ആദ്യവസാന വേഷങ്ങൾ മാത്രമേ കെട്ടുകയുള്ളൂ എന്ന് നിർബന്ധമുള്ള ആളായിരുന്നു മാതുപിള്ളയാശാൻ. നളൻ, അർജുനൻ, ഭീമൻ തുടങ്ങിയ നായക പ്രധാനമായ പച്ചവേഷങ്ങളും, സുപ്രധാന കത്തിവേഷങ്ങളായ ദുര്യോധനൻ, രാവണൻ, ജരാസന്ധൻ തുടങ്ങിയ വേഷങ്ങളും അദ്ദേഹം തന്നെ പ്രത്യേക ചിട്ടകൾ ഏർപ്പെടുത്തിയ മറ്റു രണ്ടു വേഷങ്ങളുമേ അദ്ദേഹം സാധാരണ കെട്ടാറുണ്ടായിരുന്നുള്ളൂ.
തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴ് താലൂക്കിലുള്ള തോന്നക്കൽ വിളയിൽ വീട്ടിൽ പി. രാമകൃഷ്ണൻ വൈദ്യൻ, ജി. തങ്കമ്മ ദമ്പതികളുടെ മകനായി 1939 ഡിസംബർ 2 ന് തോന്നയ്ക്കൽ പീതാംബരൻ ജനിച്ചു.
കീഴ്പ്പടം കുമാരൻ നായർ 1915ൽ പുത്തൻ മഠത്തിൽ രാവുണ്ണി നായരുടേയും കീഴ്പ്പടത്തിൽ ലക്ഷ്മിയമ്മയുടേയും മൂന്നാമത്തെ സന്തതിയായി പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിൽ ജനിച്ചു.
ജന്മസിദ്ധമായ വാസന, ചിട്ടയോടെയുള്ള അഭ്യസനത്തിൽ നിന്ന് ലഭിച്ച അഭിനയത്തിലുള്ള പരിജ്ഞാനം, സംസ്കൃതത്തിലുള്ള പാണ്ഡിത്യം ഇതൊന്നിച്ചു ചേർന്ന ഒരപൂർവ്വ പ്രതിഭയായിരുന്നു അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ. അനവധി കഥകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കുചേലന്റെയും പൂതനയുടെയും ആട്ടം ചിട്ടപ്പെടുത്തിയത് അദ്ദേഹമാണ്.
ദമയന്തി നാരായണപിള്ള ജനിച്ചത് അദ്ദേഹത്തിന്റെ കുടുംബം സ്ഥിതി ചെയ്തിരുന്ന ആലപ്പുഴയിലായിരുന്നു,1834ൽ. എങ്കിലും അദ്ദേഹം ബാല്യം തൊട്ട് തിരുവനന്തപുരത്താണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അച്ഛന് സ്വാതിതിരുനാളിന്റെ കാലത്ത് വലിയ കൊട്ടാരത്തിൽ ജോലി ഉണ്ടായിരുന്നു.
തിരുവിതാംകൂറിലെങ്ങും രംഗപ്രസിദ്ധി നേടിയ സ്ത്രീ വേഷക്കാരൻ ആയിരുന്ന ചെങ്ങന്നൂർ നാണുപിള്ള, ചെങ്ങന്നൂർ കിഴക്കേ മഠത്തിൽ 1873ൽ ജനിച്ചു. ആശാരി കേശവപ്പണിക്കർ, ഭീമൻ കേശവപ്പണിക്കർ എന്നൊക്കെ അറിയപ്പെട്ടിരുന്ന തകഴി കേശവപ്പണിക്കരായിരുന്നു മുഖ്യ ഗുരു.
പൊയിലത്ത് ശേഖരവാരിയർ കപ്ലിങ്ങാടൻ സമ്പ്രദായത്തിലെ ആദ്യകാലത്തെ ഒരു പ്രധാന നടനും ആശാനും ആയിരുന്നു. പൊന്നാനി താലൂക്കിലെ നാഗലശ്ശേരി അംശത്തെ ചാലപ്പുറം ദേശത്തുള്ള പൊയിലത്ത് അമ്പലത്തിന്റെ തെക്കേ വശത്താണ് പൊയിലത്ത് വാരിയം. 1770-1780 കാലത്താണ് അദ്ദേഹത്തിന്റെ ജനനം.
കാർത്തികതിരുനാളിന്റെ കാലത്തിനു ശേഷം തിരുവിതാംകൂറിൽ പ്രശസ്തിയാർജ്ജിച്ച നടനും ആശാനുമാണ് കാവാലം കൊച്ചുനാരായണപ്പണിക്കർ. അദ്ദേഹം 1797ൽ കാവാലം അയ്ക്കര വീട്ടിൽ ജനിച്ചു. അക്കാലത്ത് കളിച്ചിരുന്ന കഥകളിലെ ആദ്യവസാനവേഷങ്ങളെല്ലാം അദ്ദേഹം കെട്ടിയിരുന്നു.