കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം
ഒരു കാവ്യമെന്ന നിലയില്‍ കഥകളിയരങ്ങിനോട് എന്നും കയര്‍ത്തുനില്‍ക്കുന്ന നളചരിതം ആട്ടക്കഥ, പക്ഷെ, അതിന്റെ രംഗസംവിധാനവേളയില്‍ മറ്റൊരു ആട്ടക്കഥയ്ക്കും കഴിയാത്ത വിധത്തില്‍ അത്ഭുതാനുഭവങ്ങള്‍ നല്‍കുന്നെവെന്നുള്ളത് വീണ്ടും ബോധ്യമായിരിക്കുന്നു. അരങ്ങത്ത് പതിവില്ലാത്ത രംഗങ്ങള്‍ ഗായകരും മേളക്കാരുമായി ചര്‍ച്ച ചെയ്ത് ഇതിനു മുമ്പും രംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. എട്ടുവര്‍ഷം മുമ്പ് കോട്ടയം കളിയരങ്ങില്‍ നളചരിതം ഒന്നാം ദിവസം ഒന്നാം രംഗം മുതല്‍ നാലാം ദിവസം അവസാനരംഗം വരെ പത്തുദിവസത്തെ അരങ്ങുകളായി നടത്തിയപ്പോള്‍ പത്തുദിവസവും നള-ബാഹുക വേഷങ്ങള്‍ അവതരിപ്പിക്കാനുള്ള അപൂര്‍വഭാഗ്യം എനിക്കു ലഭിച്ചിരുന്നു. അവതരിപ്പിക്കാറില്ലാത്ത രംഗങ്ങളുടെ സംവിധാനസാധ്യതകള്‍ അന്നു തോന്നിയിരുന്നു. എന്നാല്‍ ശ്രീ കലാമണ്ഡലം വാസുപ്പിഷാരോടിയാശാന്റെ നേതൃത്വത്തില്‍ 'തിരനോട്ടം' സംഘടിപ്പിച്ച നളചരിതരംഗസംവിധാന ശില്‍പ്പശാലയിലെ അനുഭവം തികച്ചും പ്രതീക്ഷയില്‍ കവിഞ്ഞതായിരുന്നു. ഡോ.പി. വേണുഗോപാലന്‍, കെ. ബി രാജാനന്ദന്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യം കൂടിയുണ്ടായിരുന്ന ശില്പശാല, കഥകളിയെന്ന രംഗകലയുടെ സൌന്ദര്യസാരത്തിലേക്ക് അനേകം ഉള്‍ക്കാഴ്ച്ചകള്‍ നല്കുന്ന ഒന്നായിരുന്നു. വാസു ആശാനെ പോലെ തീയറ്ററിന്റെ മര്‍മ്മം അറിഞ്ഞ ഒരു സംവിധായകനും വേണുസാറിനെ പോലെ വാക്കിന്റെ ധ്വനി തലങ്ങളില്‍ മുങ്ങിത്തപ്പി രത്നഖനികള്‍ കണ്ടെത്തുന്ന ആസ്വാദകനും തമ്മിലുണ്ടാകുന്ന ചൂടേറിയ ചര്‍ച്ചകളും രാജാനന്ദിന്റ ഉല്‍ഗ്രഥനാത്മകമായി ഇരുവരേയും ഉള്‍ക്കൊള്ളുന്ന ഇടപെടലുകളും മറ്റും ശില്‍പ്പശാലയെ ഉന്മിഷത്താക്കി. പരീക്ഷിക്കുക (ഉമ്പര്‍പരിവൃഢന്മാര്‍ നിങ്ങള്‍ എന്നെ സമ്പ്രതി പരീക്ഷിപ്പാനല്ലീ?), സാക്ഷി (കൂടസാക്ഷിയല്ലയോ നീ ജള!) ഇങ്ങനെ എത്രയോ പുതിയ മുദ്രകള്‍ വാസുവാശാന് ചെയ്യുന്നതുകണ്ടു! അതെല്ലാം അപ്പോള്‍ തന്നെ പഠിക്കുകയും 'മുദ്രാപീഡിയ'യില്‍ ഉള്‍പ്പെടുത്താന്‍ ഉറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒന്നാം ദിവസത്തിലെ രാക്ഷസദാനവന്മാരുടെ രംഗത്തിന് ആശാന് നിര്‍ദ്ദേശിച്ച രംഗപാഠം, കത്തി (ദാനവര്‍), താടി (രാക്ഷസര്‍) എന്നീ വേഷങ്ങള്‍ തമ്മിലുള്ള പുതിയ തരം പാരസ്പര്യത്തെ കാട്ടുന്നതാണ്. ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ നിര്‍ദ്ദേശത്തില്‍ ചമ്പ, പഞ്ചാരി എന്നീ താളങ്ങളുടെ സവിശേഷ വിനിയോഗത്തോടെ ഒരു പടപ്പുറപ്പാട് ചിട്ട ചെയ്തിട്ടുണ്ട്. വാസുവാശാന്റെ സാന്നിധ്യത്തില്‍ ശ്രീ കോട്ടയ്ക്കല്‍ ദേവദാസി(രാക്ഷസന്) നൊപ്പം ആ പടപ്പുറപ്പാട് പലവട്ടം ആവര്‍ത്തിച്ചെടുത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്. നളചരിതത്തിലും ഇത്തരം ചിട്ടപ്പെടുത്തലുകള്‍ക്ക് പ്രസക്തിയുണ്ടെന്ന തിരിച്ചറിവ് ആഹ്ളാ ദജനകമാണ്..
മൂന്നാം ദിവസത്തില്‍ ബാഹുകനും കലിയുമായുള്ള രംഗം, നാലാം ദിവസത്തില്‍ നളനും പുഷ്കരനുമായുള്ള രംഗം, ഇവയെല്ലാം ഒന്നാം തരം മേളത്തിനുള്ള സന്ദര്‍ഭങ്ങളാണ്. നാലാം ദിവസത്തിലെ പുനഃസമാഗമത്തിനുശേഷം ഋതുപര്ണ്ണന് അശ്വഹൃദയം ഉപദേശിച്ച് വാര്‍ഷ്ണേയനെ കൂട്ടി അയച്ചതിനുശേഷം നളന്, പുഷ്കരനെ ചൂതിനു വിളിക്കുന്നതുമുതലുള്ള ഭാഗം വാസുവാശാന് ചിട്ടപ്പെടുത്തിയതിന്റെ കഥകളിത്തം നിറഞ്ഞ മനോഹാരിത അവര്‍ണ്ണനീയമാണ്. അതിദീര്‍ഘമായ സംഭാഷണഗാനങ്ങളെ നിശിതമായി എഡിറ്റ് ചെയ്യാന്‍ ആശാന് മടിച്ചില്ല. നളനും പുഷ്കരനുമായുള്ള സംഭാഷണത്തില്‍ ഗാനങ്ങളുടെ ക്രമം തന്നെ മാറ്റി മറിച്ചിട്ടുണ്ട്. പാട്ടുകാര്‍ക്കും മേളക്കാര്‍ക്കും നടന്മാര്ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് അധൃഷ്യമായ ആജ്ഞാശക്തിയോടെ ഒന്നിനുപിറകെ മറ്റൊന്നായി ഈ ഭാഗത്തെ ഗാനങ്ങളും കലാശങ്ങളും ആട്ടങ്ങളും നളപുഷ്കരന്മാരുടെ ചൂത്കളിയുള്‍പ്പെടെയുള്ള പര സ്പരവിനിമയങ്ങളും ആശാന് ചിട്ടചെയ്തുമുന്നേറിയ കാഴ്ച്ക അവിസ്മരണീയമായിരുന്നു. പുഷ്കരനായി ശ്രീ പീശപ്പള്ളി രാജീവനും നളനായി ഞാനും ആ സന്ദര്‍ഭം ആവോളം ആസ്വദിച്ചു. ചില ഗാനങ്ങളുടെ ആലാപനരീതികണ്ടെത്താനുള്ള ദീര്‍ഘമായ സംവാദങ്ങളായിരുന്നു മറ്റൊരു രസകരമായ ഭാഗം.
ഒരു ഗാനത്തിന്റെ ആലാപനരീതി കണ്ടെത്തിയതെങ്ങനെയെന്ന് ഉദാഹരണമായി വിവരിക്കാം. മൂന്നാം ദിവസത്തില്‍ ബാഹുകന് തെളിക്കുന്ന തേരിലിരിക്കുന്ന ഋതുപര്‍ണ്ണന്റെ വസ്ത്രം കാറ്റില്‍ പറന്ന് പോകുന്നു. ഋതുപര്ണ്ണന് തേര് മന്ദമാക്കുന്നതിന് ബാഹുകനോട് അപേക്ഷിക്കുന്നു. ഇതാണ് സന്ദര്‍ഭം. ഋതുപര്‍ണ്ണന്റെ സംഭാഷണമാണ് ഗാനം.
മന്ദം മന്ദമാക്ക ബാഹുക, രഥഹയ വേഗം
മന്ദം മന്ദമാക്ക ബാഹുക.
നിന്നു ചൊല്ലേണ്ടതുണ്ടൊരു വാക്കെനി-
ക്കെന്നുമല്ലയെന്നുത്തരീയം വീണു.
തക്കിട്ടതകധിമി എന്നു വായ്ത്താരിയില്‍ 'ത'കാരത്തിനുള്ള ഓരോ അടിയായി രണ്ടടി ആവര്‍ത്തിച്ചു പിടിക്കുന്ന മുറിയടന്ത താളത്തിലാണ് ഗാനം. അപ്പോള്‍
മന്ദം-മന്ദ-മാക്ക-ബാഹുക!!
രഥ-ഹയ---വേഗം!!
നിന്നു-ചൊല്ലേണ്ട-തുണ്ടൊരു-വാക്കെനി-!!
എന്നു-മല്ലയെന്‍-ഉത്തരീയം-വീണു!!
എന്ന് പാടുന്നതിനു കൃത്യമാണ്. ശ്രീ കലാമണ്ഡലം ബാബുനമ്പൂതിരിയും ശ്രീ കലാമണ്ഡലം വിനോദും ഇത്രയും പാടി. അടുത്ത വരിയാണ് കുഴപ്പക്കാരന്‍. ബാഹുകന്റെ മറുപടിയാണത്.
അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍-
ലെന്തിനുണ്ടാക്കുന്നു കാലവിളംബന കാരണം?
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.
അന്തി-യാം മുമ്പേ-കുണ്ഡിനം-തന്നില്‍!!
ചേരേണ---മെങ്കില്‍--!!
എന്തി-നുണ്ടാക്കുന്നു-കാല-വിളംബന!!
കാ---രണം!!
നളചരിതത്തിലോ മറ്റേതെങ്കിലും ആട്ടക്കഥയിലോ ഉപയോഗിക്കാത്ത അപൂര്‍വമായ ഒരു ഘടനയാണിത്. ഇതുകണ്ടെത്തിക്കഴിഞ്ഞപ്പോള്‍ എന്തൊരു ലളിതവും ഋജുവുമാണ് ഇതെന്നുതോന്നും. എന്നാല്‍ കണ്ടെത്താനെടുത്ത മുപ്പതോളം മിനുട്ടുകള്‍ മനോഹരമായ അന്വേഷണാനുഭവമാണ് അവിടെ ഉണ്ടായിരുന്നവര്‍ക്ക് നല്‍കിയത്. ഇതുപോലെ നാലോ അഞ്ചോ അപൂര്‍വ ഗാനരീതികള്‍ ശ്രീ കോട്ടയ്കല്‍ മധുവും ബാബുവും വിനോദും നെടുമ്പള്ളി രാംമോഹനും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. വാസുവാശാന്റെ നേതൃത്വത്തില്‍ നടന്നചരിത്രസംഭവമായ ഈ രംഗസംവിധാനശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. സമഗ്രവും കഥകളിത്തം നിറഞ്ഞതുമായ ഒരു രംഗസംവിധാനം നളചരിതത്തിലെ ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ക്ക് ഇതിനും മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. അക്ഷരങ്ങളിലും ചലച്ചിത്രങ്ങളിലും രേഖപ്പെടുത്തുന്ന ഈ നളചരിതരംഗസംവിധാനം അരങ്ങില്‍ വാഴ്ച്ക നേടുമെന്ന് പ്രത്യാശിക്കാം.
Comments
ramadas (not verified)
Fri, 2013-08-30 19:16
Permalink
നല്ല വിലയിരുത്തല്‍. അരങ്ങത്ത്
നല്ല വിലയിരുത്തല്‍. അരങ്ങത്ത് ഇതെല്ലാം എന്നാണു കാണാന്‍ പറ്റുക?
sunil
Fri, 2013-08-30 19:58
Permalink
Comment in Slokam by Dilip Kumar
സത്യത്തിൽ നൈഷധത്തിൻ കഥകളിവഴികൾ പൂർണമായ് ചിട്ട ചെയ്യാ-
നത്യന്തം ശ്രദ്ധയോടും കലയുടെ ഹൃദയം കണ്ടവർ ചേർന്നു ചെയ്യും
കൃത്യങ്ങൾ കണ്ണവാക്യങ്ങളുടെ മിഴിവിലായത്ര വായിച്ചു തീർത്തെൻ
ചിത്തം തൃപ്ത്യാ നിറഞ്ഞൂ, കളി നഹി പറയാം നന്ദിവാക്കൊന്നു മാത്രം
കുറൂർ (not verified)
Fri, 2013-08-30 21:51
Permalink
നളചരിതം ആട്ടക്കഥ ഇനിയും
നളചരിതം ആട്ടക്കഥ ഇനിയും ചിട്ടപ്പെടുത്താൻ എത്രയോ കിടക്കുന്നു .വാസുവേട്ടന്റെ ബുദ്ധി ഇനിയും ഉപയോഗപ്പെടുത്തനുണ്ട് മുന്‍പും ചിലർ . പരിശ്രമിച്ചു വിജയിച്ചിട്ടുണ്ട് അതും കാണാതിരിക്കരുത് ഇവിടെ കണ്ണൻ സൂചിപ്പിച്ച പദം ഹൈദരാലി താളത്തിൽ പാടി കേട്ടിട്ടുണ്ട് ഞാനും അതിന് സഹായിച്ചിട്ടുണ്ട്
C.Ambujakshan Nair
Fri, 2013-08-30 22:08
Permalink
അന്തി-യാം മുമ്പേ-കുണ്ഡിനം-തന്നില്‍
(എങ്ങനെയൊക്കെ ശ്രമിച്ചിട്ടും ഇരട്ടിയക്ഷരം പറഞ്ഞിട്ടും ഭാഗം താളത്തില്‍ ഒതുങ്ങുന്നില്ല. രഥയാത്രയായതിനാല്‍ മുറിയടന്ത താളം മാറ്റുന്നതിനും കഴിയില്ല. ഋതുപര്‍ണ്ണന്റെ വരികള്‍ താളത്തിലൊതുങ്ങി. അതിനാല്‍ ഇതും താളത്തിലാകുമെന്ന പ്രതീക്ഷയോടെ ശ്രമം തുടര്‍ന്നു. ചൊല്ലിയാട്ടം നിര്‍ത്തി. ഈ വരികള്‍ക്കുമുകളില്‍ അവിടെയുള്ളവര്‍ ഓരോരുത്തരും അഭിപ്രായം പറഞ്ഞു തുടങ്ങി. പാട്ടറിയാത്ത ഞാനും പാടിനോക്കാതിരുന്നില്ല. അപ്പോഴാണ് ഏഴുമാത്രകളുടെ അഞ്ചുഖണ്ഡങ്ങളാണ് ഓരോ വരിയും എന്ന് രാജാനന്ദന്‍ ചൂണ്ടിക്കാട്ടിയത്. അടുത്ത നിമിഷം ബാബു പാടി.)
എനിക്ക് വളരെ അത്ഭുതം തോന്നുന്നു. എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുള്ള നളചരിതം മൂന്നാം ദിവസങ്ങൾ കലിയുടെ ക്ഷമാപണത്തോടെയാണ് അവസാനിച്ചു കണ്ടിട്ടുള്ളത്. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണുനമ്പൂതിരിയുടെ ബാഹുകൻ അദ്ദേഹത്തിൻറെ ശിഷ്യൻ ശ്രീ. ചെന്നിത്തല രാഘവൻ പിള്ളയുടെ കലിയും ധാരാളം കണ്ടിട്ടുണ്ട്. അതായത് പ്രസ്തുത ബാഹുകൻ, ഋതുപർണ്ണൻ രംഗം കഴിഞ്ഞ്.
" അന്തിയാം മുൻപേ ..." , "അതു നല്ല ചിന്തിത നാശനം" എന്നീ ചരണങ്ങൾ പാടാതെയല്ല ഈ കളികൾ നടത്തിയിട്ടുള്ളത്.
എന്റെ ബ്ലോഗിൽ "കലിയോട്ടം" എന്ന ഒരു പോസ്റ്റ് ഉണ്ട്. അന്ന് മാങ്കുളത്തിന്റെ ബാഹുകന് പാടിയത് ശ്രീ. പത്തിയൂർ കൃഷ്ണപിള്ള ചേട്ടനാണ് ( ശ്രീ. ശങ്കരൻ കുട്ടിയുടെ പിതാവ്).
ഇരട്ടിയക്ഷരവും മുറിയടന്തയെ പറ്റിയൊന്നും എനിക്ക് വിവരമില്ല. എന്നാൽ ശ്രീ. നീലംപേരൂർ കുട്ടപ്പപണിക്കരും ശ്രീ. തിരുവല്ലാ ഗോപിക്കുട്ടൻ നായരും ഈ രംഗങ്ങൾ പാടിയ അനുഭവം ഉണ്ട്.
ഇതെല്ലം വായിക്കുന്ന അനുഭവമുള്ള കലാകാരന്മാർ മൌനികളായിരിക്കുന്നതു കാണുമ്പോൾ വളരെ ഖേദം ഉണ്ട് .
Anup (not verified)
Sat, 2013-08-31 06:25
Permalink
അന്തിയാം മുൻപേ
അസംബന്ധം പറയാതേ മിസ്റ്റർ. കുറൂർ. നളചരിതം എങ്ങിനെ പാടണം എന്ന് കണ്ടു പിടിച്ചത് ഇപ്പോഴാണ്. ഹൈദരാലി പാടിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞ് ഈ ചരിത്ര സത്യത്തെ മൂടുവാൻ ശ്രമിക്കരുത്.
Mohandas
Sat, 2013-08-31 07:43
Permalink
നളചരിത പരിഷ്ക്കരണം
കഴിഞ്ഞ കുറെ വർഷങ്ങളായി നളചരിതം ആട്ടക്കഥ സമ്പൂർണ്ണമായി അവതരിപ്പിക്കപ്പെടുന്നത് വിരളമാനെങ്കിലും (പരസ്യത്തിൽ സമ്പൂർണ്ണം എന്നാണെങ്കിലും അരങ്ങിൽ ഉണ്ടാവാറില്ല), ഈ ആട്ടക്കഥയുടെ ആദ്യരംഗം മുതൽ അവസാനരംഗം വരെ തെക്കൻ ചിട്ടയിൽ ചിട്ടപ്പെടുത്തി അരങ്ങിൽ വളരെക്കാലം അവതരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നാണു എന്റെ അറിവ്. വളരെ കഷ്ട്ടപ്പെട്ടു ചിട്ടപ്പെടുത്തിയെടുത്തു എന്ന് ലേഖനത്തിൽ പറയുന്ന 'അന്തിയാം മുൻപേ കുണ്ടിനം --- 'എന്ന ബാഹുക പദം ഇറവങ്കര ഉണ്ണിത്താൻ മുതൽ പത്തിയൂർ കൃഷ്ണപിള്ള, തകഴി കുട്ടൻ പിള്ള, തിരുവല്ല ഗോപിക്കുട്ടൻ നായർ വരെയുള്ള ഗായകർ അനവധി അരങ്ങുകളിൽ പാടിക്കഴിഞ്ഞതാണ്. ഇങ്ങനെയെങ്കിൽ ഡോക്ടർ. കണ്ണൻ പറഞ്ഞിരിക്കുന്നതിന്റെ അർഥം എന്താണ്? കല്ലുവഴിചിട്ടയിൽ ആദ്യമായി ചിട്ടപ്പെടുത്തി എന്നാണോ? പക്ഷെ ഈ പദങ്ങൾ കലാമണ്ഡലം എംബ്രാന്തിരിയും ഹൈദരാലിയും പാടിയിരുന്നല്ലോ? ശ്രീമാന്മാർ ഗുരു കുഞ്ചുക്കുറുപ്പ്, തോട്ടം ശങ്കരൻ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, മാങ്കുളം വിഷ്ണു നമ്പൂതിരി എന്നീ മഹാരഥന്മാർ നൂറു കണക്കിന് അരങ്ങുകളിൽ ആടി അവതരിപ്പിച്ചിട്ടുള്ള ഈ രംഗങ്ങൾക്ക് എന്ത് വ്യത്യാസമാണ് ഈ ശിൽപ്പശാലയിൽ വരുത്തിയിട്ടുള്ളത് എന്ന് അറിയാൻ ആഗ്രഹം ഉണ്ട്. കൃഷ്ണൻ നായർ ആശാന്റെ ശിഷ്യനായ മാർഗ്ഗി വിജയകുമാർ ഈ ശിൽപ്പശാലയിലെ സജീവ സാന്നിധ്യം ആയിരുന്ന നിലക്ക് അദ്ദേഹത്തിൻറെ ഈ വിഷയത്തിലുള്ള അഭിപ്രായങ്ങൾക്ക് വളരെ പ്രസക്തിയുണ്ട്. അതുപോലെ ആശാന്റെ മറ്റൊരു ശിഷ്യനായ ശ്രീ. തോന്നക്കൽ പീതാംബരനും മാങ്കുളം തിരുമേനിയുടെ ശിഷ്യരും ഈ നളചരിത പരിഷ്ക്കരണങ്ങളെ എങ്ങിനെ നോക്കിക്കാണുന്നു എന്നറിയാൻ ആഗ്രഹം ഉണ്ട്.
ഡോ. ഏറ്റുമാനൂർ ... (not verified)
Sat, 2013-08-31 13:41
Permalink
തെറ്റിദ്ധരിക്കരുത്, ദയവായി
എന്റെ കുറിപ്പിൽ എവിടെയെങ്കിലും ആദ്യമായിട്ടാണ് നളചരിതത്തിന്റെ ഉത്തരഭാഗങ്ങൾ അവതരിപ്പിക്കുന്നതെന്ന സൂചന ഉള്ളതായി ഞാൻ കരുതുന്നില്ല. മാത്രമല്ല ഞാൻ ഉൾപ്പെടെയുള്ള അവതരണത്തെക്കുറിച്ചു സൂചിപ്പിച്ചിട്ടുമുണ്ട്. ഞാൻ ഉദ്ധരിച്ച പദംതന്നെ (മന്ദം മന്ദമാക്ക ബാഹുകാ) നേരത്തേ അരങ്ങിൽ പാടിയിട്ടുള്ളതാണെന്നത് ബാബുവിനും മറ്റും അറിവുള്ളതുമാണ്. അതൊക്കെ ചർച്ചയിൽ വന്നു. പക്ഷേ, എങ്ങനെ അതു പാടിയിരുന്നുവെന്നതിന്റെ കൃത്യമായ ഡോക്യുമെന്റേഷൻ എവിടെയുണ്ട്? നൂറോ നൂറ്റൻപതോ പേരടങ്ങുന്ന അരങ്ങിൽ അവതരിപ്പിച്ച ഒരവതരണം, അതിൽ അഞ്ചോ ആറോ പേരാണ് ഓർത്തിരിക്കുക. അവരിൽത്തന്നെ സാങ്കേതികമായ അറിവുള്ളവർ എത്രപേരാകും? അപ്പോൾ പ്രചാരലുപ്തമായ ഭാഗങ്ങൾക്ക് അരങ്ങൊരുക്കം ചെയ്യുമ്പോൾ ഇതുപോലുള്ള അദ്ഭുതങ്ങൾ ഞങ്ങൾക്കുണ്ടാകുന്നത് പൂർവികരോടുള്ള ബഹുമാനക്കുറവുകൊണ്ടല്ല. അതാണ് കഥകളിയുടെ സ്വഭാവം എന്നതുകൊണ്ടാണ്.
ഇപ്പോൾ ചെയ്യുന്ന ഈ അരങ്ങൊരുക്കത്തിന് പ്രധാനമായി രണ്ട് പ്രത്യേകതകൾ ഉണ്ട്. ഈ അവസരത്തിൽ അത് എടുത്തു പറയാം. 1. സമ്പൂർണ്ണമായ ഡോക്യുമെന്റേഷനോടെ നിർവഹിക്കുന്ന അരങ്ങൊരുക്കമാണിത്. അക്ഷരമായും ദൃശ്യമായും ഇത് ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. പ്രസിദ്ധീകരിക്കാവുന്ന തരത്തിൽ എഡിറ്റ് ചെയ്ത ഭാഗങ്ങൾ രാഗ-താളസൂചനകളോടെ തയ്യാറാക്കുന്നത് നോക്കി ഇനിമേലിൽ ആർക്കും സംശയം ഇല്ലാതെ ഈ ഭാഗങ്ങൾ അവതരിപ്പിക്കാം എന്നർഥം. നളചരിതം ഉത്തരഭാഗങ്ങൾക്ക് അരങ്ങിലേക്ക് യോജിച്ച ഒരു ആട്ടപ്രകാരമാണ് അങ്ങനെ പ്രസിദ്ധീകൃതമാകുന്നത്. നളചരിതത്തിന് മുൻപും ആട്ടപ്രകാരങ്ങൾ ഉണ്ടായിട്ടുണ്ട്. കൃഷ്ണൻനായരാശാന്റെയും കെപിഎസ്മേനോന്റെയും ആട്ടപ്രകാരങ്ങൾ ഉദാഹരണം. എന്നാൽ ഉത്തരഭാഗങ്ങൾക്ക് സാങ്കേതികസൂചനകളോടെ അരങ്ങിൽ ഉപയോഗപ്പെടും മട്ടിലുള്ള ഒന്നിന്റെ അഭാവം ഇപ്പോഴും നിലനിൽക്കുന്നു. അതാണ് ഇവിടെ നിവർത്തിക്കപ്പെടുന്നത്. 2. ഈ പ്രവർത്തനത്തിനു നേതൃത്വം നൽകിയ വാസു പിഷാരോടിയാശാന്റെ കൃത്യമായ കഥകളിബോധം ഇതിന്റെ സംവിധാനകർമ്മത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. കച്ചേരിയായിപ്പോലും കേട്ടാൽ സഹിക്കാൻ കഴിയാത്ത ദൈർഘ്യമുള്ള പദങ്ങൾ അനേകമുണ്ട് ഉത്തരഭാഗങ്ങളിൽ. അതിനെയെല്ലാം എഡിറ്റ് ചെയ്ത് രാഗങ്ങളും താളങ്ങളും ഭേദപ്പെടുത്തി, ആട്ടങ്ങൾ ക്രമപ്പെടുത്തി, അരങ്ങിനു പാകപ്പെടുത്തിയെടുത്ത ഒരു പ്രക്രിയ ഈ ഡോക്യുമെന്റേഷനു പിന്നിൽ ഉണ്ട്.
വായനമുറിയിൽ ഇരുന്നു നളചരിതം വായിക്കുന്നതും കച്ചേരിക്കോ മറ്റോ പാടിക്കേൾക്കുന്നതും അരങ്ങിൽ അവതരിപ്പിക്കുന്നതും മൂന്നു സംഗതികളാണല്ലോ. അരങ്ങിൽ അവതരിപ്പിക്കുമ്പോൾ അരങ്ങിനു യോജിച്ച സംവിധാനക്രിയ ആവശ്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാവില്ലെന്നു കരുതുന്നു. ആദ്യമായി ചെയ്യുന്നുവെന്നതല്ല, ലക്ഷ്യബോധത്തോടെ കളരിയിൽ രൂപപ്പെടുത്തുന്നുവെന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. ഇങ്ങനെ പ്രാധാന്യമുള്ള ഒരു പ്രവർത്തനമാകയാലും, ഒരു വിദ്യാർഥിയെന്ന നിലയിൽ അത്യന്തം ആഹ്ലാദം അനുഭവിച്ചതിനാലും ആ കുറിപ്പെഴുതി എന്നു മാത്രം; സിദ്ധപുരുഷന്മാരായിരുന്ന പൂർവസൂരികളോടുള്ള തികഞ്ഞ ആദരവോടെ തന്നെ..
നിർത്തട്ടെ.
നാരായണന് മൊതലക... (not verified)
Sat, 2013-08-31 10:41
Permalink
കുഞ്ചു നായര്‍ വഴിയില്‍ കൂടെ
ഇതുവരെ നളചരിതം മുഴുവനായി എവിടെയും ആടിയിട്ടില്ല, ഇതുവരെ ആര്‍ക്കും അറിയില്ലായിരുന്നു എന്നൊന്നും ശ്രീ ഏറ്റുമാനൂര്‍ കണ്ണന് പറഞ്ഞതായി തോന്നിയില്ല. 'തെക്കന്‍' ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കുഞ്ചുനായര്‍ വഴിയിലൂടെ നടക്കാനുള്ള ശ്രമം ആയിരുന്നില്ലേ ഇത്? തിരനോട്ടം ആ വഴിതെളിക്കലിനു മുന്‍കൈ എടുത്തു എന്നത് വളരെ അഭിനന്ദനീയം തന്നെ.
Anonymous (not verified)
Sat, 2013-08-31 18:06
Permalink
നല്ല ഉദ്യമം
ഡോ. കണ്ണൻ, വളരെ നല്ല ഉദ്യമം തന്നെ. സംപൂർണരൂപത്തിൽ dvd കളായി എന്നാണ് ലഭിക്കുക ?
nikhil
Sat, 2013-08-31 22:02
Permalink
ഗൗരവമായ ഒരു മുന്നേറ്റം
നല്ല അനുഭവക്കുറിപ്പ്. ഇത്തരത്തിലുള്ള ഒരു കലാന്വേഷണസംഘം രൂപികരിച്ചതിനും, സമ്പൂർണ്ണ നളചരിതം കളരി പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതിനും തിരനോട്ടത്തിന് അകമഴിഞ്ഞ അഭിനന്ദനങ്ങൾ. ആ 4 ദിവസങ്ങൾ ഏറെ വിജ്ഞാനപ്രദങ്ങളായിരുന്നിരിക്കണം. ഇത്തരത്തിലുള്ള വിദ്വൽസദസ്സുകൾ സംഘടിപ്പിക്കാൻ തിരനോട്ടത്തിന് ഇനിയും സാധിക്കട്ടെ !
കണ്ണേട്ടന്റെ കുറിപ്പിൽ ഒരിടത്തും നളചരിതസംബന്ധമായ പുതിയ കണ്ടുപിടിത്തങ്ങൾ ഈ കളരിയിൽ ഉണ്ടായി എന്ന് അവകാശപ്പെടുന്നതായി എനിക്ക് തോന്നിയില്ല. അതു കൊണ്ട് പണ്ടത്തെ ആചാര്യന്മാരുടെ സംഭാവനകൾ എപ്പോഴും സ്മരിക്കുമ്പോൾ തന്നെ അതിലുമെത്രയോ കൂടുതൽ ഇവിടെ പ്രസക്തമായി എനിക്ക് തോന്നുന്നത്, ഇത്തരത്തിലുള്ള ശിൽപശാലകൾ ഇപ്പോഴും ഇവിടെ ഉണ്ടാകുന്നു, തിരനോട്ടം നളചരിതസംബന്ധമായ ഒരു വിപുലമായ പ്രൊജക്റ്റ് വളരെയധികം ഗൗരവത്തോടെ, പ്രാവർത്തികമാക്കാൻ ആത്മാർത്ഥയോടെ പരിശ്രമിക്കുന്നു എന്ന കാര്യം തന്നെയാണ്. ആ വസ്തുത നമ്മെ അത്യധികം ആഹ്ലാദിപ്പിക്കേണ്ടതല്ലേ ?
sreechithran
Sat, 2013-08-31 22:55
Permalink
ചിന്തോദ്ദീപകമായ കുറിപ്പ്
തികഞ്ഞ പ്രായോഗികജ്ഞാനവും ധൈഷണികജ്ഞാനവുമുള്ളൊരാൾക്കു സമീപിക്കാൻ കഴിയുന്ന വിധത്തിലാണ് കണ്ണേട്ടൻ നളചരിതത്തെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ സൂക്ഷ്മാംശങ്ങളിലുമുള്ള നിരീക്ഷണങ്ങൾ വ്യക്തമാ വാൻഅതാത് സങ്കേതങ്ങളിൽ അനുഭവജ്ഞാനവും അത്യാവശ്യമാണ്.
എന്തായാലും തിരനോട്ടത്ത് അകമഴിഞ്ഞ് അഭിനന്ദിക്കുന്നു.മിത്തരമൊരു വിപുലപ്രവർത്തനത്തിനു പ്ലാറ്റ്ഫോം ഒരുക്കുക എന്ന ശ്രമകരവും സ്വപ്നസമാനവുമായ ദൗത്യം നിറവേറ്റിയത് വലിയൊരു കാര്യമാണ്. ഒറ്റസങ്കടം മാത്രം, വ്യക്തിപരമായ പ്രശ്നങ്ങൾ കാരണം എനിക്കു പങ്കെടുക്കാനായില്ല. തീർച്ചയായും ഞാനുമുണ്ടാവണമെന്നു മോഹിച്ചൊരു ക്യാമ്പായിരുന്നു ഇത്. എന്തു ചെയ്യാം, കാക്കയ്ക്കു വായ്പ്പുണ്ണ് കൃത്യസമയത്താവുമല്ലോ !
കണ്ണേട്ടൻ പറഞ്ഞതുപോലെ, അപൂർവ്വഭാഗങ്ങൾ വായിക്കുമ്പോഴൊക്കെ തോന്നാറുള്ളതാണ് കഥകളിയിൽ ഈ ഭാഗങ്ങളെല്ലാം എങ്ങനെ ഒതുക്കിപ്പാടാനാവും എന്ന സംശയം. അവയെ സുവ്യക്തമായി നേരിടാൻ വാസുവാശാനെപ്പോലൊരു ആചാര്യനേ കഴിയൂ.
തികഞ്ഞ സന്തോഷം, ഈ സംരംഭത്തിലും, ഈ കുറിപ്പിലും. നളചരിതോൽസവത്തിൽ ഭാഗഭാക്കാവുന്ന എല്ലാ കലാകാരന്മാർക്കും ചങ്ങാതിമാർക്കും ആശംസകൾ.
വി പി നാരായണൻ ന... (not verified)
Sun, 2013-09-01 11:19
Permalink
ശ്രീ ഏറ്റുമാനൂർ കണ്ണന്റെ
ശ്രീ ഏറ്റുമാനൂർ കണ്ണന്റെ വിവരണം ഒരു യഥാര്‍ഥ കലാന്വേഷണ കൌതുകത്തിന്റെ പ്രതിഭാലനമായി തോന്നി. ആ അനുഭവങ്ങൾ തികഞ്ഞ ആര്ജ്ജവത്ത്തോടെ പങ്കു വയ്ക്കുന്നു. നിലവിൽ അവതരിപ്പിച്ചു കാണാത്ത ഭാഗങ്ങളുടെ രംഗ പ്രയോഗങ്ങൾ ചിട്ടപ്പെടുത്തുക എന്ന സദുദ്യമത്തെ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെ അഭിനന്ദനാര്‍ഹവും.പൂർവ്വികരായ ആചാര്യന്മാർ അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഇന്നത്തെ നഷ്ടാവസ്ഥക്ക് ഒരു പരിഹാരമാല്ലല്ലോ.
ഗിരീഷ് (not verified)
Sun, 2013-09-01 11:21
Permalink
പടച്ചുണ്ടാക്കുന്ന ശീതസമരം
ചില വിരലിലെണ്ണാവുന്ന തെക്കുള്ളവർ, വെറുതേ ഒരു തെക്ക് വടക്ക് ശീതസമരം പടച്ചുണ്ടാക്കി തെക്കൻ ചിട്ടക്ക് അരങ്ങൊരുക്കാൻ പറ്റുമോ എന്ന് നോക്കുന്നതാണ് . വാസ്തവത്തിൽ വിമര്‍ശിക്കേണ്ടിടത്ത് വിമര്‍ശിക്കുകയും, ചിട്ടയായി അഭ്യസനം നടത്തിയും ആണ് അത് ചെയ്യേണ്ടതെന്ന് ഇവർക്ക് ഇനിയും തിരിഞ്ഞിട്ടില്ല !
വടക്കുള്ള കലാകാരന്മാരെ വേണ്ടിടത്ത് വിമർശിക്കാൻ വടക്കുള്ളവർക്ക് പൊതുവെ മടികാണാറില്ല. എന്നാൽ ഈ വിരളിലെണ്ണാവുന്ന ചിലർ തെക്കാൻ ചിട്ടയിലെ കലാകാരന്മാർ എന്ത് ചെയ്താലും വെറുതെ വാഴ്ത്തുമൊഴികളുമായി ഇറങ്ങും. ഒരു ഉദാഹരണം പറയാം. ഈയിടെ ഒയൂരിന്റെ ബ്രാഹ്മണൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത് കണ്ടിട്ട് ഇവരിൽ ചിലര്‍ നടത്തിയ eulogy ശ്രദ്ധിചിട്ടുണ്ടാകും ! വാസ്തവത്തിൽ ഇത്ര മോശമായ ഒരു 'ബ്രാഹ്മണൻ' കണ്ടിട്ടില്ല.
കഥകളി അഭ്യസിക്കാതെ വെറുതെ പദ്മനാഭാനാശാന്റെ ബ്രാഹ്മണൻ മൂന്നു തവണ കണ്ടിട്ടുള്ള ആളിന് അതിലും ഭേദമായി ആ വേഷം ചെയ്യാൻ പറ്റുമെന്നുതോന്നിപ്പോയി.
ഇത്തരത്തിലുള്ള ആളുകൾ വെറുതെ ഇല്ലാത്ത പ്രശ്നം ഉണ്ടാക്കുന്നതാണ് .
Mohandas
Sun, 2013-09-01 13:31
Permalink
സമ്പൂർണ്ണ നളചരിതം ഭംഗിയായി
ശ്രീ.കണ്ണൻ, ശ്രീചിത്രൻ, നിഖിൽ: വിദേശരാജ്യത്തു ഒരിടത്ത് സമ്പൂർണ്ണ നളചരിതം ഭംഗിയായി അവതരിപ്പിക്കാൻ വേണ്ടി അതിനു യോഗ്യതയുള്ളവർ കുറച്ചു പേർ കൂടി ഒരു നല്ല തയ്യാറെടുപ്പ് എന്ന നിലയിൽ ഒരു ശിപ്പശാല നടത്തി എന്ന് പറഞ്ഞാൽ അതിൽ ആക്ഷേപത്തിന് വകയില്ല, എന്നുതന്നെയല്ല എന്നെപ്പോലെയൊരു കഥകളിപ്രേമിക്ക് അത് സന്തോഷകരമായ ഒരു വാർത്തയും ആണ്. അല്ലായെങ്കിൽ, ഒരു സഹൃദയൻ ഫേസ്ബുക്കിൽ അഭിപ്രായപ്പെട്ടതുപോലെ, വാഴേങ്കടആശാന്റെ വള്ളുവനാടൻ ശൈലിയിലുള്ള ഒരു വേറിട്ട നളചരിതാവിഷ്ക്കരണമാണ് ശിൽപ്പശാലയിൽ ഉദ്ദേശിച്ചതെങ്കിൽ അതിലും എനിക്ക് പരാതിയില്ല, സന്തോഷമേ ഉള്ളൂ. നളചരിതത്തിന്റെ വേറൊരു ദൃശ്യാവിഷ്ക്കരണം ഉണ്ടാകുന്നത് നല്ലതല്ലേ? പക്ഷെ ''വാസുവാശാന്റെ നേതൃത്വത്തില്‍ നടന്നചരിത്രസംഭവമായ ഈ രംഗസംവിധാനശില്‍പശാലയില്‍ ------ സമഗ്രവും കഥകളിത്തം നിറഞ്ഞതുമായ ഒരു രംഗസംവിധാനം നളചരിതത്തിലെ ഒഴിവാക്കപ്പെട്ട രംഗങ്ങള്‍ക്ക് ഇതിനും മുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിയില്ല --- അക്ഷരങ്ങളിലും ചലച്ചിത്രങ്ങളിലും രേഖപ്പെടുത്തുന്ന ഈ നളചരിതരംഗസംവിധാനം അരങ്ങില്‍ വാഴ്ച നേടുമെന്ന് പ്രത്യാശിക്കാം'' എന്നൊക്കെ പറയുമ്പോൾ നളചരിതത്തിന്റെ (കുറഞ്ഞ പക്ഷം അരങ്ങിൽ പതിവില്ലാത്ത രംഗങ്ങല്ക്കെങ്കിലും) അടിസ്ഥാനപരമായ, ദൂരവ്യാപകമായ പല നിർമ്മിതികൾക്കും ഈ ശില്‍പ്പശാല കൊണ്ട് സാധിച്ചു എന്നാണല്ലോ അർഥം. ഇവിടെ എനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.
നളചരിതം ആട്ടക്കഥയുടെ രംഗഭാഷ്യം ആരൊക്കെയാണ് നിർമ്മിച്ചതെന്ന് നമുക്കെല്ലാം ഇപ്പോൾ അറിയാം, ഞാൻ എന്റെ ലേഖനങ്ങളിലൂടെ പലവട്ടം അത് പറഞ്ഞിട്ടും ഉണ്ട്. ഇങ്ങിനെ ഒരു ശില്‍പ്പശാല സംഘടിപ്പിക്കുമ്പോൾ ആദ്യം ചെയ്യേണ്ടിയിരുന്നത് ആ പൂർവസൂരികളൊക്കെ എന്താണ് ചെയ്തു വച്ചിരുന്നത് എന്ന് കർക്കശമായി വിലയിരുത്തി അതിൽ എന്തൊക്കെ ആവശ്യം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നു വസ്തുനിഷ്ട്ടമായി പരിശോധിക്കയായിരുന്നു. 'അരങ്ങിൽ ഇപ്പോൾ പതിവില്ല' എന്ന് പറഞ്ഞാൽ അതിന്റെ അർഥം 'അരങ്ങിൽ ഉണ്ടായിട്ടില്ല' എന്നല്ലല്ലോ? അരങ്ങത്തു ഇന്ന് പതിവില്ലാത്ത രംഗങ്ങൾ പതിറ്റാണ്ടുകൾ അവതരിപ്പിച്ച കലാകാരന്മാർ ഇന്നും ജീവിച്ചിരിപ്പുണ്ട്. അവരോടു ഒരന്വേഷണം നടത്തേണ്ടിയിരുന്നില്ല? ഒരു ഫോണ്‍ വിളിയിൽ കൂടി തന്നെ വേണ്ട വിവരങ്ങൾ കിട്ടാമായിരുന്നു. അടുത്ത ചോദ്യം, നളചരിതം പോലെ ജനപ്രിയമായ ഒരു കഥകളിക്കു 'ചരിത്രപരമായ ഘടനാവ്യത്യാസം' ഉണ്ടാക്കേണ്ടത് ആരാനെന്നതാണ്. നളചരിത പരിഷ്ക്കരണം എന്ന വളരെ ഗൌരവമേറിയ ഒരു വിഷയം ആണ് ഉദ്ദേശമെങ്കിൽ ഈ വിഷയത്തിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള കലാകാരന്മാരും സാഹിത്യപ്രമുഖരും നല്ല പ്രേക്ഷകരും മറ്റ് അണിയറ ശിൽപ്പികളും കേരളകലാമണ്ഡലം പോലെ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന സെമിനാറുകൾ നടത്തണം. ആ സെമിനാറുകളിൽ ഉരുത്തിരിഞ്ഞു വരുന്ന ചിന്തകളുടെ അടിസ്ഥാനത്തിലായിരിക്കണം ഇതുപോലൊരു കാര്യം ചെയ്യേണ്ടത്. ഈ ചർച്ചകളിൽ നളചരിതം കഥകളിയുടെ ഈറ്റില്ലമായ തെക്ക് നിന്നും പ്രൊഫ. പന്മന രാമചന്ദ്രൻ നായർ, പി. നാരായണക്കുറുപ്പ്, ഇഞ്ചക്കാട്ടു രാമചന്ദ്രൻ പിള്ള, തിരുവല്ല ഗോപിക്കുട്ടൻ നായർ എന്നിവരും വടക്കു നിന്ന് ഗോപിയാശാൻ, വാസുപ്പിശാരടിയാശാൻ തുടങ്ങിയ നടന്മാരും രാജാനന്ദ് തുടങ്ങിയ കഥകളിപണ്ഡിതന്മാരും പങ്കെടുക്കട്ടെ. നളചരിതം ആട്ടക്കഥ കഥകളിക്കു കൊള്ളില്ല എന്ന് പറയുന്ന പണ്ഡിതന്മാർക്ക് ഇങ്ങിനെ ഒരു ചർച്ചയിൽ ഒരു പങ്കാളിത്തവും ഉണ്ടാവാനും പാടില്ല. ഇങ്ങിനെ കൂട്ടായ ചർച്ചകളിൽ കൂടി നളചരിത പരിഷ്ക്കരണങ്ങൾ നടപ്പാക്കിയാൽ മാത്രമേ അതിനു കേരളം ഒട്ടുക്കും ജനസമ്മിതി ഉണ്ടാവൂ. അല്ലാതെ ഒരാൾ കുറച്ചു പണവുമായി വന്നു്, അയാൾക്കിഷ്ട്ടപ്പെട്ട ഒരു കഥകളി കലാകാരനെ വിളിച്ച്, അദ്ദേഹം അദ്ദേഹത്തിനിഷ്ട്ടപ്പെട്ട ചില കലാകാരന്മാരെയും സാഹിത്യപണ്ഡിതന്മാരെയും വിളിച്ചു കൂട്ടി ചെയ്യേണ്ട ഒരു കൊച്ചുകാര്യമല്ല ഇത്. അങ്ങിനെ ചെയ്യാൻ തുടങ്ങിയാൽ നാട് മുഴുവൻ നളചരിത പരിഷ്ക്കരണം നടക്കും. വിഭാഗീയത വളരും. ഈ കഥകളിയുടെ നാശമായിരിക്കും ഫലം. അതുണ്ടാകരുത്. ഉദ്ദേശം നല്ലതും ഫലം മറിച്ചും ആകരുത്. അതാണ് ഞാൻ ഉദ്ദേശിച്ചത്, അല്ലാതെ ശിപ്പശാലയുടെ സദുദ്ദെഷത്തെയൊ അതിൽ പങ്കെടുത്തവരുടെ ഈ വിഷയത്തിലുള്ള കഴിവുകളെയോ ഞാൻ ചോദ്യം ചെയ്യുന്നില്ല എന്ന് മാത്രമല്ല, ബഹുമാനപുരസ്സരം നോക്കിക്കാണുകയും ആണ് ചെയ്യന്നത്.
വാൽക്കഷണം: ഈ ശിൽപ്പശാലയിൽ ഒരു നളചരിത ഗാനഘടന കണ്ടു പിടിച്ചു എന്ന വിവരം പറഞ്ഞ്, ആശാൻ ഈ പദം പാടിയിട്ടുണ്ടോ എന്ന് ഞാൻ തിരുവല്ല ഗോപിക്കുട്ടൻ നായരോട് ചോദിച്ചു (നമ്മുടെ ഇഷ്ട്ടാനിഷ്ട്ടങ്ങൾക്കപ്പുരം, നളചരിതം കഥകളിയുടെ പഴയ സുവർണ്ണ കാലഘട്ടങ്ങളിൽ എല്ലാ ഗുരുനാഥന്മാർക്കും വേണ്ടി പാടിയിട്ടുള്ള ഗായകനാണ് ഇദ്ദേഹം എന്ന് ഓർക്കേണ്ടതുണ്ട് ). അദ്ദേഹം കുറെ നേരം ഒന്നും മിണ്ടിയില്ല, കുറെക്കഴിഞ്ഞപ്പോൾ ഒരു നെടുവീർപ്പോടെ പറഞ്ഞു 'കഷ്ട്ടം, എനിക്കൊന്നും പറയാനില്ല, എല്ലാം മാറി മറിയുന്ന ഈ കാലത്ത് ജീവിക്കേണ്ടി വരുന്നതാണ് മഹാരഥന്മാരുടെ പിറകിൽ നിന്നും പാടിയ എൻറെ ദുർവിധി'. ഈ ദുഃഖം കഥകളിക്കു നല്ലതാണോ?
ravi (not verified)
Tue, 2013-09-03 17:47
Permalink
>ഈ ദുഃഖം കഥകളിക്കു നല്ലതാണോ
>ഈ ദുഃഖം കഥകളിക്കു നല്ലതാണോ
ഇങ്ങനെ പറയുന്നതിൽ വല്ല അർഥവുമുണ്ടോ? മുൻബ് പാടിയിരുന്നത് കണ്ണൻ പറഞ്ഞതു പ്രകാരമാണോയെന്ന് വ്യക്തമല്ല. ഇനി പാടിയിട്ടുണ്ടെങ്കിലുമതിന്റെ ഡോക്കുമെന്റേഷൻ അവൈലബിൾ ആണോ? വെറുതേ എന്തിനു ഈ തെക്കും വടക്കുമെന്ന് പറഞ്ഞ് അടിയുണ്ടാക്കണം!?
Nampallil
Sun, 2013-09-01 22:20
Permalink
സര്‍വ്വ ശ്രീ മോഹന്‍ദാസ് സാര്‍
സര്‍വ്വ ശ്രീ മോഹന്‍ദാസ് സാര്‍ പറഞ്ഞതാണ് എന്റെയും അഭിപ്രായം. ഒരു വിദേശ രാജ്യത്ത് അവതരിപ്പിക്കാനായി രംഗ പരിചയമില്ലാത്ത ചിലര്‍ക്കായി വാസുപ്പിഷാരടി ആസാനെപ്പോലെ അനേകം പൂര്‍വ്വ സൂരികലുമായി അരങ്ങു പങ്കിട്ട ഒരു ആചാര്യന്റെ നേതൃത്വത്തില്‍ ശില്പ സാല സംഘടിപ്പിച്ചു എന്ന് പറഞ്ഞിരുന്നെങ്കില്‍ അതില്‍ പരാതിയുന്റാകുമായിരുന്നില്ല. അദ്ദേഹം ഇതിനെല്ലാം മുന്‍പ് ഏതെങ്കിലും ഒരു പാഠം ഉണ്ടായിട്ടുണ്ടോ എന്ന് തനിക്കറിയില്ല എന്ന് പ്രത്യേകം പറഞ്ഞിരിക്കുന്നതിനാല്‍ അങ്ങിനെ ഒരു അന്വേഷണം നടത്തിയിരുന്നില്ല എന്ന് വ്യക്തമാണ്. വലിയ ഡോക്യുമെന്റേഷനോടുകൂടി നടത്തുന്ന പരിപാടിയായതിനാലും പഴയ അരങ്ങുകള്‍ക്ക് അതില്ലാത്തതിനാലും ഇതാണ് സത്യം എന്ന് വരും തലമുറ വിശ്വസിക്കാന്‍ സാധ്യത്യുല്ലതിനാലും, ഇതിന്റെ സംഘാടകര്‍ സമഗ്രമായ ഒരു അന്വേഷണം നടത്തെന്ടതയിരുന്നു. മോഹന്‍ ദാസ് സാര്‍ പറഞ്ഞതുപോലെ കുറഞ്ഞ പക്ഷം ഫോണ്‍ എടുത്ത് ഒന്ന് വിളിച്ചിരുന്നെങ്കില്‍ നിസ്സാരമായി താളത്തില്‍ ഒതുങ്ങുമായിരുന്ന കാര്യത്തെ ആഗോള പ്രശ്നമായി അവതരിപ്പിച്ചു ഈ അവസ്ഥയില്‍ ആക്കാതെ കഴിക്കാമായിരുന്നു. ഡോക്ടറേറ്റ് ഡിഗ്രി കരസ്ഥമാക്കിയ ശ്രീ കണ്ണന് literature review -വിനു ഗവേഷനത്തിലുള്ള സ്ഥാനം ഞാന്‍ പ്രത്യേകം പറഞ്ഞു തരെന്ടതില്ലല്ലോ.
ഈ അടുത്ത കാലത്ത് രണ്ടും മൂന്നും ദിവസങ്ങളുടെ ഉത്തര ഭാഗങ്ങള്‍ കാണാന്‍ സാധിച്ചിരുന്നു.
Anonymous (not verified)
Tue, 2013-09-03 22:02
Permalink
ദിക്ക് ഏതായാലെന്ത്
ദിക്ക് ഏതായാലെന്ത് , കളി നന്നായാൽ മതി.
Mohandas
Tue, 2013-09-03 23:07
Permalink
അഡ്മിനുകൾ ദയവായി ശ്രദ്ധിക്കുക
കഥകളിയെ ഗൌരവപരമായി വീക്ഷിക്കുകയും കഥകളി വിഷയങ്ങളിൽ സ്വതന്ത്ര നിലപാടുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു വെബ്സൈറ്റ് ആണ് കഥകളി.ഇൻഫോ. എന്നുള്ള അടിസ്ഥാന വിശ്വാസത്തിലാണ് ഞാൻ ഇവിടെ ലേഖനങ്ങൾ എഴുതുകയും പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നത്. എൻറെ ആ വിശ്വാസത്തിനു എതിരായി ഒന്നും തന്നെ ഇതുവരെ സംഭവിച്ചു ഞാൻ കണ്ടിട്ടുമില്ല. പക്ഷെ ഇപ്പോൾ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാതെ ഊരും പേരും ഇല്ലാത്ത ആർക്കും വായിൽ വരുന്നതെന്തും വിളിച്ചു പറയാനുള്ള ഒരിടം ആയി ഇവിടം മാറുന്നുണ്ട്. ഫേസ് ബുക്ക് ത്രെഡ്കളിലുണ്ടാകുന്ന ഈ അപചയം ഈ നല്ല വെബ്സൈറ്റിനെയും ബാധിക്കാതിരിക്കാൻ വേണ്ടത് ചെയ്യണം. ഞാനുൾപ്പടെ ആരും വിമർശനത്തിനു അതീതരല്ല. പക്ഷെ, അത് ചെയ്യുമ്പോൾ ചെയ്യുന്നവർ പാലിച്ചിരിക്കേണ്ട സാമാന്യമര്യാദകൾ വെബ്സൈറ്റ് ഉറപ്പാക്കേണ്ടതുണ്ട്. ചന്തസംസ്കാരത്തിനൊക്കെ മറുപടി പറയാൻ കഴിയില്ലല്ലോ? അഡ്മിനുകൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ?
sunil
Wed, 2013-09-04 21:25
Permalink
കമന്റ് ചെയ്യുന്നവര്‍ കുറച്ച് കൂടെ ശ്രദ്ധിക്കുക
നിലവാരം താണ കമന്റുകള്‍ പബ്ലിഷ് ചെയ്യില്ല എന്നേ അഡ്മിന്സിനു പറയാനാവൂ. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണല്ലൊ ഇതെല്ലാം.
Mohandas
Thu, 2013-09-05 10:51
Permalink
വിരലിലെണ്ണാവുന്ന തെക്കുള്ളവർ, വെറുതേ ശീതസമരം --------
"വിരലിലെണ്ണാവുന്ന തെക്കുള്ളവർ, വെറുതേ ഒരു തെക്ക് വടക്ക് ശീതസമരം പടച്ചുണ്ടാക്കി തെക്കൻ ചിട്ടക്ക് അരങ്ങൊരുക്കാൻ പറ്റുമോ എന്ന് നോക്കുന്നതാണ്'' എന്നാണു, എണ്ണാൻ കഴിയാത്തത്ര കലാകാരന്മാരുള്ള ഏതോ നാട്ടിൽ നിന്നും ഒരു സുഹൃത്ത് മുകളിൽ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിൻറെ ഭയാശങ്കകൾ മാറ്റാനായി മാത്രം ഇത് കുറിക്കുന്നു.
സുഹൃത്തേ, ഭയപ്പെടേണ്ടതില്ല, തെക്കൻചിട്ടക്ക് അരങ്ങൊരുക്കാൻ ഞാനോ ഇവിടെ എഴുതുന്ന ചുരുക്കം ചിലരോ വിചാരിച്ചാൽ ഒന്നും നടക്കില്ല. ഞങ്ങളുടെ നാട്ടിൽ അന്തസ്സായി കഥകളി കളിച്ചിരുന്ന ഗംഭീരാശയന്മാരെല്ലാം മണ്മറഞ്ഞു പോയി. അവരിൽ നിന്നും ചിലതൊക്കെ അറിഞ്ഞും പഠിച്ചും വളർന്നു വന്ന അടുത്ത തലമുറക്കാണെങ്കിൽ കഥകളിയെക്കാൾ താത്പര്യം, അതിന്റെ മാർക്കെറ്റിങ്ങിൽ ആയിപ്പോയി. അത് ഏറ്റവും ഭംഗിയായി പ്രയോഗിക്കാൻ എവിടെ നിൽക്കണം, ആരെ പിടിക്കണം എന്നൊക്കെ അവർക്കു ശരിക്കും അറിയാം. ഇന്നത്തെ ഒരു കാലാവസ്ഥയിൽ കഥകളിയിൽ വല്ലതും ഒക്കെ ആകണമെങ്കിൽ അതിനു പറ്റിയ വളക്കൂറുള്ള മണ്ണ് വടക്കാണ് എന്ന് മനസ്സിലാക്കി മിടുക്കന്മാരെല്ലാം മനസ്സുകൊണ്ട് വടക്കൻ കൂടാരങ്ങളിൽ ചേക്കേറിക്കഴിഞ്ഞു. തെക്കൻ പാരമ്പര്യത്തെ നിരാകരിക്കയാണ് വടക്കൻ കഥകളി മനസ്സുകളിൽ എളുപ്പം കയറിപ്പറ്റാനുള്ള മാർഗ്ഗം എന്നും ഈ ബുദ്ധിമാന്മാർക്കു നന്നായി അറിയാം.
തെക്ക് ഇനി ഒരു 'ചിട്ട' യും അടുത്ത കാലത്തെങ്ങും പച്ചപിടിക്കില്ല എന്ന് ഉറപ്പായല്ലോ? ഇതറിയാമെങ്കിൽ പിന്നെന്തിനാ ഈ കണ്ടതെല്ലാം എഴുതി കൂട്ടി ഞങ്ങളുടെയൊക്കെ വെറുപ്പ് സമ്പാദിക്കുന്നേ എന്നൊരു ചോദ്യം ഉദിക്കാം. നമ്മളൊക്കെ കണ്ടും ശീലിച്ചും വളർന്നതിനോടൊക്കെ ഒരു പ്രതിബദ്ധതയും നന്ദിയും ഒക്കെ വേണ്ടേ? ഇല്ലെങ്കിൽ ആരായിട്ടും എന്ത് നേടിയിട്ടും എന്ത് ഗുണം? നിങ്ങൾ വടക്കുള്ള കലാകാരന്മാരും കഥകളി ആസ്വാദകരും നിങ്ങളുടെ പൈതൃകത്തോട് കാണിക്കുന്ന ഒരു സ്നേഹം ഉണ്ടല്ലോ, അതു ഞാനും എന്റെ പൈതൃകത്തോട് കാണിക്കുന്നു. അത്രമാത്രം. മറ്റു താത്പര്യങ്ങൾ ഒന്നും ഇല്ലാത്തത് കാരണം മനസ്സിൽ തോന്നുന്നത് മറച്ചു പിടിക്കാതെ എഴുതുന്നു. അല്ലാതെ 'തെക്കൻചിട്ടക്ക്' അരങ്ങൊരുക്കാം എന്നുള്ള വ്യാമോഹം ഒന്നും എനിക്കില്ല സുഹൃത്തേ!
കോട്ടയം കഥകൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് ശരിയല്ല, അതെല്ലാം ഒന്ന് ശരിയായി ചെയ്തു ഡോകുമെന്റെഷൻ ചെയ്തു വക്കണം എന്നും പറഞ്ഞ് നാളെ ഒരു കൂട്ടം ലോക്കൽ കലാകാരന്മാരും സാഹിത്യ പണ്ഡിതന്മാരും തിരുവന്തപുരത്ത് ശിൽപ്പശാല നടത്തി ആ 'ചരിത്രസംഭവത്തെ' ലോകസമക്ഷം അവതരിപ്പിച്ചാൽ, ആ അമാന്യതയോട് പ്രതികരിക്കാനും നിങ്ങൾക്കൊപ്പം ഞാനും ഉണ്ടാകും. ഒരു സംശയവും വേണ്ടാ. അതുവരെ ഗംഭീരാശയന്മാരായ 'സന്താനരാമ' ന്മാർക്കു വേദി വിട്ടു കൊടുത്ത് കൊണ്ട് അൽപ്പാശയനായ ഞാൻ അരങ്ങു വിടട്ടെ. ഇനിയുള്ള കാലം അവർക്കുള്ളതാണ്!
കൃഷ്ണൻ നമ്പൂതിര... (not verified)
Thu, 2013-09-05 10:32
Permalink
മോഹൻദാസിനോട് ഒരു അഭ്യര്‍ത്ഥന
ഇതെല്ലാം വായിച്ചു. ഇപ്പോഴും ഒരു സംശയം ബാക്കി. മുൻപ് നളചരിതം മുഴുവനായി അവതരിപ്പിചിട്ടുള്ള അരങ്ങുകളി എങ്ങനെയാണ് ' അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍ ' എന്നാ ഭാഗം പാടിയിട്ടുണ്ടാകുക ?
അത് എങ്ങനെയായിരുന്നു എന്നു് അറിവുണ്ട്ട്കാൻ സാധ്യതയുള്ള ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായരോട് ഇത് ഒന്നു ചോദിക്കണമെന്ന് ശ്രീ മോഹൻദാസിനോട് അഭ്യർത്ഥിക്കുന്നു. അതിനു തീര്‍ച്ചയായും പ്രസക്തി ഉണ്ടല്ലോ. വാസുപിഷാരടിയും സംഘവും തീരുമാനിച്ച പ്രകാരം തന്നെയോ, അതോ വേറെ പ്രകാരതിലോ ? വഴക്കുകൾക്ക് പോകാതെ വളരെ നല്ല അന്തരീക്ഷത്തിൽ നമുക്കിത് കണ്ടെത്താം. വേറെ വിധത്തിലായിരുന്നു പാടിയിരുന്നതെങ്കിൽ , രണ്ടു വഴികളിലെയും , സൌന്ദര്യാത്മകവും , സാന്ഗേതികപരവുമായ പ്രത്യേകതകൾ എന്തെല്ലാം, എന്നിങ്ങനെ.
തീര്‍ത്തും സൗഹാർദപൂർവ്വം നമുക്കിത് കണ്ടെത്താം. ശ്രീ. തിരുവല്ല ഗോപിക്കുട്ടാൻ നായരെ അടുത്തറിയുന്ന ശ്രീ. മോഹൻദാസിനോട് ഇതിൽ മുന്‍കൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഗിരീഷ് (not verified)
Thu, 2013-09-05 10:53
Permalink
ഇതും പറയേണ്ടി വരുന്നോ ?
ശ്രീ മോഹന്‍ദാസ് ,
തേക്കൻ ചിട്ട കാലയവനികക്കുള്ളിൽ മറയണമെന്ന് ഒരാളും ആഗ്രഹിക്കുന്നുണ്ടാകില്ല, കേരളത്തിൽ ഒരിടത്തും.താങ്കളെപ്പോലെ ഒരാൾ ഇത്ര യുക്തിഹീനമായി ചിന്തിക്കരുത് . കഥകളി ഒരു രൂപത്തിൽ മാത്രമേ കളിക്കാവൂ എന്നോ,കേരളത്തിലെ മറ്റു ശൈലികൾക്ക് ശിഥിലീകരണം വരണമെന്നോ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല . മറിച്ചു എല്ലാ ശൈലികളും അതിന്റെ പരമാവധി ഗരിമയിൽ തുടരണമെന്നാണ് ഏതൊരു സഹൃദയനും ആഗ്രഹിക്കുക.
പക്ഷെ അതിനായി objective analysis വേണ്ടെന്ന് വച്ചതുകൊണ്ടോ, സൂക്ഹ്മാപഗ്രഥനങ്ങളിൽ വിട്ടു വീഴ്ച ചെയ്തോ, ഒന്നും നേടാനില്ല. കഥകളിയിലെ വള്ളുവനാടൻ പ്രത്യേകതകൾ നിലനില്ല്ക്കണമെന്ന പ്രാദേശികവാദമല്ല കല്ലുവഴിചിട്ടയുടെ അടിത്തറ. മറിച്ചു ചില തികഞ്ഞ സൌന്ദര്യ സംഗത്പ്പങ്ങൾ ആണ് .
തെക്കൻ ചിട്ട നിലനില്ക്കേണ്ട കാരണവും അതു തന്നെ. ഇത്രയും ലളിതമായ സംഗതി താങ്കൾക്കു മനസ്സിലാവില്ല എന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് .
ഗിരീഷ് (not verified)
Thu, 2013-09-05 10:59
Permalink
വിട്ടു പോയ ഒന്ന്
ശ്രീ മോഹന്‍ദാസ് ,
'നളചരിതം തെക്കുള്ളവരുടെത് , കോട്ടയം കഥകൾ വടക്കുള്ളവരുടെത് ' എന്നാ മട്ടിൽ താങ്കൾ പറഞ്ഞത് അത്ഭുതപ്പെടുത്തുന്നതായി.
മുരളീമോഹൻ (not verified)
Thu, 2013-09-05 15:11
Permalink
പ്രധാന കാര്യം മാത്രം ഇല്ല !
മോഹൻദാസിന് വാസ്തവത്തിൽ ഏറ്റുമാനൂർ കണ്ണന്റെ ലേഖനം വായിച്ച് എന്തെങ്കിലും അടിസ്ഥാനമുള്ള മനക്ഷോഭം ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ അദേഹം ആദ്യം ചെയ്യുമായിരുന്നത് , തിരുവല്ല ഗോപിക്കുട്ടാൻ നായരെ വിളിച്ച് ആ വരി എങ്ങനെ ആണ് പാടിയിരുന്നത് എന്ന് അന്വേഷിച്ചു അത് വളച്ചുകെട്ടില്ലാതെ ഇവിടെ പറയുക ആയിരുന്നു ചെയ്യേണ്ടിയിരുന്നത്. പക്ഷെ അദേഹം വെറുതെ ചില നാടക സന്ഗെതത്തിലാണ് നിലയുറപ്പിച്ചത് !
""" അദ്ദേഹം കുറെ നേരം ഒന്നും മിണ്ടിയില്ല, കുറെക്കഴിഞ്ഞപ്പോൾ ഒരു നെടുവീർപ്പോടെ പറഞ്ഞു 'കഷ്ട്ടം, എനിക്കൊന്നും പറയാനില്ല, """ എന്തുകൊണ്ട് അദേഹം ശ്രീ ഗോപിക്കുട്ടാൻ നായരോട് എങ്ങനെയായിരുന്നു എന്ന് വ്യക്തമായി ചോദിച്ചില്ല ? അഥവാ ചോദിച്ചെങ്കിൽ എന്തുകൊണ്ട് അത് ഇവിടെ പറഞ്ഞില്ല ??
ജയകുമാർ (not verified)
Sat, 2013-09-07 11:14
Permalink
അപകടം !
ഗൂഗിൾ ആണല്ലൊ ഇപ്പോൾ എന്തിനും ഉത്തരം തരുന്നത്. ഈ പോസ്റ്റിന്റെ ധ്വനി മനസ്സിലാക്കാൻ പുറപ്പെടാതെ ഏതെങ്കിലും വിദ്വാൻ ഇത് ഉടനെ തന്നെ അപ്പടി ഉത്തരകടലാസിലേക്ക് പകർത്താനും ഇടയുണ്ട് !
കൃഷ്ണൻ (not verified)
Sun, 2013-09-15 06:38
Permalink
പൈങ്കിളിക്കഥയ്ക്ക് ഒരു സൗന്ദര്യവൽക്കരണം.
പൈങ്കിളിക്കഥയ്ക്ക് ഒരു സൗന്ദര്യവൽക്കരണം. ഇന്നലെ വരെ കഥകളിയ്ക്കു യോഗ്യമല്ലാത്തത് ഈ സൗന്ദര്യവൽക്കരണത്തിലൂടെ ജനശ്രദ്ധനേടി എന്നുള്ള പ്രഖ്യാപനവും ഒട്ടും വൈകാതെ പ്രതീക്ഷിക്കാം. നിലവിലുള്ള ആട്ടരീതികളെ വെട്ടിച്ചുരുക്കി ഒരു ട്രിമ്മിംഗ് വേല അഥവാ ബാർബാർ വേല അല്ലാതെ എന്താണ് ഇവരൊക്കെ ചെയ്തു വന്നത് എന്ന് മനസിലാകുന്നില്ല.
Raveendran (not verified)
Fri, 2013-09-20 18:07
Permalink
നളചരിതത്തിന്റെ അരങ്ങൊരുക്കം എന്ന ലേഖനം
ഡോ. ഏറ്റുമാനൂര്‍ പി. കണ്ണന് എഴുതിയ കഥകളിയുടെ സൌന്ദര്യസാരം വെളിപ്പെട്ട നളചരിതത്തിന്റെ അരങ്ങൊരുക്കം എന്ന ലേഖനം രണ്ടു തവണ ശ്രദ്ധിച്ച് വായിച്ചു. അപ്പോൾ ഒരു പഴയ സിനമാഗാനമാണ് ഓർമ്മവന്നത്.
" അതിശക്ത കൽപ്പാന്ത പ്രളയം കഴിഞ്ഞുള്ള
മൃതഭൂമിപോലെ ഈ മനുഷ്യചിത്രം.
സ്വാർത്ഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ
മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം"
കൃഷ്ണൻ നമ്പൂതിരി (not verified)
Sun, 2013-09-29 15:34
Permalink
ഒന്നുകൂടി അഭ്യർത്ഥിക്കുന്നു
ഞാൻ എന്റെ അഭ്യര്‍ത്ഥന ഒന്നുകൂടി ആവര്‍ത്തിക്കുന്നു. ശ്രീമാൻ മോഹൻദാസ് ദയവുചെയ്ത് മുൻപ് എങ്ങനെയാണ് 'അന്തിയാം മുമ്പേ കുണ്ഡിനം തന്നില്‍ ചേരേണമെങ്കില്‍ ' പാടിയിരുന്നത് എന്ന് ശ്രീമാൻ ഗോപിക്കുട്ടൻ നായരോട് ചോദിച്ച് ഇവിടെ എഴുതും എന്ന് പ്രത്യാശിക്കുന്നു. അത് അത് അറിയലാണല്ലോ പ്രധാനമായ കാര്യം.
Mohandas
Sun, 2013-09-29 21:35
Permalink
താങ്കളുടെ അഭ്യര്‍ത്ഥനക്ക്
താങ്കളുടെ അഭ്യര്‍ത്ഥനക്ക് മുൻപ് തന്നെ ഞാൻ ശ്രീ. ഗോപിക്കുട്ടൻ ആശാനോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിനു പനിയും കലശലായ throat infection ഉം കാരണം അന്നത് പാടി റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല. ഇനി ശ്രമിക്കാം. അദ്ദേഹം സംഗീതപരമായി പറയുന്ന കാര്യങ്ങൾ അതുപോലെ മറ്റുള്ളവരിൽ എത്തിക്കാൻ എനിക്ക് കഴിയുമോ എന്നുള്ള ശങ്കയും ഉണ്ട്. ഈ വിഷയം അദ്ദേഹത്തിൽ നിന്ന് തന്നെ നേരിട്ട് ഗ്രഹിക്കാനും കഴിയും. ഫോണ്‍ നമ്പർ അദ്ദേഹത്തിൻറെ പ്രൊഫൈലിൽ കൊടുത്തിട്ടുണ്ട്. ആര്‍ക്കും വിളിക്കാവുന്നതെയുള്ളൂ. ആത് പാടിക്കെൽപ്പിക്കുന്നതിൽ അദ്ദേഹത്തിനു സന്തോഷമേ കാണൂ.
കൃഷ്ണൻ നമ്പൂതിരി (not verified)
Mon, 2013-09-30 18:04
Permalink
നന്ദി ശ്രീ മോഹൻദാസ്
നന്ദി ശ്രീ മോഹൻദാസ് . അദേഹത്തിന്റെ ഏതു പ്രൊഫൈലിൽ ആണെന്ന് അറിയില്ല. കഥകളിഇൻഫോയിലാണോ ?
അദേഹത്തിന്റെ അസുഖം ഭേദമായി ആ ഭാഗം പാടുന്നത് കഥകളി ഗ്രൂപ്പിൽ ചേർത്താലും മതിയാകും. എല്ലാവര്ക്കും അത് ഉപകാരപ്രദമാകും. എങ്ങനെയാണ് ചിട്ടപ്പെടുത്തിയത് എന്നൊരു വിശദീകരണവും ഉണ്ടെങ്കിൽ വളരെ കേമാവും . ഓരോരുത്തരും വിളിച്ച് അദെഹത്തോട് പാടാൻ അഭ്യർഥിക്കുന്നത് പ്രായോഗികമായി അദേഹത്തിന് വൈഷമ്യമാകും.
Pages