടപ്പക്കുറുപ്പ്. കഥകളി പദക്കച്ചേരി ആദ്യം തുടങ്ങിയത് ചേര്‍ത്തല കുട്ടപ്പക്കുറുപ്പാണ്. ഞാന്‍ അത് കേട്ടിട്ടുണ്ട്.

ചോദ്യം: സാഹിത്യത്തില്‍ കാണുന്ന പോലെയല്ലാതെ നടന്റെ   ആട്ടത്തിനനുസരിച്ച് പാടുന്ന ഒരു രീതി ഇപ്പോൾ കാണാറുണ്ട്‌.. ഉദാഹരണത്തിന് ഗോപിയാശാന്റെ  നളനു " ഉചിതം ഉചിതം ഉചി"  എന്ന് പാടുന്നത്. അതുപോലെ 'ഉന്നത തപോനിധേ' പോലുള്ള ഭാഗങ്ങളിലെ 'ഉന്നത' ഭാവം കൊടുക്കൽ. എങ്ങിനെ കാണുന്നൂ ഈ പുതിയ രീതികളെ?

ഉത്തരം: ഇതെല്ലാം ശുദ്ധ അസംബന്ധമാണ്. ഉണ്ണായി വാര്യര്‍ 'ഉചി' എന്നെഴുതിയിട്ടില്ല. ഉചിതം എന്നാണ് എഴുതിയിട്ടുള്ളത്. പിന്നെ ഇവര്‍ക്കൊക്കെ ആരാ ഇങ്ങിനെ പാടാന്‍ സ്വാതന്ത്ര്യം കൊടുക്കുന്നത്? ആട്ടക്കഥാസാഹിത്യത്തിലുള്ളത്‌ അക്ഷര ശുദ്ധിയോടെ വ്യക്തമായി പാടുകയാണ് വേണ്ടത്. നടനെ സുഖിപ്പിക്കുന്ന വിധത്തില്‍ പദങ്ങള്‍  മാറ്റി പാടി തുടങ്ങിയത് ഹൈദരാലി ആയിരുന്നു. കഥകളി പാട്ടിലെ നല്ല ഗായകനായിരുന്നു ഹൈദരാലി. അത് പറഞ്ഞേ ഒക്കൂ. പക്ഷെ അങ്ങേരു തുടങ്ങി വെച്ചിട്ടുള്ള അസംബന്ധങ്ങളിലൊന്നിതാണ്-നടനു വേണ്ടി പാട്ടിനെ മാറ്റി കൊടുക്കുക. വലിയ തെറ്റാണ് അയാൾ ചെയ്തത്. ഇപ്പോള്‍ ആ കീഴ്വഴക്കം ഏതാണ്ട് ഉറച്ചു കഴിഞ്ഞിരിക്കകയാണ്.  കഥകളി സംഗീതം മാറി പോവുകയാണ്. കഷ്ടമെന്നല്ലാതെ എന്ത് പറയാന്‍?

ഔചിത്യബോധമില്ലായ്മയാണ് പാട്ടുകാരന്റെ അടുത്ത പ്രശ്നം. 'അതിദാരുണ മരണ'മാണ്, മാരണം അല്ല. മാരണം എന്നാല്‍ കൂടോത്രം എന്നാണു. ദമയന്തിക്കാരും കൂടോത്രം ചെയ്തിട്ടില്ല. അച്ചടി പിശക് കൊണ്ട് ആരെങ്കിലും അങ്ങിനെ പാടിക്കാണും. പക്ഷെ ഒരു കഥകളി പാട്ടുകാരന്‍, താന്‍ പാടുന്ന സാഹിത്യത്തിന്റെ ഔചിത്യമെന്തെന്ന് ഒന്ന് ചിന്തിക്കേണ്ടേ? പുതിയ വിവരദോഷം, ഒരു വട്ടം 'മാരണം' എന്നും അടുത്ത വട്ടം 'മരണം' എന്നും  മാറ്റിമാറ്റി പാടുന്നതാണ്. കേൾവിക്കാരൻ ഇഷ്ടമുള്ളതെടുത്തോട്ടെ! എങ്ങിനെയുണ്ട് കഥ? വാക്കുകളെ മുറിച്ചു പാടുന്നതാണ് അടുത്ത അബദ്ധം. 'ഭഗവൻ നാരദ' പാടുന്നത് 'ഭഗവൻ നാരേ ----- നാരദ'  എന്നാണ്. എന്താണീ നാരേ---നാരദ? 'ആരിഹ വരുന്നതാര്' ഇപ്പോള്‍ 'ആരീ...... ആരിഹ'യും  'ശശി മുഖി വരിക' എന്നത് 'ശശിമുഖി വാ----രിക' ആയിട്ടുണ്ട്‌.'മലയാള മനോരമ' വാരികപോലെ 'ശശിമുഖി' വാരികയും ഉണ്ടോ ആവോ?

ചോദ്യം: പുതിയ തലമുറയിലുള്ള പാട്ടുകാരെക്കുരിച്ച് എന്ത് പറയുന്നു?

ഉത്തരം: പുതിയ  പാട്ടുകാരില്‍ മോഹനകൃഷ്ണൻ, കോട്ടക്കല്‍ മധു, രാജീവന്‍ നമ്പൂതിരി, വിനോദ് എന്നിവര്‍ നല്ല പാട്ടുകാരാണ്. അവര്‍ക്ക് പൊന്നാനി പാടിയിട്ടുണ്ട്. അവരെക്കുറിച്ചോർത്ത് വളരെ അഭിമാനം തോന്നാറുണ്ട്. നല്ല അച്ചടക്കം ഉള്ളവരാണ് അവർ. ശങ്കരൻകുട്ടി എന്നോടൊപ്പം ഇപ്പോൾ പാടാറില്ല. എന്റെ കൂടെയും ശിങ്കിടി പാടി പൊന്നാനിയായ ഗായകനാണയാൾ.എന്റെ കൂടെപ്പാടുന്നത് ഇന്നത്തെ കഥകളി മാർക്കെറ്റിന് ചേർന്നതല്ല എന്നയാൾ ധരിച്ചിരിക്കാം. ഈ 'ചാലോം മാലോം' പാടുന്നതല്ല കഥകളിപ്പാട്ടെന്നു വിശ്വസിക്കുന്ന ഒരാളല്ലേ ഞാൻ. ഇതൊക്കെയാണെങ്കിലും നേരിൽക്കാണുമ്പോളുള്ള സ്നേഹബഹുമാനങ്ങൾക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല.

ചോദ്യം: ഏതാണ്ട് അഞ്ചു പതിറ്റാണ്ടോളം കഥകളി രംഗത്ത് പ്രവർത്തിച്ചതല്ലേ? കഥകളിയുടെ പൊതുവിഷയങ്ങളെക്കുറിച്ചും താങ്കളെപ്പോലൊരു കലാകാരനിൽ നിന്നും അറിയാൻ പലർക്കും  ആഗ്രഹമുണ്ടാകും. അതുകൊണ്ട് പൊതുവായ ചില ചോദ്യങ്ങൾ കൂടി ചോദിച്ചോട്ടെ?

ഉത്തരം: എനിക്കറിയാവുന്ന കാര്യങ്ങൾ പങ്കുവയ്ക്കുന്നതിൽ സന്തോഷമേയുള്ളൂ. 

ചോദ്യം: ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട കഥകളി നടൻ കലാമണ്ഡലം ഗോപിയാശാനാണല്ലോ? നളചരിതം ഉള്‍പ്പടെയുള്ള കഥകളിലെ ഇദ്ദേഹത്തിന്റെ പച്ചവേഷങ്ങളെ, താങ്കൾ മുന്‍പ് കണ്ടിട്ടുള്ള പച്ച വേഷങ്ങളുമായി ഒന്നു താരതമ്മ്യം ചെയ്തു പറയാമോ?

ഉത്തരം: കലാമണ്ഡലം ഗോപിയില്‍ ഭാവാഭിനയത്തിന് കഴിവുള്ള ഒരു നടനുണ്ട്‌. ഗോപിയുടെ പച്ചവേഷങ്ങൾ വളരെ ഭംഗിയുള്ളതും ആണ്. പക്ഷെ മാങ്കുളത്തിന്റെയോ കൃഷ്ണൻ നായരാശാന്റെയോ പച്ചവേഷങ്ങൾക്ക് സമമല്ല അതെന്നാണ്‌ എന്റെ അഭിപ്രായം. ഒന്നാം ദിവസത്തെ നളനായി മാങ്കുളത്തിനെയും കൃഷ്ണന്‍ നായരാശാനേയും വെച്ച് നോക്കിയാല്‍ ഗോപി ഒന്നുമല്ല എന്ന് ഞാന്‍ പറയും.

ചോദ്യം: പക്ഷെ ഇതല്ലല്ലോ പൊതുജനാഭിപ്രായം?

ഉത്തരം: അതിനു ഇപ്പറയുന്നവർ മാങ്കുളത്തിന്റെയോ കൃഷ്ണൻ നായരാശാന്റെയോ എത്ര പച്ചവേഷങ്ങൾ കണ്ടിട്ടുണ്ട്? അനുഭവസമ്പത്ത് വേണം വല്ലതുമൊക്കെ ആധികാരികമായി പറയാൻ. ഈ പറയുന്നവര്‍ക്കാര്‍ക്കാ അതുള്ളത്‌? ആളുകൾക്കിഷ്ടപ്പെടുന്ന ചില ട്രിക്കുകളും പൊടിക്കൈകളും കാണിക്കുന്നതല്ല രസാഭിനയം. അത് മനസ്സിലാക്കണമെങ്കിൽ കൃഷ്ണൻ നായരാശാന്റെ നളനെ കാണണം.ആ മുഖത്തു നവരസങ്ങൾ മാറി മാറി വരുന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്. ഗോപി തന്നെ പറയാറുണ്ടല്ലോ, കൃഷ്ണൻ നായരാശാന്റെ നളനെ അൽഭുതപൂർവം നോക്കി നിൽക്കാറുണ്ടായിരുന്നു എന്ന്. കൃഷ്ണന്‍ നായര്‍ ആശാന്‍ ഒരു വലിയ തെറ്റ് ചെയ്തു. വീഡിയോ പിടിക്കാന്‍ സമ്മതിച്ചില്ല. അദ്ദേഹം അന്നത് ചെയ്തിരുന്നുവെങ്കില്‍ ഇന്നത്തെ ജനങ്ങള്‍ക്ക്‌ മനസിലായേനെ, കഥകളി എങ്ങിനെയാണ് കളിച്ചിരുന്നതെന്ന്?

ചോദ്യം: അപ്പൊ താങ്കളുടെ അഭിപ്രായത്തിൽ കൃഷ്ണൻ നായരാശാനാണ് നമ്മുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഏറ്റവും നല്ല നളനടൻ?

ഉത്തരം: അയ്യോ, അതിനെന്താ ഇത്ര സംശയം? നൂറു ശതമാനം അങ്ങിനെതന്നെയാണ്. ആ മഹാനുഭാവന്റെ കൂടെയുള്ള അരങ്ങനുഭവങ്ങൾ മറക്കാൻ കഴിയില്ല. നിരവധി അരങ്ങുകളിൽ ആ കലാകേസരിയുടെ പിറകിൽ  നിന്ന് പാടാൻ കഴിഞ്ഞത് എന്റെ ജന്മസുകൃതം, അല്ലാതെന്ത്‌? അദ്ദേഹത്തിൻറെ അവസാനത്തെ രണ്ടു പരിപാടികൾക്കും പാടാനുള്ള ഭാഗ്യമുണ്ടായതെനിക്കാണ്. തിരുവനന്തപുരത്തു 'ദൃശ്യവേദി' സംഘടിപ്പിച്ച  'ഹരിശ്ചന്ദ്രചരിതം' രണ്ടുദിവസമായാണ് കളിച്ചത്. ആദ്യദിവസത്തെ വിശ്വാമിത്രനും രണ്ടാം ദിവസത്തെ ചുടലഹരിശ്ചന്ദ്രനും ആശാനായിരുന്നു.പാട്ടുകാരനാരാണെന്നു ചെങ്ങാരപ്പള്ളി അനുജനോട് ചോദിച്ചപ്പോൾ തിരുവല്ല ഗോപിയാണെന്നദ്ദേഹം പറഞ്ഞു. 'മതി, അതുമതി. അവനാണെങ്കിൽ എല്ലാം ഭംഗിയാവും' എന്നദ്ദേഹം പറഞ്ഞത്രേ. ഈ വാക്കുകൾ  ഒരു നിധിപോലെ ഞാനെന്റെ മനസ്സിൽ  സൂക്ഷിച്ചിരിക്കയാണ്. ഇതിൽപ്പരം ഒരംഗീകാരം ഒരു കഥകളി ഗായകന് വേറെന്തു കിട്ടാൻ?

ചോദ്യം: പക്ഷെ വടക്കുള്ള പല കഥകളിപണ്ഡിതന്മാരുടേയും അഭിപ്രായം  രാമൻകുട്ടിയാശാനെയോ ഗോപിയാശാനെയോ പോലെ കഥകളിത്തം തികഞ്ഞ കഥകളി കലാകാരനല്ല കൃഷ്ണൻനായരാശാൻ എന്നാണല്ലൊ?

ഉത്തരം: നമ്മുടെ കാലത്തെ കഥകളിയിൽ കലാസാർവഭൗമൻ എന്ന് വിളിക്കാൻ യോഗ്യതയുള്ള ഒരേ ഒരു കലാകാരനേ ഉണ്ടായിട്ടുള്ളൂ. അത് കൃഷ്ണൻ നായർ ആശാനാണ്. കഥകളിയിലെ ഏറ്റവും സങ്കീർണ്ണമായ  വേഷം മുതൽ ഭീരു എന്ന കോമാളി വേഷം വരെ കെട്ടി ഫലിപ്പിക്കാൻ ഈ ഒരു നടനെ കഴിഞ്ഞിട്ടുള്ളൂ. ചിട്ട വേണ്ടതും വേണ്ടാത്തതുമായ വേഷങ്ങളും  നാട്യധർമ്മിപരവും  ലോകധർമ്മിപരവുമായ ആട്ടങ്ങളും അരങ്ങിന്റെ നിലവാരമനുസരിച്ച് കളിച്ചു ഫലിപ്പിക്കാൻ ഈ ഒരു നടനല്ലാതെ വേറെ ആരുണ്ടായിട്ടുണ്ട്? അതുപോലെ കഥകളിയിലെ എല്ലാ സമ്പ്രദായങ്ങളിലും (കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, കല്ലുവഴി) കളിക്കാൻ പ്രവീണനായിരുന്ന മറ്റേതൊരു കഥകളി നടനുണ്ട്‌? അതുകൊണ്ടാണ് കലാസാർവഭൗമൻ എന്ന് ഞാൻ വിളിച്ചത്. കഥകളിയിലുള്ള  മറ്റു പ്രസിദ്ധ നടന്മാരെല്ലാം തന്നെ ഏതെങ്കിലും ചില പ്രത്യേക വേഷങ്ങളുടെ പേരിലോ ചിട്ടയുടെ പേരിലോ മാത്രം പേരെടുത്തവരാണ്.അവരൊക്കെ സ്പെഷ്യലിസ്റ്റുകളാണ്. ചില വേഷങ്ങളിൽ അവർ ഗംഭീരമായി ശോഭിക്കും. അത്രമാത്രം.

പിന്നെ കൃഷ്ണൻ നായരാശാനെ കുറ്റം പറയുന്ന കാര്യം. പട്ടി സൂര്യനോട് കുരക്കുന്നത് പോലെയേ ഉള്ളൂ അതൊക്കെ. കുറ്റമില്ലാത്ത മനുഷ്യരില്ലല്ലോ? അതുകൊണ്ട് കൃഷ്ണൻ നായരാശാനും കുറ്റങ്ങൾ കാണും. അല്ലാതെ കഥകളിയിൽ അദ്ദേഹത്തിന്റെ കുറ്റം കണ്ടു പിടിച്ചു വിധി എഴുതാൻ മിടുക്കുള്ളവരാരാ ഇവിടുള്ളത്‌? മിടുക്കന്മാരാകാൻ നോക്കുന്ന ചിലരൊക്കെ കാണും. അതെല്ലാം കഥകളി രാഷ്ട്രീയത്തിന്റെ ഭാഗമാണ്, കഥകളിയുടെ ഭാഗമല്ല. അതൊക്കെ പറയാൻ പോയാൽ തീരില്ല. അത് വേണ്ടാ. ആ വിഷയം അങ്ങിനങ്ങു വിടുന്നതാ അതിന്റെ ഭംഗി. നമുക്ക് വേറെ വല്ല വിഷയവും ചർച്ച ചെയ്യാം.

ചോദ്യം: ഗോപിയാശാന്റെ പച്ചവേഷങ്ങളെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണല്ലോ കൃഷ്ണൻനായരാശാനിലേക്ക് പോയത്? എന്തോ ട്രിക്കുകളും പൊടിക്കൈകളും എന്ന് പറഞ്ഞല്ലോ?

ഉത്തരം: സത്യം പറയാമല്ലോ. ഗോപി കളിക്കുന്നത് നിലവാരമുള്ള കഥകളി അല്ലെന്നാണ് എന്റെ അഭിപ്രായം.അതൊരുതരം നാടകമാണ്. അത് കഥകളിപരമൊന്നും അല്ലെങ്കിലും ഭാവാഭിനയം കൊണ്ട് ആളുകളെ സന്തോഷിപ്പിക്കാൻ അയാള്‍ക്ക്‌ കഴിയും. പക്ഷെ ചില കലാമണ്ഡലം കേമന്മാര്‍ ഗോപിയാണെന്ന് സ്വയം നടിച്ച് അയാളെ അനുകരിക്കുവാന്‍ ശ്രമിക്കുകയാണ്. അനുകരണം അസംബന്ധമായാണ് പലപ്പോഴും വന്നു ഭവിക്കുന്നത്. മര്യാദയ്ക്കു അഭിനയിച്ചു ഫലിപ്പിക്കാവുന്ന പച്ചവേഷങ്ങള്‍ ഗോപിഭ്രമം മൂലം ഈ നല്ല കലാകാരന്മാര്‍ അഭിനയിച്ചു നശിപ്പിക്കുകയാണ്. ഗോപിയുടെ കാലശേഷം ഈ വേഷങ്ങളെല്ലാം ത്രിശങ്കുസ്വര്‍ഗ്ഗത്തിലാകും എന്നത് തീര്‍ച്ചയാണ്.

ചോദ്യം : എന്തു ത്രിശങ്കുസ്വര്‍ഗ്ഗം?

ഉത്തരം: പച്ചവേഷം ആടേണ്ട ആട്ടവും പോയി ഗോപിയെ അനുകരിക്കാന്‍ ശ്രമിച്ച് അതിലും പരാജയപ്പെട്ട് ഒന്നുമല്ലാത്തവരായി ഈ വേഷക്കാരെല്ലാം മാറും എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.  'ഇല്ലത്തൂന്നു പുറപ്പെട്ടു, എന്നാലൊട്ടു അമ്മാത്തെത്തി'യതുമില്ല എന്നതാകും സ്ഥിതി. ഈ അര്‍ത്ഥത്തില്‍ ഗോപിയുടെ ആട്ടരീതികള്‍ കഥകളിക്കു ദോഷം വരുത്തും. ഇത് മനസിലാക്കണമെങ്കില്‍ ഒരു പത്തു വര്‍ഷങ്ങളെങ്കിലും എടുക്കും.

ചോദ്യം: ഗോപിയാശാനോട് എന്തെങ്കിലും വിരോധം ഉണ്ടോ ഇങ്ങനെയൊക്കെ പറയാൻ?

ഉത്തരം: ഏയ്‌.അങ്ങിനെയൊന്നും ഇല്ല. കഥകളി കലാകാരനായ ഗോപിയോട് എനിക്കൊരു വിരോധവുമില്ല. പക്ഷെ ഗോപിയോട് നീരസം തോന്നുന്ന ചില സംഗതികളുണ്ട്‌.

ഇന്ന് കഥകളിയിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന കലാകാരനാണ് ഗോപി. കഥകളിയിൽ മറ്റുള്ളവർക്ക് വഴികാട്ടിയാവേണ്ടയാളാണയാൾ.പക്ഷെ ഇന്നതല്ല നടക്കുന്നത്.അയാൾക്ക്‌ ഇഷ്ടപ്പെട്ട ചുരുക്കം ചില നടന്മാരും പാട്ടുകാരും ഉണ്ട്. നിലവാരമുളള കഥകളി എന്നത് ആ ചുരുക്കം പേരിലേക്ക് ഒതുങ്ങുന്ന സ്ഥിതിയാണിന്ന്.അവരെയല്ലാതെ മറ്റാരെയും വിളിക്കുന്നത്‌ ഗോപിക്കിഷ്ടമല്ല. അപ്പൊ മറ്റുള്ളവരാരും ജീവിക്കേണ്ട എന്നാണോ? കഥകളിയിൽ ഈ അഞ്ചാറു പേരു മാത്രം വലുതായാൽ മതിയോ? ഇത് കഥകളിക്കു ഗുണകരമാണോ? കൂട്ടുവേഷക്കാരെയെല്ലാം ഗോപിക്ക് പുച്ഛമാണ്. അയാള്‍ക്ക്‌ താല്‍പ്പര്യമുള്ള നടന്മാരും പാട്ടുകാരും അല്ലാതെ വേറാരെങ്കിലുമാണ് അരങ്ങിലെങ്കില്‍ ശുദ്ധതോന്ന്യാസമാകും അന്ന് അരങ്ങില്‍ കാണിക്കുന്നത്.ഇത് പല അരങ്ങുകളിലും സംഭവിച്ചിട്ടുണ്ട്. ഇയ്യിടെ കവചകുണ്ഡലം എവിടെ എന്ന് ഒരു സീനിയർ കുന്തി നടൻ ചോദിച്ചു. ഉത്തരം കാണിച്ചത് സാറിനോടു പറയുന്നതു ശെരിയല്ല.  ഇതാണോ കഥകളി? ഇത് കണ്ടല്ലേ അടുത്ത തലമുറ വളരുന്നത്‌? ഗോപിയെക്കൊണ്ട് ഗുണമുള്ള കലാകാരന്മാരും പിന്നെ കുറെ ഗോപി ഫാൻസും ഇതിനെല്ലാം ജയ്‌ വിളിക്കയാണ്. കുടുംബനാഥന് വഴി തെറ്റിയാൽ കുടുംബത്തിന്റെ കാര്യം എന്താകും? 'ഉള്ള കഞ്ഞീൽ പാറ്റാ ഇടെണ്ടാ' എന്ന് വിചാരിച്ചു അമർഷം മനസ്സിലൊതുക്കി കഴിയുകയാണ് പലരും. അവർ ഭയം കാരണം ഒന്നും തുറന്നു പറയുന്നില്ല, ഞാൻ തുറന്നു പറയുന്നു എന്ന വ്യത്യാസം മാത്രം.ഗോപിയുടെ ഈ ഏകഛത്രാധിപത്യത്തോടും അരങ്ങിലെ അമാന്യമായ പെരുമാറ്റങ്ങളോടും എനിക്ക് നീരസം ഉണ്ടെന്നുള്ളതൊരു സത്യമാണ്.

ചോദ്യം: ആശാന്‍ ഗോപിയാശാനു പാടിയിട്ടുണ്ടോ?

ഉത്തരം: സാറ് എന്താണ് ചോദിക്കുന്നത്? എത്രയോ വട്ടം ഞാന്‍ ഗോപിക്ക് പാടിയിരിക്കുന്നു? പക്ഷെ ഇപ്പോള്‍ കുറച്ചുകാലമായി പാടാറില്ല. അദ്ദേഹത്തിനിപ്പോൾ വ്യക്തിപരമായ  ഇഷ്ടാനിഷ്ടങ്ങളും താത്പര്യങ്ങളും ഉണ്ടാകാം.

ചോദ്യം: കലാമണ്ഡലം രാമൻകുട്ടി അശാനു വേണ്ടിയും പാടിയിരിക്കുമല്ലോ? അദ്ദേഹത്തിന്റെ ആട്ടത്തെ എങ്ങിനെ വിലയിരുത്തുന്നു?

ഉത്തരം: തന്റെ ഗുരുനാഥനിൽ നിന്നും പഠിച്ചത് അണുവിട വിടാതെ പിന്തുടർന്ന കലാകാരനാണദ്ദേഹം. നല്ല ഒരു അധ്യാപകനായിരുന്നു. കാലപ്രമാണങ്ങളിൽ സാധാരണ നടന്മാരിൽ കൂടുതൽ കാർക്കശ്യം അദ്ദേഹം കാണിക്കുമായിരുന്നു. ചിട്ട വിട്ടു പ്രവർത്തിക്കുന്നത്‌ അദ്ദേഹത്തിനു ഇഷ്ടമുള്ള കാര്യമല്ല.അദ്ദേഹത്തിൻറെ കത്തി, വെള്ളത്താടി (ഹനുമാൻ), മിനുക്ക്‌ (പരശുരാമൻ) വേഷങ്ങൾ വളരെ നന്നായിരുന്നു. എന്നാൽ പച്ചവേഷങ്ങൾ, പ്രത്യേകിച്ചും ഭാവാഭിനയ പ്രധാനമായ പച്ചവേഷങ്ങൾ, അദ്ദേഹത്തിനു ഒട്ടും തന്നെ ഇണങ്ങുമായിരുന്നില്ല.

ചോദ്യം: രാമൻകുട്ടിയാശാന്റെ കത്തി വേഷങ്ങൾ കഥകളിയിൽ ഉണ്ടായിട്ടുള്ള കത്തി വേഷങ്ങളിൽ ഏറ്റവും ഗംഭീരമായിരുന്നു എന്നൊരഭിപ്രായം പലർക്കും  ഉണ്ട്. തെക്കൻ കത്തിവേഷങ്ങളും മികവുറ്റതായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ധാരാളം കത്തി വേഷങ്ങൾ കണ്ട ആളല്ലേ താങ്കൾ? എങ്ങിനെ വിലയിരുത്തും ഈ അഭിപ്രായങ്ങളെ?

ഉത്തരം: രാമൻകുട്ടിയാശാൻ ഒരു നല്ല കത്തി വേഷക്കാരനായിരുന്നു എന്നുള്ളതിൽ രണ്ടു പക്ഷമില്ല. പക്ഷെ കഥകളി കണ്ട ഏറ്റവും നല്ല കത്തി വേഷക്കാരൻ അദ്ദേഹം ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഗുരു ചെങ്ങന്നൂരും ഹരിപ്പാട് രാമകൃഷ്ണ പിള്ളയും ആണ് കത്തി വേഷത്തിൽ എന്റെ നോട്ടത്തിൽ മികച്ചു നിന്നത്. ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ ആ വേഷഭംഗി ഒരു കത്തി വേഷക്കാരനും കിട്ടിയിട്ടും ഇല്ല.

കത്തിവേഷത്തിന്റെ അലർച്ച എന്നത് ഗുരു ചെങ്ങന്നൂരിന്റെയും രാമകൃഷ്ണപിള്ളയുടേതുമായിരുന്നു. രാമൻകുട്ടി നായരെയും ഗുരു ചെങ്ങന്നൂരിനെയും താരതമ്യം ചെയ്യുന്നത് തന്നെ ശെരിയല്ല; കാരണം ഈ രണ്ടു പേരുടെയും ആട്ടസമ്പ്രദായങ്ങളിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നത് തന്നെ.

ചോദ്യം: രാമൻകുട്ടി ആശാന് പച്ചവേഷങ്ങൾ ചേരില്ല എന്ന് പറഞ്ഞല്ലോ? മുഖാഭിനയത്തിൽ അദ്ദേഹം  മറ്റു പല നടന്മാർക്കും പിന്നിലാണെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിൻറെ കത്തി, വെള്ളത്താടി, മിനുക്കു  വേഷങ്ങൾ ഗംഭീരമാണ് താനും.ഇതിനർത്ഥം ഈ വേഷങ്ങൾക്ക് മുഖാഭിനയം ആവശ്യമില്ലെന്നാണോ?

അല്ലേ അല്ല. ഇത് മനസ്സിലാക്കണമെങ്കിൽ ഗുരു ചെങ്ങന്നൂരിന്റെ കത്തി വേഷം കാണണം. രാമൻകുട്ടി ആശാന്റെ ആട്ടത്തിന്റെ പല സവിശേഷതകളും കാരണം മുഖാഭിനയത്തിന്റെ കുറവ് അറിയുന്നില്ല എന്നേ  ഉള്ളൂ. മുഖാഭിനയം കൂടി ഉണ്ടായിരുന്നെങ്കിൽ സ്വർണ്ണത്തിനു സുഗന്ധം വച്ചതു പോലെയായേനെ അദ്ദേഹത്തിൻറെ കത്തിവേഷങ്ങളുടെ ഭംഗി.

ചോദ്യം: അപ്പൊ രസാഭിനയത്തിലൂടെ പച്ചക്ക് മാത്രമല്ല കത്തിക്കും അഴക്‌ കൂടും?

എന്താ സംശയം? ഗുരു ചെങ്ങന്നൂരിന്നില്ലല്ലോ? അല്ലെങ്കിൽ ഞാൻ പറഞ്ഞതിന്റെ അർഥം നേരിൽ മനസ്സിലാക്കാമായിരുന്നു. ഹരിപ്പാടനോ പള്ളിപ്പുറമോ ഉണ്ടായിരുന്നെങ്കിലും മതിയായിരുന്നു. ഇനി ഇപ്പൊ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ?

Thiruvalla Gopikkuttan Nair and Evoor Mohandas

ചോദ്യം: വലിയ ഒരു കഥകളി സംസ്കാരം തെക്കു നിലനിന്നിരുന്നു എന്നാണെനിക്കു മനസിലാകുന്നത്. അതെങ്ങിനെ നമുക്ക് നഷ്ടപ്പെട്ടു?

ഉത്തരം: ഒരു സത്യം പറഞ്ഞേ കഴിയൂ. വടക്കുള്ളവർക്ക് കലയോടും കലാകാരനോടുമുള്ള സ്നേഹാദരങ്ങൾ നിസ്സീമമാണ്. പട്ടിക്കാംതൊടി ഗുരുനാഥനും കല്ലുവഴിചിട്ടയും കോട്ടയം കഥകളും ഒക്കെ അവർക്കവരുടെ അഭിമാനങ്ങളാണ്. ഇവിടെ തെക്കുള്ളവർക്കു അങ്ങിനെയൊന്നുമുള്ള ചിന്തയില്ല. അതിന്റെ അധ:പതനം ഉണ്ടാകണമല്ലോ?

സമസ്തകേരള കഥകളി വിദ്യാലയം എന്ന പേരില്‍ മാങ്കുളം അദ്ദേഹത്തിന്‍റെ വീടിനോട് ചേര്‍ത്ത് ഒരു കഥകളി സ്ഥാപനം ഉണ്ടാക്കി. തെക്കന്‍ ചിട്ട പഠിപ്പിക്കാനായിരുന്നു അത്. ഇഞ്ചക്കാടന്‍ അവിടെ നിന്നും ഉണ്ടായ കലാകാരനാണ്. മാങ്കുളത്തിനു അത് നടത്തി കൊണ്ട് പോകാൻ  ബുദ്ധിമുട്ടുണ്ടാക്കുന്ന പല സാഹചര്യങ്ങളും അവിടെ ഉണ്ടായപ്പോള്‍ അദ്ദേഹം അത് മാർഗ്ഗിയെ ഏല്‍പ്പിച്ചു. അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ മാർഗ്ഗിയുടെ അന്നത്തെ ഭാരവാഹികൾക്ക് കഴിഞ്ഞില്ല എന്ന് മാത്രമല്ല, അദ്ദേഹത്തിൻറെ മനസ്സിനെ വൃണപ്പെടുത്താൻ പോന്ന പല സംഭവങ്ങളും അവിടെ നടക്കുകയും ഉണ്ടായി. ബ്രാഹ്മണശാപം ബാധിച്ച ആ സ്ഥാപനത്തില്‍ നിന്നും ഒരു വിജയനല്ലാതെ മറ്റാരും ഉണ്ടായില്ല. പിന്നെ കലാഭാരതി എന്ന പേരില്‍ ഗുരു ചെങ്ങന്നൂര്‍ വിളക്ക് തെളിച്ചു ഉത്ഘാടനം ചെയ്ത ഒരു സ്ഥാപനം പകല്‍ക്കുറിയില്‍ ഉണ്ടായി. അത് മടവൂരിന്റെ ആശായ്മയിലാണ് നടന്നത്. അതിന്റെ ഗതിയും നേരത്തെ പറഞ്ഞതിന് തുല്യമായി.

ചോദ്യം: ഇതിപ്പോള്‍ ആരുടെ കുറ്റമാണ് ?

ഉത്തരം: വടക്കന്‍ സമ്പ്രദായത്തില്‍ ഉണ്ടായ കഥകളിയിലും ചിട്ടയിലും  ഒരു വ്യത്യാസവും വരുത്തുന്നത് അവിടെയുള്ള നടന്മാര്‍ക്കും കലാസ്വാദകര്‍ക്കും ഇഷ്ടമുള്ള കാര്യമല്ലായിരുന്നു. തെക്ക് കളിക്ക് വന്നാൽ സുഭദ്രാഹരണം വേണമെങ്കിൽ മാടമ്പിയെ കൊണ്ട് പാടിക്കണം എന്നവർ ‍നിര്‍ബന്ധിക്കും. അത് പോലെ ആ ചിട്ടയില്‍ അഭ്യസിച്ചവരെ കൊണ്ടേ അവര്‍ കൊട്ടിക്കൂ. അങ്ങിനെ അവര്‍ ഉണ്ടാക്കിയ കഥയും ചിട്ടയും നിലനിര്‍ത്തുവാന്‍ അവര്‍ക്ക് കഴിഞ്ഞു.

തെക്കന്‍ചിട്ടയിലും വളരെ കര്‍ക്കശമായ സമ്പ്രദായങ്ങളായിരുന്നു ഉണ്ടായിരുന്നത്. തെക്കന്‍ ചിട്ടയില്‍ ചിട്ടപ്പെടുത്തിയ പല കഥകളും ആ കഥകളുടെ ചിട്ടകൾ ശെരിക്കറിവില്ലാത്ത വടക്കന്‍ നടന്മാര്‍ വന്നഭിനയിച്ചു. നാലരങ്ങുകൾ കൂടുതൽ കിട്ടുമെന്നായപ്പോൾ നമ്മുടെ നടന്മാർ ചിട്ടക്കാര്യമൊക്കെ മറന്നു ഈ കൂട്ടിക്കൊടുപ്പിനു തയ്യാറായി.പാട്ടുകാര്‍ തോന്നിയ വിധത്തില്‍ പാടി. പതുക്കെ പതുക്കെ ചിട്ട വഴിമാറി തുടങ്ങി.

ചോദ്യം: അപ്പോള്‍ തെക്കുള്ള നടന്മാർ തന്നെയാണ് 'തെക്കൻചിട്ട'യുടെ ഇന്നത്തെ അവസ്ഥക്ക് ഉത്തരവാദികൾ?

ഉത്തരം: അതേ! നൂറു ശതമാനം. തെക്കന്‍ ചിട്ടയുടെ ഇന്നത്തെ കാവല്‍ക്കാരന്‍ മടവൂര്‍ വാസുദേവന്‍ നായരാണ്. ഗുരു ചെങ്ങന്നൂരിനോടൊപ്പം ജീവിച്ചു കഥകളി പഠിച്ച കലാകാരനാണ് അദ്ദേഹം.  അതുകൊണ്ട് തന്നെ തെക്കൻ കഥകളി സംസ്കാരം നില നിർത്താൻ മറ്റാരേക്കാളും ഉത്തരവാദിത്വമുള്ളത് അദ്ദേഹത്തിനാണ്. പക്ഷെ അതല്ല സംഭവിക്കുന്നത്.  കളിയരങ്ങുകളുടെ എണ്ണം കൂട്ടുന്നതിലും പ്രശസ്തിയിലും ആണ് അദ്ദേഹത്തിനു കൂടുതൽ ശ്രദ്ധ. ഇതിനു വേണ്ടി എന്ത് വിട്ടുവീഴ്ച്ചകൾക്കും അദ്ദേഹം തയ്യാറാകുകയാണ്. വടക്ക് നിന്നും വരുന്ന മേളക്കാരോടും പാട്ടുകാരോടും തെക്കൻ ചിട്ടയുടെ പ്രത്യേകതകൾ പറഞ്ഞു മനസ്സിലാക്കി, സാധിക്കാവുന്നിടത്തോളം തെക്കൻ ചിട്ടയുടെ ആട്ടസമ്പ്രദായങ്ങൾ നിലനിർത്തി ആടുന്ന രീതിയായിരുന്നു മുൻകാല തെക്കൻ കലാകാരന്മാർ സ്വീകരിച്ചിരുന്നത്. ഒരു കഥകളി ചിട്ടയെ പിടിച്ചു നിർത്തുന്നതിൽ പാട്ടിനു വലിയ പങ്കുണ്ട്. തെക്കൻ ചിട്ട നിലനില്ക്കണമെങ്കിൽ അതിൽ പ്രാഗല്ഭ്യമുള്ളവരെക്കൊണ്ട് പാടിപ്പിക്കണം. മടവൂരാശാനാണ് ഇത്  നടപ്പിൽ വരുത്താൻ മറ്റുള്ളവരെക്കൂടി പ്രേരിപ്പിക്കേണ്ടയാൾ. ഗോപിയും മറ്റും അവരുടെ ചിട്ടക്കായി പാട്ടിനും കൊട്ടിനും ആരൊക്കെ വേണമെന്നു പറയുന്നത്‌ നമ്മൾ കാണുന്നില്ലേ? അത് മടവൂരും ചെയ്‌താൽ മതി. ഇത് ചെയ്യാത്തതാണ്‌ തെക്കൻ കഥകളി ശോഷിക്കാനുള്ള കാരണങ്ങളിൽ ഒന്ന്. അടുത്തിടെ പത്മഭൂഷന്‍ കിട്ടിയതിനു ശേഷം നടന്ന ചടങ്ങുകളില്‍ പത്മശ്രീ. ഗോപിക്ക് പിറകിലായി നിര്‍ത്തി മടവൂരിനെ വെച്ച് വടക്കന്‍ കഥകളിപ്രേമികൾ സ്വീകരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. ഇത് പലർക്കും അമർഷവും വേദനയും ഉണ്ടാക്കി "ഇങ്ങിനെ അപമാനിതനാകേണ്ടതുണ്ടോ" എന്ന്‌ ഒരു തെക്കന്‍ സീനിയര്‍ നടന്‍ മടവൂരിനോട് ചോദിച്ചു. പക്ഷെ അദ്ദേഹത്തിൻറെ ഉത്തരത്തിൽ മറ്റുള്ളവർക്ക് തോന്നിയ ആക്ഷേപമൊന്നും പ്രകടമായില്ല. ഈ അഴകൊഴപ്പൻ നിലപാടുകൾ ദോഷം ചെയ്യുന്നത് തെക്കൻ കഥകളി രംഗത്തിനും അതിലെ കഥകളി കലാകാരന്മാരുടെ ആത്മാഭിമാനത്തിനുമാണ്.

ചോദ്യം: ആശാനു മടവൂരാശാൻ കളികളിൽ വേണ്ട സ്ഥാനം നല്കുന്നില്ല എന്ന പരാതി കൊണ്ടുള്ള വിദ്വേഷ പ്രകടനമായി ഇപ്പറഞ്ഞതിനെ ആളുകൾ വ്യാഖ്യാനിക്കില്ലേ?

ഉത്തരം: ആളുകൾ വ്യാഖ്യാനിക്കുന്നതും വ്യാഖ്യാനിക്കാതിരിക്കുന്നതും അവിടെ നിക്കട്ടെ.  ഇവരൊന്നും വ്യാഖ്യാനിച്ചത് കൊണ്ട് കഥകളിചിട്ട പിടിച്ചു നിർത്താൻ കഴിയില്ലല്ലോ? ഞാനും മടവൂരും നാളെയങ്ങു പോകും. പിന്നേം കഥകളി വേണ്ടേ? ഒരുപാടു കളിച്ചും പാടിയും ഉണ്ടാക്കിയതൊക്കെ കൂടെ കൊണ്ടുപോമോ? മഹാനുഭാവന്മാരായ ആചാര്യന്മാർ അവരുടെ ത്യാഗോജ്വലമായ ജീവിതം കൊണ്ട് ഉണ്ടാക്കിയെടുത്തു നമുക്ക് തന്നിട്ട് പോയ ഒരു വലിയ കലയെ സംരക്ഷിക്കുന്ന കാര്യമാ നമ്മൾ പറഞ്ഞോണ്ടിരിക്കുന്നത്‌, അല്ലാതെ ഗോപിക്കുട്ടനു പത്തു പണം ഉണ്ടാക്കുന്ന കൊച്ചു കാര്യമല്ല.

ചോദ്യം: ഗുരു ചെങ്ങന്നൂരിന്റെ ആട്ടം അതേപോലെ മടവൂരാശാനിൽ കാണാം എന്ന് പലരും പറയാറുണ്ട്‌? അങ്ങയുടെ അഭിപ്രായം?

ഉത്തരം: അത് ശരിയല്ല. ഗുരു ചെങ്ങന്നൂരിന്റെ ആട്ടരീതികള്‍ ഇങ്ങനെയൊന്നുമല്ല. അദ്ദേഹത്തിൻറെ ആട്ടത്തിന്റെ വാലും മുറീം ഒക്കെ മടവൂരിന്റെ ആട്ടങ്ങളിലും കാണും. കാര്യങ്ങൾ അറിയാത്തവര്‍ ഇതാണ് സത്യം എന്ന് വിചാരിച്ചിരിക്കുകയാണ്. ഗോപി കാണിക്കുന്നത് പോലെ ചില നാടകങ്ങളും പൊടിക്കൈകളുമൊക്കെയാ മടവൂരും ഇപ്പോൾ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. വടക്കരുടെ ഇടയില്‍ പിടിച്ചു നില്‍ക്കണമെങ്കില്‍ ശുദ്ധ തെക്കന്‍ചിട്ടക്കാരനായാല്‍ പോരാ എന്നദ്ദേഹം ധരിച്ചു വച്ചിട്ടുണ്ടെന്ന് തോന്നുന്നു. അധ:പ്പതനം അല്ലാതെന്ത്?

ചോദ്യം: ഹരിപ്പാട്ടു രാമകൃഷ്ണപിള്ളക്കും ചെന്നിത്തല ചെല്ലപ്പൻപിള്ളക്കും വേണ്ടിയായിരിക്കും താങ്കൾ ഏറ്റവും കൂടുതൽ പ്രാവശ്യം പാടിയതെന്ന് തോന്നുന്നു? ഇവരുടെ രണ്ടു പേരുടെയും അരങ്ങുകൾ ഞാൻ പലപ്രാവശ്യം കണ്ടിട്ടുള്ളതുമാണ്. അവരെക്കുറിച്ചു രണ്ടു വാക്ക്?

ഉത്തരം:  അതെ. ഞാൻ കൂടുതലും പാടിയത് അവർക്കു വേണ്ടിയാണ്. അവരെക്കുറിച്ച് സംസാരിക്കാൻ സന്തോഷമേ ഉള്ളൂ. രാമകൃഷ്ണപിള്ളയെക്കുറിച്ചു ഞാനെന്തു പറയാൻ? രാമന്‍കുട്ടിയാശാനടക്കം ഒരു നടനും അങ്ങേരുടെ മുന്‍പില്‍ കത്തിവേഷത്തിൽ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആരെങ്കിലും തിളങ്ങിയെന്നു തോന്നിയെങ്കില്‍ അത് ഹരിപ്പാട്ടു രാമകൃഷ്ണപിള്ളയുടെ ഔദാര്യം കൊണ്ടോ അലസമനോഭാവംകൊണ്ടോ മാത്രമാണെന്ന് വിചാരിച്ചാല്‍ മതി. അതായിരുന്നു ഹരിപ്പാടന്‍. എന്തിനാ, കൂടുതൽ പറയുന്നേ, കത്തിവേഷത്തിന്റെ സൌന്ദര്യം നിറഞ്ഞു നിൽക്കുന്നത്‌ രാമകൃഷ്ണപിള്ളയുടെ വേഷത്തിലാണെന്നു  രാമന്‍കുട്ടിയാശാൻ തന്നെ കലാമണ്ഡലത്തിൽ വച്ച് പ്രസംഗിച്ചിട്ടുണ്ടല്ലോ?  അങ്ങയോടു ഞാന്‍ പറയട്ടെ, ഇന്ന് രാമകൃഷ്ണ പിള്ള ഉണ്ടായിരുന്നു എങ്കില്‍ അങ്ങേര് വേഷം കെട്ടി അരങ്ങില്‍ നില്‍ക്കുന്നതിനു 25,000മോ, 50000 മോ  കൊടുക്കുവാന്‍ ആളുണ്ടായേനെ. ആ ഒരു അലര്‍ച്ചയ്ക്ക് കൊടുക്കണം ആയിരകണക്കിന്. ഇപ്പോള്‍ ആര്‍ക്കുണ്ട് അലര്‍ച്ച? ഉണ്ണിത്താനും അരവിന്ദനും കൊച്ചുനാരായണപിള്ളയ്ക്കും കുറച്ചു കിട്ടിയിട്ടുണ്ട്. ബാക്കിയെല്ലാം  കീ കീ എന്നു കരയുകയാണ്, അലറുകയല്ല..

ചോദ്യം: ചെന്നിത്തലയെ കുറിച്ചുള്ള ഓര്‍മ്മകള്‍?

ഉത്തരം: തന്റെടത്തോടെ ഉള്ളത് തുറന്നു പറഞ്ഞു ജീവിച്ച ഒരു നടനായിരുന്നു ചെല്ലപ്പന്‍ പിള്ള. ഒരുത്തന്റെയും  ഓശാരത്തിനങ്ങേരെ കിട്ടില്ലായിരുന്നു. കേന്ദ്ര ഗവണ്മേന്റു അവാര്‍ഡ്‌ കൊടുത്തപ്പോള്‍ കലാമണ്ഡലത്തിന് അദ്ദേഹത്തെ ആദരിച്ചേ കഴിയൂ എന്ന് വന്നു. ആ ചടങ്ങില്‍ ചെന്നിത്തല തുറന്നടിച്ചു; "കേന്ദ്രഗവണ്മേന്റു കലാമണ്ഡലത്തിന് ഇഷ്ടമല്ലാത്ത ഒരു ബാദ്ധ്യത ഉണ്ടാക്കി വെച്ചു".

മറ്റു പ്രമുഖ നടന്മാരോളം അഭ്യാസത്തികവ് ചെല്ലപ്പൻ പിള്ളയാശാനുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന്റെ പാത്രബോധം അപാരമായിരുന്നു. ഔചിത്യപരമായ, തന്മയത്തമുള്ള ആട്ടങ്ങളിലൂടെയാണ് അദ്ദേഹം പ്രേക്ഷകർക്ക്‌ പ്രിയങ്കരനായത്. സഹനടന്മാരോട്, പ്രത്യേകിച്ചും തനിക്കു താഴെയുള്ളവരോട് ഇത്രമാത്രം സ്നേഹം കാണിച്ചിട്ടുള്ള മറ്റൊരു കലാകാരനില്ല.  മറ്റൊരു കലാകാരന്റെ സന്തോഷത്തിനായി, ആത്മാഭിമാനത്തിനായി തനിക്കു കിട്ടേണ്ടത് അദ്ദേഹം ഉപേക്ഷിച്ചിട്ടുള്ള പല സന്ദർഭങ്ങളും എനിക്കറിയാം.

അദ്ദേഹത്തിൻറെ കാര്യം പറയുമ്പോൾ രണ്ടു അരങ്ങുകളെക്കുറിച്ചു പറയാതെ വയ്യ.വ്യാസാ കഥകളി ക്ലബ്ബിന്റെ കഥകളി കരുനാഗപ്പള്ളിയിൽ. നളന്‍ ഗോപി, പുഷ്ക്കരന്‍ ചെന്നിത്തല. അന്ന് എനിക്ക് നീണ്ടകര പരിമണത്ത് കളി ഉണ്ടായിരുന്നു. കളി നടന്നു കൊണ്ടിരിക്കുമ്പോള്‍ കരുനാഗപ്പള്ളിയിലെ കളി കഴിഞ്ഞു വന്നവര്‍ പറഞ്ഞു;  ഇന്ന് പുഷ്ക്കരന്‍ നളനെ കടത്തി വെട്ടി.

കോട്ടയം തിരുനക്കരയില്‍ സീതാസ്വയംവരം. കൃഷ്ണന്‍ നായര്‍ ആശാനും മാങ്കുളവും പരശുരാമശ്രീരാമന്മാരായി അരങ്ങു പൊടിച്ചിരുന്ന കാലം. മാങ്കുളത്തിനു അസൗകര്യം ഉണ്ടായപ്പോള്‍ ചെന്നിത്തലയാണ് ശ്രീരാമനായത്. അരങ്ങില്‍ പരശുരാമനും ശ്രീരാമനും തമ്മിലുള്ള സംവാദത്തിനു കയ്യടിയോടെ കയ്യടി. അടുത്ത നാള്‍ അമ്പലപ്പുഴ രാമവര്‍മ്മയുടെ ലേഖനം ദിനപ്പത്രത്തിൽ പ്രത്യക്ഷപ്പെട്ടു- "പരശുരാമനെ വെന്ന ശ്രീരാമന്‍" എന്ന തലക്കെട്ടില്‍.

ചോദ്യം: ഞാൻ എണ്‍പതുകളിൽ കണ്ടിരുന്ന കഥകളിയിൽ ഇളകിയാട്ടത്തിനു വളരെ പ്രാധാന്യമുണ്ടായിരുന്നു. ഇന്നത്‌ വളര കുറഞ്ഞു പോയോ എന്നൊരു തോന്നൽ? കഥകളിയില്‍ ഇളകിയാട്ടത്തിനു  പ്രാധാന്യമുണ്ടോ?

ഉത്തരം: കഥകളി എന്നത് കഥ പറയുന്ന കളിയാണ്. അവിടെ സംഭാഷണം നടക്കണം. നൃത്തവും നാട്യവും എല്ലാം പോലെ തന്നെ പ്രാധാന്യമുള്ളതാണ് സംഭാഷണം. അതായത് ഇളകിയാട്ടങ്ങള്‍. ആശയദരിദ്രരായവര്‍ക്ക് എന്ത് സംഭാഷണം സാധിക്കും? എന്തെങ്കിലും രണ്ട് ചിട്ടപ്പെടുത്തി ഒപ്പിക്കും. ഇങ്ങിനെയല്ല മഹാനടന്മാര്‍ പണ്ട് അഭിനയിച്ചിരുന്നത്. എന്താണ് അരങ്ങില്‍ ചോദിക്കുന്നത് എന്ന് മുന്‍കൂട്ടി അറിയുവാന്‍ പോലും കഴിയില്ല. കയ്യില്‍ സ്റ്റഫ് ഇല്ലെങ്കില്‍ ഉത്തരം മുട്ടി കുഴങ്ങും. വടക്ക് നിന്നും വന്ന നടന്മാര്‍ ഇങ്ങിനെ എത്രയോ അരങ്ങുകളില്‍ കഷ്ടപ്പെട്ടിരിക്കുന്നു? ഇളകിയാട്ടം വേണ്ടെന്നു പറഞ്ഞു പഠിപ്പിച്ചാല്‍ പിന്നെ ഈ ടെന്‍ഷന്‍ ഒഴിവാക്കാമല്ലോ? ഇളകിയാട്ടം ഇല്ലാത്ത കളിയെ എന്നെ പോലുള്ളവര്‍ കഥകളി എന്ന് വിളിക്കാറില്ല.

ചോദ്യം: പണ്ടത്തെ അണിയറകൾ വളരെ സജീവമായിരുന്നു എന്ന് തോന്നുന്നു. അംബുജാക്ഷൻ നായർ അത്തരം ധാരാളം കഥകൾ പറയാറുണ്ട്‌? ഇതൊന്നു പറയാമോ?

ഉത്തരം: സജീവം എന്ന് താങ്കൾ പറഞ്ഞതിന്റെ അർഥം ജീവൻ ഉള്ളത്‌ എന്നാണല്ലോ? സത്യത്തിൽ അത് തന്നെയായിരുന്നു. തമാശകളും വെടിപറച്ചിലും പാരവെപ്പും ചിരിയും കളിയുമെല്ലാം ഉണ്ടായിരുന്നു അവിടെ. ഗുരു-ശിഷ്യ, പ്രായ ബഹുമാനങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം സംവദിക്കാൻ അന്നത്തെ കലാകാരന്മാർക്കെല്ലാം കഴിഞ്ഞിരുന്നു. ചിലർ ഗൌരവസ്വഭാവം ഉള്ളവരാകും എങ്കിലും അണിയറയിലെ രസികത്തങ്ങൾ അവരും ആസ്വദിച്ചിരുന്നു. ചെല്ലപ്പൻ പിള്ളയാശാനായിരുന്നു രസികത്തങ്ങളിൽ കേമൻ. ഇന്നിപ്പം ഗുരുക്കന്മാരൊക്കെ മസിലും പിടിച്ചിരുപ്പല്ലേ? എന്തെങ്കിലും ഒന്ന് മിണ്ടിപ്പോയാൽ അവരുടെ വില പോകുമെന്ന ഭയമാ. കാലം മാറി.  അണിയറകളുടെ കോലവും മാറി. അണിയറയുടെ നടുക്ക് ഈശ്വരപ്രതീകമായി നിലകൊള്ളേണ്ട നിലവിളക്കിന്റെ സ്ഥാനം ഇപ്പോൾ  അണിയറയുടെ മൂലയിലാക്കിയിരിക്കയാണ്, നടന് കാറ്റുകൊള്ളാൻ ഫാനിടാനുള്ള സൌകര്യത്തിനായി! ഈശ്വരനേക്കാൾ വലിയ ആട്ടക്കാരുള്ള കാലമാണിത്. പണ്ടിങ്ങനെയൊന്നും ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല .

ചോദ്യം: ഇന്നത്തെ സംഭാഷണത്തിൽ വിട്ടുപോയതോ അല്ലെങ്കിൽ താങ്കൾക്കു പ്രത്യേകമായി കൂട്ടിചേർക്കുവാനോ ആയി എന്തെങ്കിലും ഉണ്ടോ ?

ഉത്തരം: ചോദിച്ചത് നന്നായി. വടക്കൻ നടന്മാരിൽ എന്നെ ഏറ്റവും സ്വാധീനിച്ചിട്ടുള്ള കീഴ്പ്പടം കുമാരൻ നായരാശാനെപ്പറ്റി നമ്മൾ സംസാരിച്ചില്ല. മനുഷ്യത്വത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തിമത്‌‌ഭാവമായിരുന്നു അദ്ദേഹം. എനിക്ക് ധാരാളം സ്നേഹവും പരിഗണനയും അദ്ദേഹത്തിൽ നിന്നും ലഭിച്ചിരുന്നു. അദ്ദേഹത്തോടുള്ള എന്റെ കടപ്പാടും സ്നേഹാദരങ്ങളും രേഖപ്പെടുത്താനും കൂടി ഈ സന്ദർഭം പ്രയോജനപ്പെടുത്തണമെന്ന് എനിക്കാഗ്രഹമുണ്ട്.

മങ്കൊമ്പാശാനെക്കുറിച്ചും നമ്മൾ സംസാരിച്ചില്ല.  കഥകളിയെക്കുറിച്ചും മറ്റിതര കലകളെ ക്കുറിച്ചും അഗാധപാണ്ഡിത്യമുള്ള, തികഞ്ഞ ബഹുമാനം അർഹിക്കുന്ന മഹൽ വ്യക്തിയാണദ്ദേഹം . ഒരു കാലത്ത് നല്ല സ്ത്രീ വേഷക്കാരനായിരുന്നു.  വേഷത്തിന്റെ ഭംഗി അത്രയ്ക്ക് പോരായിരുന്നെങ്കിലും, സ്ത്രൈണഭാവങ്ങൾ അദ്ദേഹത്തിൻറെ വേഷത്തിൽ വിരിയുന്നത് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.  മിടുക്കനായ ഒരു അധ്യാപകനും ആയിരുന്നു അദ്ദേഹം. ഇന്നിപ്പം ഒന്നും അറിയാൻ കഴിയാത്ത നിലയിൽ വർഷങ്ങളായി കിടക്കയാണ് ആ മഹാനടൻ. വിധിയെ തടുക്കാൻ നമുക്കാവതില്ലല്ലോ?

ഒരാളെ ക്കൂടി സ്മരിച്ചേ  കഴിയൂ - ഓയൂർ കൊച്ചു ഗോവിന്ദപ്പിള്ളയാശാനെ.  നടൻ  എന്നതിലുപരി കുമാരൻനായരാശാനെപ്പോലെ ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം.   ഈ മഹാനുഭാവന്മാരെയൊക്കെ എങ്ങിനെ മറക്കാൻ കഴിയും?

ചോദ്യം: ആശാന്റെ കുടുംബം?

ഉത്തരം: ഭാര്യ ശാരദാമ്മ. നാല് മക്കൾ. ഗിരിജ, രതീഷ്‌, ജയകുമാർ, ശ്രീകാന്ത്. ജയകുമാർ(കലാഭാരതി ജയൻ) മദ്ദള കലാകാരനാണ്. കലാനിലയം ബാബുവിന്റെ ശിഷ്യനാണ്. തലമുറകളായി കഥകളി ബന്ധമുണ്ടായിരുന്ന എന്റെ കുടുബത്തിന്റെ ഭാവിയിലെ  കഥകളിബന്ധം ഇനി ജയനിലൂടെയാണ്.

ചോദ്യം: നമ്മൾ  ധാരാളം സംസാരിച്ചു. ഇന്നിവിടെ താങ്കൾ പറഞ്ഞ കാര്യങ്ങൾ എനിക്ക് തുറന്നെഴുതാമോ?

ഉത്തരം: എഴുതാമോന്നോ? എല്ലാം എഴുതണം എന്ന ഒരപേക്ഷയാണെനിക്കുള്ളത്. കഥകളി കൊണ്ട് ജീവിക്കുന്നവനാണ് ഞാൻ. എന്റെ കൂറ് ആ കലയോടാണ്. അതിനു ഗുണകരമാകുന്ന കാര്യമേ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിൽ എനിക്കാരെയും ഭയക്കേണ്ട കാര്യമില്ല. എനിക്ക് വേണ്ടത് അന്നും ഇന്നും ശ്രീ വല്ലഭൻ തരുന്നുണ്ട്. അതുമതി. സാറ് ധൈര്യമായിട്ട് എഴുതിയാട്ടെ.

ചോദ്യം: താങ്കളെ കാണാനും ഇത്രയുമൊക്കെ സംസാരിക്കാനും കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്. നന്ദി.

ഉത്തരം:ഏവൂർ ഭഗവാന്റെ നാട്ടുകാരനായ സാറിനോട് സംസാരിക്കാൻ കഴിഞ്ഞതിൽ എനിക്കും അതിയായ സന്തോഷം ഉണ്ട്. എത്രയോ രാത്രികളിൽ ഞാൻ പാടിയ തിരുസന്നിധാനമാണത്. ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഞാനീ സംഭാഷണത്തിൽ പരാമർശിച്ച ഏതെങ്കിലും വിഷയത്തെക്കുറിച്ച് ആർക്കെങ്കിലും അഭിപ്രായവ്യത്യാസമോ പരിഭവമോ ഉണ്ടെങ്കിൽ അതെന്നെ അറിയിച്ചാൽ തക്ക വിശദീകരണം നൽകാൻ ഞാൻ ഒരുക്കമാണ്. അഭിനയവിഷയത്തിലാണ്‌ വിശദീകരണം വേണ്ടതെങ്കിൽ, ഒരു പഴയകാല കഥകളിനടൻ കൂടിയായ ഞാൻ, അത് അഭിനയിച്ചു കാണിക്കാനും തയ്യാറാണ്. നമസ്കാരം.

Article Category: 
Malayalam

Comments

sri gopikuttan nair..........boldly calling a spade, a spade. several points that he brought out so frankly and blontly had been hinted to nicely bu stsri ambu in many a blog posts.hpy vishu to sri gopikuttan nair & my friend ksm. vry informative interview.expecting many more from ksm

ഹോ! അപ്രിയങ്ങ ളയ സത്യങ്ങള്‍! ഇവ തുറന്നടിക്കാന്‍ ഇന്ന് ഗോപിക്കുട്ടന്പില്ലചെട്ടന്‍ മാത്രമേ ഉള്ളൂ. ആധികാരികമായ വിമര്സനം നടത്താന്‍ അനേകം അരങ്ങു പരിചയമുള്ള അദ്ദേഹത്തിന് സര്‍വ്വാത്മനാ അധികാരമുണ്ട്‌. പാട്ട് മാത്രമല്ല, അഭിനയവും വഴങ്ങുന്ന അദ്ദേഹത്തിനു ഒരു നൂറ്റിയിരുപത് വയസ്സുവരെ എങ്കിലും ശ്രീവല്ലഭന്റെ തിരുമുമ്പില്‍ ആരോഗ്യത്തോടെ പാടാനുള്ള അവസരം ലഭിക്കട്ടെ എന്നാസംസിക്കുന്നു.

Mohandas's picture

ഇന്നലത്തെ ഫേസ്ബുക്ക് ചർച്ചകൾ കണ്ടിരുന്നു. പത്തൻപത്തഞ്ചു  വർഷത്തെ അരങ്ങു പരിചയമുള്ള ഒരു കഥകളി കലാകാരനു നമുക്കുള്ളതിൽ നിന്നും വിഭിന്നമായ പല ചിന്തകളും അനുഭവങ്ങളും കാണും. നമ്മുടെ വിശ്വാസങ്ങളും താത്പര്യങ്ങളുമായി അതെല്ലാം  യോജിക്കണമെന്നില്ല. അദ്ദേഹം പറയുന്നത് പലതും നമുക്ക് ഇഷ്ട്ടപ്പെടാത്തതുമായിരിക്കും.  നമുക്ക് ഇഷ്ട്ടപ്പെടാത്തതിനെ ആരോഗ്യകരമായി വിമർശിക്കാം. എത്ര നിശിതമായി വേണമെങ്കിലും വിമർശിക്കാം.  താൻ പറഞ്ഞ ഏതു വിഷയത്തിനും വിശദീകരണം തരാം എന്നും വേണമെങ്കിൽ അഭിനയിച്ചു കാണിക്കാം  എന്നും ശ്രീ. ഗോപിക്കുട്ടൻ നായർ പറയുമ്പോൾ തന്റെടമുള്ളവർ ചെയ്യേണ്ടത് ആ വഴി ഉപയോഗിച്ച് അങ്ങേരെ നേരിടുകയാണ്, അല്ലാതെ ഫേസ്ബുക്കിൽ ഒളിച്ചിരുന്ന് ഒളിയമ്പെയ്യുകയല്ല.  ഈ അഭിമുഖത്തിൽ നിന്നും കഥകളിക്കു ഗുണകരമാകുന്നത് വല്ലതും കിട്ടുമോ എന്ന് ശ്രമിക്കുന്നതായിരിക്കും അഭികാമ്യം. എല്ലാം തികഞ്ഞ കഥകളി പണ്ഡിതന്മാരായ ഞങ്ങൾക്കെന്തു പഠിക്കാൻ എന്നാണെങ്കിൽ കഥകളിയുടെ ദുര്യോഗം എന്നോർത്തു സമാധാനിക്കാം.  
 
 

കഥകളിഉടെ ആരോഗ്യപരമായ ഉയര്‍ച്ചയ്ക്ക്വേണ്ടി ഉള്ള സത്യസന്ധമായിട്ടുള്ള ഇന്റര്‍വ്യൂകല്‍ ഇനിയം വരണം എന്നാഗ്രഹിക്കുന്നു
ചന്ദ്രബാബു

Mohandas's picture

കാര്യങ്ങളെ ഗൗരവമായി കണ്ടു ചർച്ച ചെയ്യുന്ന ഫേസ്ബുക്ക്‌ അംഗങ്ങളുടെയും നിഖിലിന്റെയും അഭിപ്രായത്തെ മാനിച്ചു, ഫേസ്ബുക്കിൽ വരുന്ന കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾക്കും പരാമർശങ്ങൾക്കും ഇവിടെ ഉത്തരം നൽകുന്നു.
ഹരീഷ് നമ്പൂതിരി:
• 'വിജനേ ബത' അദ്ദേഹം പാടിയപ്പോള്‍ തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിന്റെ ഊട്ടുപുര വിറച്ചു... - ഞാന്‍ കരുതിയത് ആ പദമൊരു വിലാപ പദമാണെന്നാണ്... നളന്റെ യുദ്ധപദമായിരുന്നല്ലേ!
• "കല്യാണി പാടി ഒരു പിടി പിടിച്ചു കുട്ടപ്പക്കുറുപ്പ്." - അപ്പോ ഈ കല്യാണി എന്നു പറയുന്നതില്‍ പിടിച്ചാല്‍ അത് കര്‍ണാടിക് ആവില്ലാ? സോപാനത്തില്‍ തന്നെ നില്ക്കും? അതോ സോപാനത്തിലെ കല്യാണിയെ മറ്റൊരു തരത്തിലാണോ പിടിക്കേണ്ടത്? തൊട്ടു മുന്പ് പറഞ്ഞത് തെക്കോട്ടുള്ളവര്‍ കര്‍ണാടിക് അല്ല, സോപാനത്തില്‍ അടിയുറച്ച് പാടുന്നവരെന്നാണേ... അതാ ഒരു സംശയം.
• പുഷ്കരന്‍ നളനെ കടത്തിവെട്ടുന്നത് സത്യത്തില്‍ നല്ല അഭിനയമാണോ? കഥാപാത്രത്തെ അറിഞ്ഞു വേണം നടന്‍ അരങ്ങില്‍ പ്രവര്‍ത്തിക്കേണ്ടത്, അങ്ങിനെയല്ലേ?
• പരശുരാമനെ ശ്രീരാമന്‍ തന്നെയല്ലേ എല്ലായിടവും വെല്ലുന്നത്? പരശുരാമനു മുന്നില്‍ ശ്രീരാമന്‍ തോല്‍ക്കുകയല്ലല്ലോ!
ചോദ്യം 1 3, 4. ഭാഷാ പ്രയോഗത്തിന്റെ രീതിയാണിത്. 'കടലിനു തീ പിടിക്കുന്നു', 'ശർക്കര പന്തലിൽ തേൻമഴ ചൊരിയും' എന്നൊക്കെ പറയും പോലെ. ആരു പാടിയാലും ഊട്ടുപുര വിറക്കില്ല. പാട്ട് അതി ഗംഭീരമായിരുന്നു എന്ന അർത്ഥമെടുത്താൽ മതി. 'പുഷ്കരന്‍ നളനെ കടത്തിവെട്ടി' എന്നു പറയുമ്പോൾ പുഷ്ക്കരന്റെ ആട്ടം ഗംഭീരമായിരുന്നു എന്ന് ചിന്തിക്കാം. 'പരശുരാമനെ വെന്ന ശ്രീരാമൻ' എന്ന് പറഞ്ഞാലും അർഥം അത് തന്നെ. ഇങ്ങിനെയുള്ള പ്രയോഗങ്ങളിൽ അക്ഷരാർത്ഥം അല്ല എടുക്കേണ്ടത്.
ചോദ്യം 2. കല്യാണിയുടെ രാഗാലാപനത്തിന്റെ കാര്യമാണല്ലോ പറഞ്ഞത്‌. . ആടെണ്ട പദങ്ങൾക്കു (അതായത് കതകളിപ്പദത്തിനു) അനാവശ്യമായ കർണ്ണാടക സംഗീത രീതി വേണ്ട എന്ന് പറയുന്നതും ആട്ടമൊന്നും ഇല്ലാത്ത ഭാഗത്തു രാഗഭാവ വിസ്താരം നടത്തുന്നതും തമ്മിൽ ബന്ധിപ്പിക്കേണ്ടതുണ്ടോ? നടൻമാർ അരങ്ങിൽ വരാൻ താമസിച്ചാലും പ്രെക്ഷകരെ പിടിച്ചിരുത്താൻ അര മണിക്കൂറിലധികം രാഗ വിസ്താരം ഭാഗവതന്മാർ നടത്തുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌ . അരങ്ങു മുഷിപ്പിക്കാതിരിക്കാനുള്ള ഒരു മാർഗ്ഗമാണത്.
ഇപ്പറഞ്ഞതൊക്കെ എന്റെ മനസ്സില് തോന്നിയ ചിന്തകളാണ് . ഇതിൽ കൂടുതൽ വിശദീകരണം ശ്രീ. ഗോപിക്കുട്ടൻ നായർക്കെ നല്കാൻ കഴിയൂ.

haree's picture

മേല്‍ ചോദ്യങ്ങള്‍ ഒരു ഫേസ്ബുക്ക് ചര്‍ച്ചയുടെ സ്വഭാവത്തില്‍ ചേര്‍ത്തതാണ്. പ്രസക്തമായ കാര്യം അത്തരം പുകഴ്ത്തലുകളോ / ഇകഴ്ത്തലുകളോ ഉദ്ദേശിച്ചുള്ള പരാമര്‍ശങ്ങള്‍ വിശേഷിച്ചൊന്നും സംവേദിക്കുന്നില്ല എന്നതാണ്. മറ്റ് രീതിയിലും ഈ പരാമര്‍ശങ്ങളെ പരിഗണിക്കുകയും അവ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ നിന്നും തികച്ചും വിഭിന്നമായ അര്‍ത്ഥങ്ങളിലേക്ക് വായനക്കാരന്/രിക്ക് എത്തുകയും ചെയ്യാം (വഴിപിഴയ്ക്കും തവ നിനയ്ക്കുമ്പോള്‍ എന്നു പറയുമ്പോലെ...) എന്നുമുണ്ട്. അതാണ് വിലാപപദം പാടി വിറപ്പിക്കുന്നതാണോ ഒരാളുടെ കഴിവെന്ന്‍ ചോദിച്ചത്; അല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ മനസിലാക്കിയതോ ചോദിച്ചതോ അല്ല!

സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു മധ്യതിരുവിതാംകൂർ കലാകാരൻ "എന്തിനോ വേണ്ടി തിളയ്ക്കുന്ന പോലെ " പറഞ്ഞ അതിസാധാരണമായ, കേവലം ഉപരിതലസ്പർശിയായ വിദ്വേഷം പറച്ചിലുകൾ ആണ് ഈ അഭിമുഖം . അരങ്ങത്ത് "അനുഭവങ്ങൾ" സൃഷ്ടിക്കുന്ന കലാമണ്ഡലം ഗോപിയാശാന്റെ ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കാത്ത തന്നിഷ്ടങ്ങളെയും ( Eg : കൂടെയുള്ള അഭിനേതാക്കളെയും മറ്റു കലാകാരന്മാരെയും നിശ്ചയിക്കുന്ന കാര്യം , കഥാപാത്രങ്ങളെ നിർജ്ജീവമാക്കുന്ന കാര്യം) , സഹകലാകാരന്മാരിൽ ഭയം ജനിപ്പിക്കുന്ന പ്രകൃതത്തെയും ഇക്കൂട്ടത്തിൽ അദ്ദേഹം യഥാതഥം ആയി പരാമർശിക്കുന്നു . പക്ഷെ ആ കലാകാരന്റെ അനിർവ്വചനീയമായ കഴിവുകളെ , പ്രതിഭയെ വെറുതെ താഴ്ത്തിക്കെട്ടാനും ഇകഴ്ത്താനും ശ്രമിക്കുന്നു.രാമൻകുട്ടി ആശാനും മേലെ അദ്ദേഹം പ്രതിഷ്ഠിച്ച കത്തിവേഷ കലാകാരൻ നന്നായി ഒന്ന് കലാശിക്കുന്നതുപോലും കാണുവാൻ കാണികൾക്ക് യോഗം ഉണ്ടായിട്ടുണ്ടോ എന്നും സംശയം. കേവലം "സുന്ദരം" എന്ന് വിശേഷിപ്പിക്കാവുന്നത് മാത്രമാണോ കത്തിവേഷത്തിന്റെ യോഗ്യത? (ഈയുള്ളവന്റെ കാഴ്ച അനുഭവങ്ങളിൽ നിന്നും പറയുന്നു ). ആ ഭാഗമൊക്കെ തികച്ചും സഹതാപാർഹം എന്നെ പറയേണ്ടൂ . പത്തിയൂരിനെയും മറ്റും പരാമർശിച്ചതിൽ വെറും പ്രൊഫഷണൽ ജലസി നിഴലിക്കുന്നു. അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ വെളിപ്പെടുത്തുന്നതിൽ തന്നെ യുവതലമുറയിലെ ആൾക്കാരിൽ സ്പർധ വളർത്താനാണ്‌ എന്ന് തോന്നിയാലും അത്ഭുതപ്പെടാനില്ല . മടവൂർ ആശാൻ ഈ വയ്യാത്ത കാലത്തും കലാസപര്യ തുടരുന്നതിനെ അഭിനന്ദിക്കെണ്ടതിനു പകരം തികച്ചും പ്രതിലോമകരമായ രീതിയിൽ പരാമർശിക്കുന്നു . തകഴി കുട്ടന്പിള്ളയാശാൻ പാടിയ ഒരു പദം പോലും എനിക്ക് ഒരക്ഷരം മനസ്സിലാക്കുവാൻ സാധിചിരുന്നില്ല. ആ സ്ഥാനത്ത് ഉണ്ണികൃഷ്ണക്കുരുപ്പാശാനും എംബ്രാന്തിരിയും ഹരിദാസും ഹൈദരാലിയും ഒക്കെ നല്ല "വ്യക്തതയോടും ശുദ്ധതയോടും" പാടി കാണികളെ കയ്യിലെടുത്തത് അവരൊക്കെ തിരുവിതാംകൂർകാരായതുകൊണ്ടല്ല .
ഗോപിക്കുട്ടനാശാനു ഇങ്ങനെയൊക്കെ പറയാൻ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. പക്ഷെ അത് കഴമ്പില്ലാത്ത കേവലം വിദ്വേഷം മാത്രം അടിസ്ഥാനമാക്കിയുള്ളതായിപ്പോയി . അതുകൊണ്ട് തന്നെ ഇത്രയും സീനിയർ ആയ ഒരാളിൽ നിന്നും പ്രതീക്ഷിച്ചിരുന്ന "സമഗ്രം" ആയ, പക്വതയാർന്ന അപഗ്രഥനം ആയി ഒരിക്കലും തോന്നിയും ഇല്ല

Mohandas's picture

താങ്കളുടെ ഈ അഭിപ്ര്രയങ്ങൾ ഞാൻ ഗോപിക്കുട്ടൻ ആശാന് അയച്ചുകൊടുക്കാം. അദ്ദേഹത്തിൽ നിന്നും മറുപടി കിട്ടുമ്പോൾ അതിവിടെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
 

Mohandas's picture

 സാധാരണക്കാരിൽ സാധാരണക്കാരനായ  മദ്ധ്യതിരുവിതാംകൂറുകാരൻ എന്തിനോ വേണ്ടി തിളക്കുന്നുവെന്നാണല്ലോ ആക്ഷേപം. ശെരി,  ഞാൻ 'സാധാരണക്കാരിൽ സാധാരണക്കാരൻ'  ആണെന്ന് തന്നെ ഇരിക്കട്ടെ.  പക്ഷെ, ഇതൊക്കെ എഴുതിയ ഈ 'അസാധാരണക്കാരിൽ അസാധാരാണക്കാരൻ' ആരാണാവോ? ഇങ്ങിനെ ഒരാളുടെ പേർ കഥകളി വിഷയവുമായി ബന്ധപ്പെടുത്തി ഞാൻ ഇതുവരെ കേട്ടിട്ടില്ലല്ലോ? എന്നെ 'കഥകളിയിലെ സന്തോഷ്‌ പണ്ഡിറ്റ്‌' എന്ന് മറ്റൊരാൾ വിളിച്ചെന്നു കുട്ടികൾ കമ്പ്യൂട്ടർ നോക്കി  പറഞ്ഞിരുന്നു.  അദ്ദേഹത്തിൻറെ സുഹൃത്തോ മറ്റോ ആണോ ഇനി ഇദ്ദേഹം?
         ഒരാൾ നമുക്ക് ഇഷ്ട്ടപ്പെടാത്തത് പറയുകയോ ചിന്തിക്കുകയോ ചെയ്‌താൽ അയാളെ പരിഹസിച്ചാൽ മതി, മിടുക്കനാകാം എന്നാണോ പുതിയ സിദ്ധാന്തം? ഗുരു ചെങ്ങന്നൂർ തുടങ്ങിയ എല്ലാ തെക്കൻ കഥകളി കലാകാരന്മാർക്കും, വാഴേങ്കട കുഞ്ചുനായർ,കീഴ്പ്പടം കുമാരൻ നായർ, രാമൻകുട്ടി നായർ തുടങ്ങിയ എല്ലാ വടക്കൻ കഥകളി നടന്മാർക്കും തെക്കും വടക്കും സമന്വയിപ്പിച്ചാടിയ  കലാമണ്ഡലം കൃഷ്ണൻ നായർക്കും പിന്നണി പാടിയ ഒരേ ഒരു  കഥകളി ഗായകനാണ് ഞാൻ.  അന്തസ്സോടെ തന്നെ പറയാം, ഇവരാരും എന്നെ പുശ്ചിച്ചു സംസാരിച്ചിട്ടില്ല.  കഥകളി വേഷം, സംഗീതം, അഷ്ടപദി, സിനിമാഗാനം, ലളിതഗാനം, ഭക്തിഗാനം ഇതെല്ലാം കൈകാര്യം ചെയ്യാൻ കഴിവുള്ളവൻ തന്നെയാണ് ഞാൻ.  വേണ്ടി വന്നാൽ  കളിക്ക് ചെണ്ടയും കൊട്ടും. എന്റെ ഗൃഹത്തിൽ നേരിട്ട് വന്നാൽ സാധാരണക്കാരിൽ അസാധാരണക്കാരനാണ് ഞാനെന്നു താങ്കൾക്കു തെളിയിച്ചു തരാം. ഇത് ആത്മപ്രശംസയല്ല, മറിച്ച് ആസ്വാദകരുടെ എന്റെ കഴിവുകളിലുള്ള സാക്ഷിപത്രങ്ങളുടെ വെളിച്ചത്തിൽ അഭിമാനപൂർവം പറയുന്ന  സത്യം മാത്രം.  ഇങ്ങിനെയൊക്കെയുള്ള ഞാൻ 'തിളയ്ക്കണ'മെങ്കിൽ അതിനു അതിന്റേതായ കാരണം ഉണ്ടെന്നു മനസ്സിലാക്കാനുള്ള ബുദ്ധി വേണ.    
 ഏതായാലും താങ്കൾ കണ്ടതിൽ  കൂടുതൽ കഥകളി കണ്ടവനാണല്ലോ ഞാൻ? ഗോപിയെ എനിക്കറിയാവുന്നത്ര താങ്കൾക്ക് അറിയാനും ഇടയില്ലല്ലോ?എന്റെ അരങ്ങു പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഗോപിയുടെ വേഷങ്ങളെക്കുറിച്ച് പറഞ്ഞത്. അത് ഗോപിയെന്ന വ്യക്തിയേയോ നടനേയോ പരിഹസിക്കാനോ അപകീർത്തിപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതല്ല. അങ്ങിനെയൊന്നും ചെയ്യാൻ മാത്രം ദ്രോഹമൊന്നും  ഗോപി എന്നോട് ചെയ്തിട്ടും ഇല്ല. കഥകളിയിൽ ഉന്നതസ്ഥാനീയനായ ഒരു നടൻ ആ കലക്ക് ചേരാത്തത് പ്രവർത്തിക്കുന്നത്, ആ കലയുടെ നന്മയെക്കരുതി ഞാൻ പറയുന്നുവെന്നു മാത്രം കരുതിയാൽ മതി. ഇത് പറയാൻ ഞാൻ ബാധ്യസ്ഥനാണ്‌...  ഇപ്പറഞ്ഞത് കൊണ്ട്‌ എനിക്കു നഷ്ടമല്ലാതെ ഗുണമുണ്ടാകില്ലല്ലോ? അങ്ങിനെ ആരെങ്കിലും നഷ്ടം സഹിച്ചാലല്ലേ  ചിലതൊക്കെ നില നില്ക്കൂ സാറേ. കലാമണ്ഡലം തെക്കൻ കളരിയിലെ  അദ്ധ്യാപകവൃത്തിയിൽ തുടർന്നിരുന്നുവെങ്കിൽ പ്രിൻസിപ്പാളായി റിട്ടയർ ചെയ്യേണ്ടിയിരുന്ന ആളാണ്‌ ഞാൻ.  ഈ തൊഴിലിൽ പാലിക്കേണ്ട ചില മാന്യതകൾ നിലനിർത്താൻ ൻ വേണ്ടി ആ ജോലി വലിച്ചെറിഞ്ഞു  ഇന്നും അരങ്ങത്തു പാടി ജീവിക്കയാണ് ഞാൻ.  ഗോപി വളരെ കഴിവുകളുള്ള ഒരു കഥകളി കലാകാരനാണ്. നിങ്ങളെപ്പോലെയുള്ളവരുടെ  കൈയടിക്ക് വേണ്ടി,  ജനകീയമായ  നിലവാരം കുറഞ്ഞ കഥകളി കളിക്കുന്നതിനോടാണ് എന്റെ എതിർപ്പ്. അല്ലാതെ ഗോപിയെന്നല്ല, ഒരു കഥകളി കലാകാരനോടും എനിക്ക് വിദ്വേഷമോ അസൂയയോ വിരോധമോ ഇല്ല.   പുരാണപരമായ ഇതിവൃത്തത്തിൽ കളിക്കുന്ന കഥകളിക്ക് അനുയോജ്യമല്ലാത്ത രീതികൾ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അത് കണ്ടു കണ്ണടച്ചിരിക്കാൻ എനിക്ക് കഴിയില്ല.  
        ഇനി മടവൂരിന്റെ കാര്യം. ഞാൻ വേഷക്കാരനായിരുന്ന ആദ്യ കാലത്ത് നെറ്റിയിൽ ശെരിക്കു നാമം വരക്കേണ്ടത് എങ്ങിനെയെന്ന് പറഞ്ഞു തന്നത് മടവൂരായിരുന്നു.  ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന് അത്ര പഴക്കമുണ്ട്.  എനിക്ക് എന്റെ ജ്യേഷ്ഠതുല്യനാണ്  അദ്ദേഹം. ആ മടവൂരിനെയല്ല ഞാൻ വിമർശിച്ചത്. ഗുരു ചെങ്ങന്നൂരിൽ നിന്നും നേരിട്ട് ഗുരുകുല സമ്പ്രദായത്തിൽ തെക്കൻ ചിട്ട ശെരിക്കും പഠിച്ച തെക്കൻ കഥകളി രംഗത്തിന്റെ അഭിമാനമായ കലാകാരനാണ് മടവൂർ. അതിനാൽ തന്നെ അദ്ദേഹത്തിനു മറ്റുള്ളവർക്കില്ലാത്ത ചില ചുമതലകൾ ഉണ്ട്. ഗുരു ചെങ്ങന്നൂരിന്റെ പാരമ്പര്യം നിലനിർത്താൻ മടവൂർ  ബാധ്യസ്ഥനാണ്.   അതിൽ അദ്ദേഹം വരുത്തുന്ന വീഴ്ചകൾ കഥകളിയുടെ  വലിയ നഷ്ട്ടങ്ങളാണ്. അതാണ്‌ ഞാൻ പറഞ്ഞത്. എന്റെ സ്വരത്തിലെ കാർക്കശ്യം എന്റെ ആത്മാർഥത കൊണ്ടുണ്ടാകുന്നതാണ്. അല്ലാതെ എന്റെ ജ്യേഷ്ഠതുല്യനെ നിന്ദിക്കുകയല്ല എന്റെ ലക്ഷ്യം.
         ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ എത്ര കത്തി വേഷങ്ങൾ താങ്കൾ കണ്ടിട്ടുണ്ട് ? ഭംഗിയുള്ള കലാശങ്ങളെ ടുക്കാനും രാമകൃഷ്ണപിള്ള സമർത്ഥനായിരുന്നു. എത്രയോ അരങ്ങുകളിൽ അത് ഞാൻ കണ്ടിരിക്കുന്നു? പക്ഷെ അലസമനോഭാവം കാരണം പോകെപ്പോകെ കലാശം എടുക്കുന്നതിൽ ശുഷ്ക്കാന്തി കുറഞ്ഞു പോയി എന്നുള്ളതാണ് സത്യം. കലാശങ്ങൾ കഥകളിക്കു വേണ്ടത് തന്നെയാണ്. പക്ഷെ അഭിനയത്തിനായിരിക്കണം മുൻഗണന. അഭിനയമില്ലാതെ കലാശങ്ങൾ മാത്രം എടുത്താൽ അത് കഥകളിയാവില്ല. ഒരു സർക്കസ്സുകാരനോ കായികാഭ്യാസിയോ വിചാരിച്ചാൽ നല്ല നാല് കലാശം ചെയ്യാൻ കഴിയും. പക്ഷെ അതിനെ കഥകളിയെന്ന് വിവരമുള്ളവരാരും വിളിക്കുകയില്ല. വടക്കൻ സമ്പ്രദായത്തിൽ രസാഭിനയം കുറവാണെന്ന് അറിഞ്ഞതു കൊണ്ടുതന്നെയാണ് മഹാകവി വള്ളത്തോൾ തകഴിക്കാരനായ കുഞ്ചുക്കുറുപ്പാശാനെ കലാമണ്ഡലത്തിലേക്ക് ക്ഷണിച്ചത്. അല്ലാതെ കുറുപ്പാശാന്റെ സൌന്ദര്യം കാണാനല്ല.  ഹരിപ്പാട് രാമകൃഷ്ണപിള്ളയുടെ കത്തിവേഷം 'ഗംഭീരം' ആണെന്നാണ്‌ രാമൻകുട്ടി ആശാൻ കലാമണ്ഡലത്തിൽ പ്രസംഗിച്ചത്, അല്ലാതെ അതിന്റെ 'സൗന്ദര്യ' ത്തെപ്പറ്റി  മാത്രമല്ല പറഞ്ഞത്.  ഇത് മോഹൻദാസ്‌ എഴുതിയതിൽ വന്ന പിശകാണ്.  ഇവിടൊന്നും സഹതപിക്കാനുള്ള കാര്യമൊന്നുമില്ല. കാര്യങ്ങൾ അറിയാതെ താങ്കളെപ്പോലുള്ളവർ എഴുതുന്നതിലാണ് എനിക്ക് സഹതാപം തോന്നുന്നത്.
        യുവഗായകരിൽ ചിലരുടെ പാട്ട് നല്ലതാണെന്ന് പറയുന്നത് ഇവരുടെ ഇടയിൽ സ്പർധ വളർത്താനാണെന്നുള്ള ആക്ഷേപം അസ്സലായി. ഇതിനു പുറമേ ഇത് പ്രൊഫഷണൽ ജലസി (അസൂയ) ആണത്രേ. ആരോട് പ്രൊഫഷണൽ ജലസി? ശങ്കരൻകുട്ടിയോടോ? കലാമണ്ഡലം ഗംഗാധരനും മാടമ്പിയും ഒഴിച്ചാൽ ഇന്ന് കഥകളിയിൽ പാടുന്ന എല്ലാവരും എനിക്ക് ശിങ്കിടി പാടിയിട്ടുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരെല്ലാം എൻറെ ശിഷ്യതുല്യരാണ്. ഇവരോടാണോ എനിക്ക് വിദ്വേഷം?  ഇവരെ തമ്മിലടുപ്പിച്ചിട്ടു എനിക്കെന്തു നേടാൻ? ഇന്നുവരെ എനിക്ക് കഥകളിയിലുള്ള ഒരു ഗായകനേം ഭയക്കേണ്ട ഗതികേടുണ്ടായിട്ടില്ല.  നിങ്ങളെപ്പോലെയുള്ള കഥകളി ആസ്വാദകർക്ക് വേണ്ടി പാട്ടിനെ കൊല്ലുന്നതിനെയാ ഞാൻ വിമർശിച്ചത്.  സത്യത്തിൽ നിങ്ങളെപ്പോലുള്ള  കുറെ കഥകളി ആസ്വാദകരാണ്  ഈ നല്ല കലാകാരന്മാരെയെല്ലാം നശിപ്പിക്കുന്നത്. തകഴി കുട്ടൻ പിള്ള ചേട്ടന്റെ പല്ലെല്ലാം പോയ കാലത്തെ പാട്ടായിരിക്കും താങ്കൾ കേട്ടത്. അതുകൊണ്ടാണ് ശെരിക്കും തിരിയാഞ്ഞത്.   കുറേക്കൂടി ചെറുപ്പത്തിലെ അദ്ദേഹത്തിൻറെ പാട്ട് കേട്ടിരുന്നുവെങ്കിൽ ഇങ്ങിനെ പറയുമായിരുന്നില്ല. 

              വിദ്വേഷം വരുന്നത് മോഹഭംഗം വരുമ്പോഴാ സാറെ. എനിക്കങ്ങനൊരു കാര്യം ഇതുവരെ തോന്നിയിട്ടില്ല.   കഥകളിയിൽ മേൽവിലാസം ഉള്ളവർക്കെല്ലാം ഞാൻ പിന്നണി പാടിക്കഴിഞ്ഞു. ഇന്നും ഏതു യുവഗായകനെക്കാളും ഭംഗിയായി  കഥകളിപ്പദം ഞാൻ പാടും. കഥകളിപ്പദത്തിന്റെ കാര്യമാ പറഞ്ഞത്, അല്ലാതെ കഥകളിപ്പദ സർക്കസ്സോന്നും ഈ പ്രായത്തിൽ ഇനി വയ്യ. ഇനി പ്രത്യേകിച്ചൊന്നും നേടാനും നഷ്ട്ടപ്പെടാനും എനിക്കില്ല. മഹാന്മാർ സൃഷ്ട്ടിച്ചു നമുക്ക് തന്നിട്ട് പോയ ഒരു മഹനീയ കല അങ്ങിനെ തന്നെ നിലനിന്നു കാണണം എന്നൊരാഗ്രഹം ഉണ്ട്.  അതിനു വിപരീതമായ കാര്യങ്ങൾ കാണുമ്പോൾ സഹിക്കാൻ കഴിയാതെ പറഞ്ഞു പോകുന്നതാണ്. ചിട്ടപ്രകാരം കഥകളി കളിക്കുന്ന നടൻ, തന്റെ ആട്ടങ്ങളിലും ആ അന്തസ്സ് പുലർത്തണം. കഥകളി എന്തെന്നറിയാത്ത, മുന്നിലിരിക്കുന്ന പ്രേക്ഷകനെ സുഖിപ്പിക്കാനായി കഥകളി കളിച്ചു തുടങ്ങിയാൽ ഈ വലിയ കല നശിച്ചു പോകും. അങ്ങിനെ സംഭവിക്കരുത്. ആ ആഗ്രഹത്തിന്റെ പേരില് മാത്രം ഇതൊക്കെ പറയുന്നു . തിരിച്ചും മറിച്ചും ഇത് തന്നെ പറഞ്ഞ് ഈ സംവാദം തുടർന്നുകൊണ്ട് പോകാൻ എനിക്കാഗ്രഹവും ഇല്ല.

haree's picture

 

അഭിമുഖം ഒന്നല്ല, രണ്ടുവട്ടം വായിച്ചു. കുറച്ചൊക്കെ പൊതുസമ്മതിയുള്ള കാര്യങ്ങള്‍, അതില്‍ കുറേയേറെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ 'facts' എന്ന മട്ടില്‍ കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നു എന്നല്ലാതെ വിശേഷിച്ചൊന്നും തോന്നിയില്ല. എന്തുകൊണ്ട് ഓരോ കാര്യവും പറഞ്ഞു എന്നത് പലപ്പോഴും വ്യക്തവുമല്ല. (ഉദാ: ഗോപിയാശാന്‍ എന്തു പൊടിക്കൈ/ട്രിക്കാണ് കാണിക്കുന്നത്? പൊടിക്കൈകളുടെ കാര്യത്തില്‍ കലാ. കൃഷ്ണന്‍ നായരാശാനും മുന്നിലായിരുന്നു എന്നാണ് കേട്ടറിവ്.)
...അരങ്ങിലെങ്കില്‍ ശുദ്ധതോന്ന്യാസമാകും അന്ന് അരങ്ങില്‍ കാണിക്കുന്നത്.ഇത് പല അരങ്ങുകളിലും സംഭവിച്ചിട്ടുണ്ട്. ഇയ്യിടെ കവചകുണ്ഡലം എവിടെ എന്ന് ഒരു സീനിയർ കുന്തി നടൻ ചോദിച്ചു. ഉത്തരം കാണിച്ചത് സാറിനോടു പറയുന്നതു ശെരിയല്ല.  ഇതാണോ കഥകളി?
ഒന്നുകില്‍ ഒരു കാര്യം പൂര്‍ണമായി പറയുക, അല്ലെങ്കില്‍ ഒന്നും പറയാതിരിക്കുക - ഇതു രണ്ടുമല്ലാതെ ഒരു കാര്യം പാതി പറഞ്ഞാല്‍ അതാണ് കൂടുതല്‍ അപകടം. ഇതിപ്പോള്‍ ഓരോരുത്തരും അവരുടെ ഭാവനയ്ക്ക് അനുസരിച്ചു ഓരോന്ന്‍ മെനയും. ഇപ്പോള്‍ തന്നെ അരങ്ങത്ത് കാണിച്ചതിന്റെ എത്ര പെരുപ്പിച്ചാവും ഓരോരുത്തര്‍ രഹസ്യമായി പറഞ്ഞു പോവുന്നുണ്ടാവുക! യഥാര്‍ത്ഥത്തില്‍ എന്താണ് ആടിയതെന്ന് അറിയാമെങ്കില്‍ പറയുക എന്നതു തന്നെയാണ് അഭികാമ്യം. അല്ലെങ്കില്‍ "തനിക്ക് താത്പര്യമില്ലാത്ത കൂട്ടുവേഷക്കാരെങ്കില്‍ ആടുന്നത് പലതും അനുചിതമാണ്..." എന്നോ മറ്റോ പറഞ്ഞാല്‍ മതിയായിരുന്നല്ലോ!
Mohandas's picture

എനിക്കുത്തരം പറയാവുന്ന ചോദ്യങ്ങളല്ല ഇതൊന്നും. അതുകൊണ്ട് ഗോപിക്കുട്ടൻ ആശാന് അയച്ചുകൊടുത്തു ഉത്തരം കിട്ടാൻ ശ്രമിക്കാം.

Mohandas's picture

ഫോട്ടോ കണ്ടിട്ട് ആൾ നന്നേ ചെരുപ്പമാണെന്നു തോന്നുന്നു. എന്നോടൊപ്പം പാടിക്കൊണ്ടിരുന്ന ഭട്ടതിരിയുടെ കൊച്ചുമകനാണെന്നും അറിഞ്ഞു. അങ്ങിനെയെങ്കിൽ മോന്റെ അമ്മയും സംഗീതത്തിൽ എന്റെ ശിഷ്യയാണ്. അതുകൊണ്ട് കവചകുണ്ഡലത്തിന്റെ ആട്ടമൊന്നും കുഞ്ഞിനോട് ഞാൻ പറയുന്നത് ശെരിയല്ല. എന്റെ അഭിമുഖത്തിൽ വിശേഷിച്ചൊന്നും ഇല്ലെന്നു തോന്നുന്നത് ഈ വിഷയത്തിൽ ശെരിയായ അറിവില്ലാത്തതുകൊണ്ടാണ്. അതിനുള്ള പ്രായവും ആയിട്ടില്ലല്ലോ? കളിയെല്ലാം കണ്ടു പഠിക്കണം. മുത്തശ്ശനേം അമ്മേം എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം. കുഞ്ഞിനു എല്ലാ നന്മകളും ഉണ്ടാകട്ടെ.
ഗോപിക്കുട്ടൻ ആശാൻ

haree's picture

വിശേഷിച്ചൊന്നും ഇല്ല എന്നല്ല പറഞ്ഞത്, വിശേഷിച്ചൊന്നും തോന്നിയില്ല എന്നാണ്. രണ്ടും രണ്ടാണല്ലോ. 'ശരിയായ അറിവ്' എന്നൊക്കെ പറയുന്നത് തികച്ചും ആപേക്ഷികം. ഈ വിഷയത്തിലെന്നല്ല, ഒരു കാര്യത്തിലും 'ശരിയായ അറിവ്' എനിക്കുണ്ട് എന്നു ഞാന്‍ കരുതുന്നുമില്ല. :)

ഓഫ്: ഫോട്ടോ അല്പം പഴേതാണ്. നന്നേ ചെറുപ്പമായി തുടര്‍ന്നും തോന്നട്ടേ! ;)

C.Ambujakshan Nair's picture

   ഗോപിയാശാന്‍ എന്തു പൊടിക്കൈ/ട്രിക്കാണ് കാണിക്കുന്നത് എന്ന് ഹരി ഇവിടെചോദിക്കുകയുണ്ടായി. അതിനുള്ള  ഉത്തരം നെടുമുടിയിലെ കർണ്ണശപഥം കഥകളിയുടെ വിശകലനത്തിൽ ഹരി തന്നെ നല്കിയിട്ടുണ്ടല്ലോ? എന്റെ കമന്റും അതിൽ ഉണ്ട്. വായിക്കുക. 
http://www.kaliyarangu.blogspot.in/2011/01/karnasapatham-nedumudi.html

haree's picture

ഗോപിയാശാന്‍ എന്തു പൊടിക്കൈ/ട്രിക്കാണ് കാണിക്കുന്നത് എന്നല്ല ചോദിച്ചത്; എന്തൊക്കെ കാണിക്കുന്നു എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് (ചിട്ടപ്രധാനമായ പച്ചവേഷങ്ങളെ ത്രിശങ്കുവിലാക്കുന്നു എന്നതിനോടൊപ്പമാണ് പറഞ്ഞത്. അപ്പോള്‍ കൂടുതല്‍ വ്യക്തത അവിടെ കൊണ്ടുവരേണ്ടതുണ്ട്.) എന്നാണ് ചോദിച്ചത്. ഞാന്‍ കരുതുന്ന പൊടിക്കൈ/ട്രിക്ക് ആവണമെന്നില്ലല്ലോ അദ്ദേഹം ഉദ്ദേശിച്ചിട്ടുണ്ടാവുക.

C.Ambujakshan Nair's picture

ചിട്ട പ്രകാരമോ അല്ലാതെയോ ഉള്ള   പച്ചവേഷങ്ങളിൽ ഉള്ള ചില  കഥാപത്രങ്ങളെ ത്രിശങ്കുവിലാക്കുന്നു എന്ന് മാറ്റി ഏഴുതിയാൽ, ആ സത്യം മനസിലാക്കുവാൻ   നെടുമുടിയിൽ നടന്ന കർണ്ണശപഥം  കഥകളിയെ പറ്റി  താങ്കളുടെ വിമർശനം മാത്രം മതിയാകും. കൂടുതൽ എഴുതുന്നില്ല.

സത്യം മാത്രമാണ് ശ്രീ ഗോപിക്കുട്ടൻ നായർ പറഞ്ഞത്. ചില ചോദ്യങ്ങൾക്കുള്ള വിശദീകരണങ്ങൾ അദ്ദേഹത്തിൽ നിന്ന് വാങ്ങി പ്രസിദ്ധീകരിക്കണം.

നന്ദി, ഡോ. മോഹൻ ദാസ് .

C.Ambujakshan Nair's picture

ഞാൻ കുറച്ചു ദിവസങ്ങളായി നാട്ടിലായിരുന്നു.  ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായരുടെ ഇന്റർവ്യൂ ഞാൻ വായിക്കുന്നതിനു മുൻപ് തന്നെ അതിലെ വിവരങ്ങൾ സംബന്ധിച്ച ചില്ലറ ചർച്ചകൾ  ചില കഥകളി അണിയറകളിൽ നടന്നിരുന്നതു ശ്രദ്ധിക്കുവാൻ അവസരം ലഭിച്ചിരുന്നു.    തിരുവല്ല ചക്രക്ഷാളനകടവ്   ക്ഷേത്രത്തിൽ 18 -04 - 2013 നിശ്ചയിച്ചിരുന്ന വൈകിട്ട് ഏഴരയ്ക്ക്  നടത്തുവാനിരുന്ന കളി മൂന്നു മണിക്കൂർ വൈകിയാണ് നടന്നത്. ഈ സമയമത്രയും  ശ്രീ. ഗോപിചേട്ടനുമായും സംസാരിക്കാൻ അവസരം ഉണ്ടായി.

ഗോപി ചേട്ടന്റെ ഇന്റെർവ്യൂ  അല്പ്പം കടന്ന കയ്യായിപ്പോയി   എന്ന് പലരും അഭിപ്രയപ്പെട്ടിരുന്നു.   ഇന്നലെയാണ് ഞാൻ ഇന്റർവ്യൂ  വായിച്ചത്. മടവൂർ ആശാനേ സംബന്ധിച്ച വിവരണങ്ങൾ എനിക്ക് വളരെ മനകഷ്ടം ഉണ്ടാക്കി. തെക്കൻ  കളരിയിൽ  കുറച്ചു കലാകാരന്മാർ ഉണ്ടാവുകയും, ഒരു കഥയുടെ അവതരണം എന്ന ഇപ്പോഴത്തെ കഥകളിയുടെ സാഹചര്യത്തിൽ ആ കലാകാരന്മാർക്ക്  ദക്ഷിണ കേരളത്തിൽ ധാരാളം അരങ്ങുകൾ ലഭിച്ചു വരികയും ചെയ്യുന്നതിൽ  മടവൂര് ആശാന്റെ  പങ്കു സ്മരണീയമാണ് .  (ഇന്റർവ്യൂ വിൽ  എങ്ങിനെയോ എന്റെ പേരും കടന്നു കൂടിയപ്പോൾ എനിക്ക് അത്യധികം വിഷമം ഉണ്ടായി എന്ന് പറയാതിരിക്കുവാൻ നിർവാഹമില്ല. )

ചെങ്ങന്നൂര് ആശാന്റെ കത്തി വേഷത്തിന്റെ തിരനോക്ക് എങ്ങിനെയായിരുന്നു എന്നും അത് അതേപടി ചെയ്യാൻ കഴിവും അറിവും ഉള്ള ഒരേ ഒരു നടൻ തന്നെയാണ് ശ്രീ. മടവൂര് ആശാൻ എന്നതിൽ ഗോപികുട്ടൻ ചേട്ടന് എതിരഭിപ്രായം ഒട്ടും ഇല്ല.  കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ ആശാൻ ദക്ഷിണ കേരളത്തിൽ കളിക്ക് എത്തിയ ആദ്യ കാലഘട്ടത്തിൽ ചെങ്ങന്നൂര് ആശാന്റെ കത്തി വേഷത്തിന്റെ  തിരനോക്കിനു കൊട്ടാൻ പൊതുവാൾ ആശാൻ ചെണ്ടയെടുത്തപ്പോൾ തിരനോക്കിനു ഗോപാലൻ ( തിരുവല്ല ഗോപാലപ്പണിക്കർ ) കൊട്ടിയാൽ മതി എന്ന് പറഞ്ഞ സംഭവത്തെ ഗോപിചേട്ടൻ അനുസ്മരിച്ചു.  ആശാന്റെ തിരനോക്കിന്റെ കൊട്ട് പൊതുവാളാശാൻ  മനസിലാക്കി എന്ന് ബോധ്യപ്പെട്ട ശേഷമാണ് ആശാന്റെ തിരനോക്കിനു  കൊട്ടുവാൻ ആശാൻ സമ്മതിച്ചത്.
മടവൂര് ആശാനെക്കാൾ  ജൂനിയര് ആയിട്ടുള്ള കലാകാരന്മാരാണ് ഇന്ന് അദ്ദേഹത്തിൻറെ വേഷത്തിന്റെ  കൊട്ടുന്നത്. എന്റെ വേഷത്തിന്റെ തിരനോട്ടത്തിനും ആട്ടത്തിനും ഇങ്ങിനെ കൊട്ടണം എന്നുള്ള ഒരു നിർദ്ദേശം അവര്ക്ക് നല്കി അദ്ദേഹം ആശാന്റെ ശൈലി തുടർന്നു കൂടേ എന്നാണു ഗോപിച്ചേട്ടന്റെ വാദം.

തെക്കൻ കീചകന്റെ (പാടി രാഗം, ചെമ്പടതാളം) മാലിനീരുചിരഗുണ ( ഒരു താളവട്ടം), ഗുണശാലിനീ കേൾക്ക നീ ( അടുത്ത താളവട്ടം ) എന്നിങ്ങനെ തുടങ്ങി "വല്ലഭയായി വാഴ്‌ക " (ഇരട്ടി) വരെ എട്ടു താളവട്ടത്തിലാണ് പതിവ് .
വടക്കൻ ചിട്ടയിൽ മാലിനീ ( ഒരു താളവട്ടം), രുചിരഗുണ ( അടുത്ത താളവട്ടം), ശാലിനീ (അടുത്ത താളവട്ടം ) എന്നിങ്ങനെഓരോ വാക്കുകൾക്കും ഓരോ താളവട്ടമാണ്. മടവൂര് ആശാൻ ഇപ്പോൾ വടക്കൻ രീതിയിലുള്ള പിന്നണിക്കാരുടെ സൗകര്യം ആണ് നോക്കുന്നത് എന്നും അദ്ദേഹം  കീചകൻ  ചെയ്യുമ്പോൾ എന്റെ രീതി ഇങ്ങിനെയാണ്‌ എന്ന് പിന്നണി കലാകാരന്മാര്ക്ക് നിർദ്ദെശം നല്കി ചെയ്യുന്നതിന് പകരം അവരുടെ  രീതിക്ക് യോജിച്ചു പോകുന്നു എന്നാണ്  ഗോപി ചേട്ടൻ  പറയുകയും പിന്നീട്  ചെങ്ങന്നൂര് ആശാന്റെ തിരനോക്ക് അഭിനയിച്ച് കാട്ടുകയും ചെയ്തു.

ഗോപി ആശാൻ അരങ്ങിൽ, ഇഷ്ടമല്ലാത്ത നടന്മാര് കൂട്ട് വേഷക്കരായി എത്തുമ്പോൾ പല അസംബന്ധങ്ങളും ചെയ്യുന്നുണ്ട് എന്ന്  ഒട്ടുമുക്കാലും നടന്മാരും സമ്മതിക്കുന്ന വിഷയം ആണ്. വിഷുവിനു എവൂരിൽ നടന്ന കുചേലവൃത്തം കഥകളിയിൽ ഗോപി ആശാനും മാത്തൂരും കൃഷ്ണനും കുചേലനുമായി ഒന്നിച്ചപ്പോഴും അരങ്ങിൽ മുദ്രകളിൽ കൂടി അദ്ദേഹത്തിൻറെ തല്പ്പര്യക്കുറവ് പ്രകടിപ്പിച്ചതായി ഹരിപ്പാട്ടു കളി കാണാൻ ഞാൻ ചെന്നപ്പോൾ  പല കലാകാരന്മാരും എന്നോട് പറഞ്ഞിരുന്നു. മാത്തൂരിന്റെ കുന്തി, ആശാന്റെ കർണ്ണനോട് കവച കുണ്ഡലങ്ങളെ പറ്റി ചോദിച്ചപ്പോൾ നല്കിയ മറുപടി ഞാൻ പച്ചയായി ഫേസ് ബുക്കിൽ എഴുതിയിരുന്നതാണ്.  അത്  പബ്ലിക്കിന്  അസംബന്ധം ആയതിനാലാവാം നീക്കപ്പെട്ടത്‌. ആ ലോക്കൽ തറഭാഷ വീണ്ടും എഴുതി നാറ്റിക്കുവാൻ   ഞാൻ മുതിരുന്നില്ല.  ആശാൻ എന്ത് കാണിക്കുന്നു എന്ന് ചിന്തിക്കുമ്പോഴാണ്  കുറ്റമായി തോന്നുക.  എങ്ങിനെ  കാണിക്കുന്നു എന്ന് ചിന്തിക്കുന്നവര്ക്ക് അത്  വളരെ ഭംഗിയായി തോന്നുകയും ചെയ്യും. 

haree:  അവര്കളുടെ  സംശയത്തിനു ഒരു മറുപടി പറയണം എന്ന് ഉദ്ദെശിക്കുന്നു. ദക്ഷിണ കേരളത്തിലെ കഥകളിയിൽ ചെങ്ങന്നൂര് ആശാനൊഴികെ തികഞ്ഞ കളരി അഭ്യാസം നേടിയ നടന്മാർ ആരും ഉണ്ടായിരുന്നില്ല. ആശാന്റെ കൂടെ കൂടുതൽ അഭ്യസിച്ചത്‌ മടവൂര് മാത്രമാണ്. ഏറ്റവം കുറഞ്ഞ അഭ്യാസം ചെന്നിത്തല ആശാനും.
കുറഞ്ഞ അഭ്യാസം നേടിയവരുടെ   വേഷം നല്ലത് അല്ലെങ്കിൽ ഗംഭീരം എന്ന് പറഞ്ഞിരുന്നത് അവരുടെ അവതരണ രീതിയിൽ സ്വീകരിച്ചിരുന്ന ചില പ്രത്യേകതകൾ കൊണ്ട് മാത്രമായിരിക്കും. ഒരു പക്ഷെ ലളിതമായ അവതരണം കൊണ്ട് സാധാരണ ആസ്വാദകനെ വളരെ വേഗം സ്വാധീനിക്കുവാൻ കഴിഞ്ഞത് കൊണ്ടാകാം.  അല്ലാതെ കലാശ ഭംഗിയോ  മുദ്രാ ഭംഗിയോ കൊണ്ടാവില്ല. ഇതിനെ പറ്റി വിശദമായ വിവരണം നല്കുവാൻ ഏറ്റവും കഴിവും അനുഭവവും ഉള്ള താങ്കളുടെ മുത്തച്ഛന് ( ശ്രീ. ഭട്ടതിരി അവർകൾക്ക് ) കഴിയും. അദ്ദേഹം തിരുവല്ല ഗോപികുട്ടൻ നായരുടെ ശങ്കിടിക്കാരനായി ദക്ഷിണ കേരളത്തിലെ ഒട്ടു മുക്കാലും കളിയരങ്ങുകളിൽ കുറഞ്ഞ അഭ്യാസം നേടിയ    ഈ നടന്മാരുടെ പിന്നിൽ നിന്ന് പാടുകയും , അവരുടെ ഇളകിയാട്ടത്തിനു ചേങ്കിലയും പിടിച്ചു നില്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.  ഗോപികുട്ടൻ  നായരുടെ ഇന്റർവ്യൂ വിൽ പറഞ്ഞിരിക്കുന്ന നീണ്ടകര പരിമണത്തു നടന്ന കളിക്ക് ഒരു പക്ഷെ താങ്കളുടെ  മുത്തച്ഛനും പങ്കെടുത്തിരുന്നുണ്ടാവണം.
 
ഈ അടുത്ത കാലത്ത് ദക്ഷിണ കേരളത്തിലെ അരങ്ങിൽ  ഒരു സന്താനഗോപാലം കളി അവതരിപ്പിച്ചിരുന്നു. കളി വളരെ വേഗം തീര്ന്നു എന്നു സംഘാടകർക്ക് പരാതി ഉണ്ടായി. ഗോപി ചേട്ടൻ ആയിരുന്നു പാട്ടിന്. എത്രയും വേഗം തീര്ക്കുക എന്നതാണല്ലോ ഇന്നത്തെ അവതരണ രീതി. കളി കഴിഞ്ഞപ്പോൾ ഈ പരാതി ശക്തമായി. അരങ്ങു നിയന്ത്രിക്കേണ്ടത് പൊന്നാനിക്കാരൻ ആണ് അതു  കൊണ്ട് കുറ്റം ഗോപിച്ചേട്ടന്റെ മേലിൽ ചുമത്തുവാനാണ് പങ്കെടുത്തിരുന്ന സ്ഥാപനത്തിന്റെ പേരില് അറിയപ്പെടുന്ന നടന്മാര് ശ്രമിച്ചത്. പ്രതികരിക്കുവാൻ ഒട്ടും മടി കാട്ടാത്ത ഗോപി ചേട്ടൻ പറഞ്ഞത് ഇങ്ങിനെയാണ്‌. " ഞാൻ എല്ലാ പദങ്ങളും പാടി. എണ്ണി ചുട്ട അപ്പം പോലെ ഇളകിയാടിയാൽ ഇങ്ങിനെ സംഭവിക്കും.  അര്ജുനൻ ബ്രാഹ്മണപുത്രരെ തേടി യമപുരിയിലും  ഇന്ദ്രപുരിയിലും പോകുന്നതൊക്കെ നടൻ  അരങ്ങിൽ ചെയ്യണം. ഒറ്റ സത്യമേ ചെയ്യൂ എന്ന് നടൻ തീരുമാനിച്ചാൽ ഗായകൻ എന്ത് ചെയ്യാനാണ്.   പണ്ടൊക്കെയുള്ള   അർജുനന്മാർ അങ്ങിനെ ചെയ്തിരുന്നു. സമയം അധികം  ദീർഘിപ്പിച്ചാൽ അതിനു പൊന്നാനി വേണ്ടിയ സിഗ്നൽ നല്കും എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം.
 
കലാമണ്ഡലം കൃഷ്ണൻ നായര് ആശാനും, കലാമണ്ഡലം രാമൻകുട്ടി ആശാനും , കലാമണ്ഡലം ഗോപി ആശാനുമെല്ലാം ദക്ഷിണ കേരളത്തിലേക്ക് വന്നു ചേരുന്ന കാലഘട്ടത്തിൽ അവിടെ കളികൾ ഉണ്ടായിരുന്നു. തെക്ക് ധാരാളം കളികൾ ഉണ്ടായിരുന്നത്   കൊണ്ടാണല്ലോ അവർ അവിടെ എത്താൻ സാഹചര്യം ഉണ്ടായത് .  അവിടെ കളികാണാൻ ആസ്വാദകർ ഉണ്ടായിരുന്നു അല്ലെങ്കിൽ കളി അരങ്ങിനു മുൻപിൽ ജനങ്ങളെ പിടിച്ചിരുത്തുവാൻ  ദക്ഷിണ കേരളത്തിലെ കലാകാരമാർക്ക് കഴിഞ്ഞിരുന്നു. ഈ കലാകാരന്മാർക്കൊപ്പം  അവർ നിലനിർത്തിയിരുന്ന   ആസ്വാദകരുടെ മുൻപിലാണ്  കലാമണ്ഡലം കൃഷ്ണൻ നായര് ആശാന്റെയും , കലാമണ്ഡലം രാമൻകുട്ടി ആശാന്റെയും , കലാമണ്ഡലം ഗോപി ആശാന്റെയുമെല്ലാം വേഷങ്ങളുടെ കലാശഭംഗിയും  അംഗീക ഭംഗിയും  അരങ്ങുകൾ ത്രസിച്ചത്  എന്ന വിഷയം താങ്കൾ ഉൾപ്പടെയുള്ള   കഥകളി വിമർശകർ   മനസിലാക്കണം.

കലാമണ്ഡലം കൃഷ്ണൻ കുട്ടി പൊതുവാൾ ആശാന്റെ വാക്കുകളെ ഒന്ന് സ്മരിക്കുന്നത് ഇവിടെ ഉചിതമാകും എന്ന് ഞാൻ ഞാൻ വിശ്വസിക്കുന്നു. " ഏതെങ്കിലും ഒരു ഗുരുവിന്റെ കീഴിൽ  കുറച്ചു അഭ്യസിച്ചു കളിക്കുന്നത് കഥകളിയല്ല എന്നാണ്  തെക്കരുടെ കളിയെ പറ്റി അദ്ദേഹം മേളപ്പെരുക്കം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുള്ളത്. അങ്ങിനെയുള്ള തെക്കൻ  നടന്മാരുടെ കൂടെ വേഷം കെട്ടി ചിട്ട പ്രകാരം കഥകളി അഭ്യസിച്ച നടന്മാർ  അരങ്ങിൽ അംഗീകാരം നേടുന്നത് അത്ര വലിയ മഹാത്ഭുതമാണോ ?

എന്നാൽ ഇന്ന്  കഥകളി അരങ്ങുകളിൽ ഒരു മഹാത്ഭുതം സംഭവിച്ചുകൊണ്ടിരിക്കുന്നു.   കലാമണ്ഡലം, കോട്ടക്കൽ, കലാനിലയം, സദനം തുടങ്ങിയ സ്ഥാപനങ്ങളിൽ ചിട്ടപ്രകാരം അഭ്യസിച്ചു  പിന്നീട് പോസ്റ്റു ഡിപ്ലോമായും കഴിഞ്ഞു അരങ്ങു പരിചയവും നേടി   പ്രവര്ത്തിക്കുന്ന ധാരാളം കഥകളി കലാകാരന്മാര്ക്കിടയിൽ ശ്രീ. കലാമണ്ഡലം ഗോപി ആശാന്റെ അരങ്ങുകൾ നല്കുന്ന കാന്തികശക്തി എന്താണ്   എന്നതെ പറ്റിയാണ് ഇന്നത്തെ കഥകളി ആസ്വാദകരും വിമർശകരും ചിന്തിക്കേണ്ടത് .

haree's picture

പ്രായാധിക്യം നിമിത്തം മുത്തച്ഛന് ഇപ്പോള്‍ എന്തെങ്കിലും പറയുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ഇതിനോടകം തന്നെ ഞാന്‍ ഈ ഇന്റര്‍വ്യൂ കാണിക്കുകയും അഭിപ്രായം ചോദിക്കുകയും ചെയ്യുമായിരുന്നു. മുന്‍കാലങ്ങളില്‍ സംസാരിച്ചതുവെച്ച് പറയുകയാണെങ്കില്‍; കഥകളി സംഗീതത്തില്‍ ഉണ്ടായ സംഗീത പരിഷ്കാരങ്ങള്‍ അത്രയൊന്നും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നടന്മാരുടെ കാര്യത്തില്‍ മാങ്കുളവും കൃഷ്ണന്‍ നായരും കഴിഞ്ഞേ മറ്റൊരു നടന്നുള്ളൂ എന്നു തന്നെ പറയുവാനാവാം അദ്ദേഹത്തിനും താത്പര്യം എന്നാണ് എന്റെ നിഗമനം.

തെക്കൻ കളരിയെക്കുറിച്ചും, മടവൂരാശാനെക്കുറിച്ചുമുള്ള ചോദ്യത്തിന്റെ ഉത്തരത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഗോപിക്കുട്ടൻ നായരാശാന്റെ താൽപര്യപ്രകാരം. തുടർന്ന് ഒരു പുതിയ ചോദ്യവും ചേർത്തിട്ടുണ്ട്. വായനക്കാർ ശ്രദ്ധിക്കുമല്ലൊ.

C.Ambujakshan Nair's picture

Sri. Nikhil -ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ   ചേട്ടന്റെ ഇന്റർവ്യൂ വിൽ വരുത്തിയ മാറ്റങ്ങൾക്ക് സ്വാഗതം.
Sri. haree - ഞാൻ പ്രതീക്ഷിച്ച മറുപടി തന്നെയാണ് താങ്കൾ നൽകിയത്.  പ്രായാധിക്ക്യം നിമിത്തം താങ്കളുടെ മുത്തച്ഛന്  അഭിപ്രായം പറയുവാൻ സാധിക്കില്ല എങ്കിലും അദ്ദേഹത്തിനു അറിവുള്ള ഒരു കഥ ഞാൻ താങ്കളെ അറിയിക്കുവാൻ ഉദ്ദേശിക്കുന്നു. 1970 - കളിൽ തൃക്കവിയൂർ ക്ഷേത്രത്തിൽ നടന്ന ഒരു കിരാതം കഥകളിക്ക്  പള്ളിപ്പുറം ആശാന്റെ കാട്ടാളനും, വെണ്‍പാല ശ്രീധരൻ പിള്ളയുടെ കാട്ടാളത്തിയും, ചെന്നിത്തല ആശാന്റെ അര്ജുനനും ആയിരുന്നു.    "തല്ലുകൊണ്ടു സുരഗംഗ പാർത്ഥനുടെ വില്ലുമങ്ങഥ പറിച്ചഹോ"  എന്നുള്ള ശ്ലോകത്തിനു അര്ജുനന്റെ വില്ലു കാട്ടാളത്തി പിടിച്ചു വാങ്ങി. കളി കഴിഞ്ഞപ്പോൾ   ആസ്വാദകർക്ക് ശ്രീധരൻ പിള്ളയെ അടിച്ചേ മതിയാവൂ.  ഒരു തരത്തിൽ ശ്രീധരൻ പിള്ളയെ അവരിൽ നിന്നും രക്ഷിച്ചു കൊണ്ട് വന്ന കഥ ഭട്ടതിരിപ്പാടിന് വ്യക്തമായി അറിയാം.  

കാട്ടാളത്തി  എങ്ങിനെ വില്ല് പറിക്കാം എന്നാണ് അവരുടെ വാദം. കാട്ടാളത്തി വില്ല് പിടിച്ചു വാങ്ങിയില്ലെങ്കിൽ  വില്ല് ഗംഗ പറിച്ചു വാങ്ങിയതായി അര്ജുനൻ നടിച്ചാൽ പോരെ എന്നായിരുന്നു അവരുടെ വാദം. ഈ വാദം എത്ര കണ്ടു ശരിയാണ് എന്നത് താങ്കള്ക്ക് ചിന്തിച്ചു മനസിലാക്കാവുന്നതാണ്. സുരഗംഗയാണ് തല്ലു വാങ്ങിയതെങ്കിൽ പാർവതിദേവിയായ കാട്ടാളത്തി അല്പ്പം സന്തോഷിക്കുകയും ചെയ്യാം. ഓരോ കാലഘട്ടത്തിൽ കഥകളി കണ്ടു ആസ്വദിച്ചിരുന്നവരുടെ കാഴ്ചപ്പാടിനെ അനുസരിച്ചാവും അവരുടെ വിലയിരുത്തലുകൾ.

ഇന്ന് കാട്ടാളത്തി വില്ല് പറിക്കുന്ന രീതിയാണ്  പല കളിയിലും കാണുന്നത്. (വില്ല് ആര് പറിക്കുന്നു എന്നുല്ലതല്ലല്ലോ കഥകളി എന്നും ചിന്തിക്കാവുന്നതാണ്).  പക്ഷെ താങ്കളുടെ മുത്തച്ഛൻ പറയും കാട്ടാളത്തി  വില്ല് പറിക്കരുതെന്ന്. ഇത് പോലെ ധാരാളം അഭിപ്രായ വ്യത്യാസങ്ങൾ പല ആസ്വാദകരിലും ഉണ്ട്.

haree's picture

കാട്ടാളത്തി വില്ലു പറിക്കരുത് എന്നു തന്നെ ഈയുള്ളവനും തോന്നുന്നു. അങ്ങിനെയാണോ ഇപ്പോള്‍ അവതരണം? ഞാന്‍ കണ്ടിടത്തോക്കെ അര്‍ജ്ജുനന്‍മാര്‍ തന്നെ വില്ലെടുക്കുവാന്‍ സാധിക്കാത്തതായി നടിച്ച് ഒടുവില്‍ അത് വിട്ടു കളയുന്നതായാണ്. കാട്ടാളത്തിമാര്‍ നിന്ന്‍ ചിരിക്കുകയും ചെയ്യും. അത് തന്നെയാണ് ഭംഗിയായി തോന്നുന്നതും.

കഥകളി ഗായകൻ തിരുവല്ല ഗോപികുട്ടൻ നായർ ഇന്റെർവ്യൂവിൽ വായിച്ചു ഒരുപാട് ചിരിച്ചു. അദ്ദേഹം പറഞ്ഞിരിക്കുന്ന മരണം മാരണം, ശശിമുഖി വാരിക, ഉചി, ആരീ ആരിഹ എല്ലാം അരങ്ങിൽ പല ഗായകരും പാടുന്നത് ആണ് . തിരുവിതാംകൂർ ഭാഷയാണ്‌ ശുദ്ധമലയാളം എന്ന അഭിപ്രായത്തിനോട് മാത്രം എനിക്ക് യോജിപ്പില്ല. ചിന്തിക്കേണ്ടതായ പല വിഷയങ്ങളും ഇന്റെർവ്യൂവിൽ കാണുന്നുണ്ട്. ഇങ്ങിനെ തുറന്നു പറയുവാൻ അദ്ദേഹത്തിൻറെ ധര്യത്തിന് അഭിനന്ദനങ്ങൾ.

ഗോപിക്കുട്ടനാശാൻ ഗോപിആശാന്റെ നാടകാഭിനയത്തെപറ്റി പറഞ്ഞത് മുഴുവൻ തെറ്റല്ല. അത് അദ്ദേഹം തുറന്നു പറഞ്ഞത് വളരെ നല്ലത് !!

റിതുപർണന്റെ ഭൃത്യൻ മാത്രമായ അദ്ദേഹത്തിന്റെ നളൻ റിതുപരണനെ ( അതും സാത്വികനായ റിതുപരണനെ ) കളിയാക്കുന്നതൊക്കെ super star ചമയുന്നതാണ് .. ഉദാഹരണങ്ങൾ ധാരാളം ഉണ്ട് .

നമ്പീശൻ ആശാന്റെയും , കുറുപ്പാശാന്റെയും പാട്ടിന് അക്ഷരസ്ഫുടത കുറവായിരുന്നു എന്നതു സത്യം മാത്രമാണ് . പക്ഷെ അദ്ദേഹം പറഞാത് മുഴുവൻ ശരിയാവണമെന്നില്ല. കൊല്ലംകാരനായ, അതും അദ്ദേഹം നന്നെന്നു പറഞ്ഞ കലാമണ്ഡലം വിനോദിന് അക്ഷരസ്ഫുടത വളരെ കുറവാണ് .

ഗൊപിആശാന്റെ നളനു കൂടെഉണ്ടായ ചെന്നിത്തലയുടെ പുഷ്കരനാണ് കേമമായത് എന്നും ഹരിപ്പടിന്റെ കത്തി രാമന്കുട്ടിആശാന്റെ കത്തിയുടെ മേലെ ആണെന്നൊക്കെ പറഞ്ഞ് അഭിമുഖത്തിന്റെ വില കുറച്ചു .

പക്ഷെ അദ്ദേഹത്തിന്റെ പാട്ട്‌ തീർച്ചയായും നല്ലതുതന്നെ

C.Ambujakshan Nair's picture

മിസ്റ്റർ. രാജശേഖരൻ,
എത്ര മഹത് വ്യക്തികളുമായുള്ള അഭിമുഖത്തിലും ചില  നഗ്നസത്യങ്ങളും ചില അപദ്ധങ്ങളും ഉണ്ടായെക്കാം.
 തിരുവല്ല  ഗോപിക്കുട്ടൻ നായരുമായുള്ള അഭിമുഖത്തിൽ സത്യങ്ങൾ  എന്ന് താങ്കൾക്ക്   തോന്നിയവയെ  അംഗീകരിച്ചതിലും   അതുപോലെ അപദ്ധങ്ങൾ  എന്ന്   താങ്കൾക്ക് തോന്നിയവ   തുറന്നു പറഞ്ഞതിലും വളരെ സന്തോഷമുണ്ട്.

ഒന്നുകൂടെ പറഞ്ഞോട്ടെ . വാസ്തവത്തിൽ അഭിമുഖത്തിലും അതിനുള്ള മറുപടികളിലും എല്ലാം പക്ഷപാതങ്ങൾ പ്രകടം .
അദ്ദേഹത്തിന്റെ കോട്ടക്കലെ കളിയുടെ ഓഡിയോ ഇട്ടതിൽ സദനം ശിവദാസിന് അക്ഷരസ്ഫുടതക്ക് കുറവൊന്നും ഇല്ലെന്ന് ഒരു സദനം ഭക്തൻ തട്ടിമൂളിച്ചു. വാസ്തവത്തിൽ അദ്ദേഹത്തിന്റെ കൂടെ പാടുമ്പോൾ ശിവദാസിന് അക്ഷരവ്യക്തതയുടെ കുറവ് നന്നായി ഉള്ളതായി തോന്നി. പാദസേവകൊണ്ട് കഥകളിക്കോ, കലാകാരനോ ഉന്നതി വരാനില്ല. അതുപോലെ അദ്ദേഹത്തെപ്പോലെ നല്ല ഒരു Senior Artist നെ സന്തോഷു പണ്ടിട്റ്റ് എന്ന് ആക്ഷേപിച്ചതൊക്കെ വിലകുറഞ്ഞതായി. അദേഹത്തെ സാധാരണക്കാരനായ ഒരു കലാകാരൻ എന്ന് വിശേഷിപ്പിച്ചതും മോശമായി.. തീര്ത്തും നല്ലൊരു കലാകാരനാണ് അദ്ദേഹം.

പക്ഷപാതം എന്ന രോഗം കഥകളിയുടെ കൂടപ്പിറപ്പാണ്.

വടക്കരുടെ ഇടയിൽ പിടിച്ചു നില്ക്കാൻ മടവൂർ അല്പ്പസ്വല്പ്പം പൊടിക്കയ്യുകളും, നാടകവും എല്ലാം ശുദ്ധ തെക്കൻ ചിട്ടയിൽ ചേർക്കുന്നു എന്ന് വായിച്ച് ചിരിക്കണോ കരയണോ എന്ന് മനസ്സിലായില്ല.

stage ലേ സ്ഥലം പോരാതെ തക്കട പിക്കട എന്ന് ഓടി ഇപ്പോൾ മോന്തായം കേറും എന്ന് തോന്നിക്കുന്ന ചില തെക്കൻ താടിവേഷക്കാരെ അദേഹം കാണാത്തതാണോ ?? ശരം കൊണ്ട് കിടക്കുമ്പോൾ 'രാമാ' എന്ന് മുക്രയിടുന്ന തെക്കൻ ബാലിയോ ?? തെക്ക് ധാരാളം കളികളുള്ള ചില വടക്കാൻ ഭീമന്മാരും ഈ വിദ്യ പ്രയോഗിക്കുന്നത് കാണാം !!

വടക്കുചെന്നും ശങ്കരാഭരണം പാടി തളർന്നിരിക്കുന്ന മടവൂരിന്റെ രാവണനോ ????

തെക്കനും ( കഥകളി ചിട്ടയിലല്ല, ജനിച്ചത്‌ കൊണ്ട്) വടക്കനും ( ജനിച്ചതും, ചിട്ടയിലും) ഒന്നിച്ചു ബാലിയായും സുഗ്രീവനായും ചേട്ടാ ....അനിയാ.... ചേട്ടാ ....അനിയാ.... എന്നുള്ള ബാലിവധത്തിലെ കൂവലുണ്ടല്ലോ, അത് സഹിക്കലെ.

Mohandas's picture

ഇത് ഒന്നുകൂടി പറയൂ. വെറുപ്പ്‌ ഉളവാക്കുന്ന ഈ വിളിയും അതിനെ തുടർന്നുള്ള അനാവശ്യ ഗോഷ്ട്ടികളും  സഹിക്കാവതല്ല.  

Pages