സങ്കടമരുതരുതേ
പല്ലവി
സങ്കടമരുതരുതേ ബത കിങ്കര!
സങ്കടമരുതരുതേ.
അനുപല്ലവി
ശങ്കവെടിഞ്ഞതിനുള്ളൊരു നിഷ്കൃതി
സമ്പ്രതി ചെയ്യുമഹോ.
ചരണം 1
പത്തുസഹസ്രമുരത്തഗജത്തിനൊ-
ടൊത്തവനെ കൊലചെയ്‌വാനിഹ
ശക്തനൊരുത്തനുദിച്ചതുപാര്‍ത്താ-
ലെത്ര വിചിത്രമഹോ!
ചരണം 2
ഞങ്ങളൊരഞ്ചുമൊരമ്പതുമമ്പതു-
മിങ്ങു വസിച്ചീടുന്നേരം
തിങ്ങിന ഗര്‍വ്വമൊടിങ്ങിനെ ചെയ്തവ-
നെങ്ങു പറഞ്ഞീടുക.
ചരണം 3
ശക്രമുഖാമര ചക്രമിതെങ്കിലു-
മഗ്രജനുടെ ഹതി ചെയ്തിടുകില്‍
വിക്രമവഹ്നിയിലാഹുതമായ്‌വരു-
മക്രമകാരി ദൃഢം.