രംഗം നാല്
ഇന്ദ്രസമ്മതപ്രകാരം മാതൃസ്ഥാനീയയായ ഇന്ദ്രാണിയെച്ചെന്നു കണ്ട് അർജ്ജുനൻ അനുഗ്രഹം വാങ്ങുന്നതാണ് ഈ രംഗത്തിലെ ഉള്ളടക്കം. വിജയം വരിക്കാനുള്ള ആശിസ്സ് ഇന്ദ്രാണി അർജ്ജുനനിൽ ചൊരിയുകയും സുഖവിവരങ്ങളന്വേഷിയ്ക്കുകയും ചെയ്യുന്നു. അവിടുത്തെ ദർശനം കൊണ്ട് ഞാൻ സുകൃതശാലികളിൽ പ്രഥമഗണനീയനായിത്തീർന്നിരിക്കുന്നുവെന്ന പ്രതിവചനത്തോടെ, അർജ്ജുനൻ ഇന്ദ്രാണിയെ വന്ദിയ്ക്കുന്നു. ശ്രീകൃഷ്ണന്റെ കാരുണ്യത്താൽ ഇനി നിങ്ങൾക്ക് നല്ലതു ഭവിയ്ക്കും എന്ന് ഇന്ദ്രാണി അനുഗ്രഹിയ്ക്കുന്നു.