ആര്യ തവ പാദയുഗളമിപ്പോൾ
ശ്ലോകം
രാജസൂയമതിനായ് വരേണമെ-
ന്നാദരേണ നൃപതീൻ വദിച്ചുടൻ
തേരിലേറി നടകൊണ്ടു മൂവരും
പ്രാപ്യ പാർത്ഥനവനീശമൂചിവാൻ.
പദം
ആര്യ തവ പാദയുഗളമിപ്പോൾ
ശൗര്യജലനിധേ കൈതൊഴാം
കരുണാവാരിധേ ഞങ്ങൾ ധരണീസുരരായ് ചെന്നു
മഗധനോടു യുദ്ധം യാചിച്ചിതെന്നേ വേണ്ടൂ
മന്നവൻ ജരാസന്ധൻ തന്നോടു യുദ്ധം ചെയ്തു
കൊന്നിതു ഭീമനവൻ തന്നെയെന്നറിഞ്ഞാലും
കാരാഗൃഹത്തിൽ തത്ര വീറോടെ കിടക്കുന്ന
രാജാക്കന്മാരെയെല്ലാം മോദമോടയച്ചിതു
മല്ലാരി കരുണയാലെല്ലാമേ ജയം വരും
അല്ലലകന്നു യാഗം അനുഷ്ഠിക്ക യുധിഷ്ഠിര.