കല്ലുവഴി

Malayalam

മുദ്ര 0116

സംയുതമുദ്ര.
 
ചന്ദ്രൻ, രശ്മി എന്നീ മുദ്രകൾ ചേർന്ന കൂട്ടുമുദ്രയാണ് ഇത്. മാറിനുമുന്നിൽ വലംകൈ പുറത്തേക്കും ഇടംകൈ അകത്തേക്കും ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് ചന്ദ്രൻ എന്ന മുദ്ര. ഇടംകയ്യിലെ ഹംസപക്ഷം നിലനിർത്തിക്കൊണ്ട് വലംകയ്യിൽ മുകുരം (ഹ.ദീ.) കമഴ്ത്തിപ്പിടിച്ച് വിരലുകൾ ഇളക്കിക്കൊണ്ട് മാറിനു മുന്നിൽനിന്ന് അല്പം വലത്തേക്ക് അകറ്റി വിടുക. ഇതു രണ്ടു പ്രാവശ്യം ആവർത്തിക്കുക.

മുദ്ര 0115

സംയുതമുദ്ര.
 
ഇടംകയ്യിലെ മുഷ്ടി (ഹ.ദീ.) കൊണ്ട് കയ്യിൽ പിടിച്ച പന്തത്തെയും വലംകയ്യിലെ ഊർണ്ണനാഭം വിറപ്പിച്ച്, മുകളിലേക്കും താഴേക്കും ഇളക്കി, അതിലുള്ള അഗ്നിയെയും സൂചിപ്പിക്കുന്നു. ഇതും കൂട്ടുമുദ്രയാണ്.

മുദ്ര 0114

സംയുതമുദ്ര.
 
രണ്ടു മുദ്രകൾ ചേർന്ന കൂട്ടുമുദ്രയാണിത്. മാറിനുമുന്നിൽ ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് അല്പം ഉയർത്തി ഇരുകൈകളിലും കർത്തരീമുഖം (ഹ.ദീ.) പിടിക്കുന്നത് പടിപ്പുര. അതിനു മുകളിൽ പതാകം (ഹ.ദീ.) പിണച്ചു പിടിച്ച് ഗോപുരം. ഇത് പല തവണ മുകളിൽ മുകളിലായി ആവർത്തിക്കുന്നത് കോട്ടയിലെ കാവൽപ്പുര അഥവാ കൊത്തളം എന്ന മുദ്ര.

മുദ്ര 0113

സംയുതമുദ്ര.
 
ഇടംകയ്യിലെ മുഷ്ടി (ഹ.ദീ.) കമഴ്ത്തി മാറിനു മുന്നിൽ പിടിച്ച്, വലംകൈ അതിനെ ചുഴിച്ചെടുത്ത്, മുന്നിലേക്കു കൊടുക്കുന്നതായുള്ള ആംഗ്യം കാട്ടിയാൽ കൊടുക്കുക എന്ന മുദ്ര.

മുദ്ര 0111

ചവിട്ടിച്ചാടിക്കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും പതാകം (ഹ.ദീ.) കമഴ്ത്തിപ്പിടിച്ച്, ഇടംകയ്യിനു മുകളിൽ വലംകൈ വച്ച്, കൈകൾ മാറിനു മുന്നിൽ അല്പം ഇടത്തേക്കു ചേർത്തുപിടിച്ച്, മുഖഭാവംകൊണ്ട് സിംഹത്തിൻറെ ചേഷ്ട ആവിഷ്കരിക്കുക.

മുദ്ര 0110

സംയുതമുദ്ര.
 
ഇരുകൈകളിലും ഊർണ്ണനാഭം (ഹ.ദീ.) പിടിച്ച് പരസ്പരം ചേർത്ത് വിടർന്ന താമരപ്പൂവിൻറെ മുദ്ര പിടിച്ചശേഷം വിരലുകൾ അല്പാല്പം ഇളക്കി ഇതളുകൾ കൂമ്പുന്ന പ്രതീതി കാട്ടുക. പ്രസാദഭാവത്തിൽനിന്ന് വിഷാദഭാവത്തിലേക്ക് മുഖഭാവവും ചലിക്കേണ്ടതുണ്ട്.

മുദ്ര 0109

സംയുതമുദ്ര.
 
ഇരുകൈകളിലെയും ഹംസപക്ഷം (ഹ.ദീ.) മാറിനുമുന്നിൽനിന്നു ചുഴിച്ചെടുത്ത് വലംകയ്യിലെ അരാളം (ഹ.ദീ.) വലംതോളിനോടു ചേർന്നു താഴേക്കും ഇടംകയ്യിലെ അരാളം (ഹ.ദീ.) ഇടത്ത് അരയിൽ ചേർത്തു മലർത്തിയും പിടിച്ച് ഇരുകൈകളും വിറപ്പിച്ചുകൊണ്ട് പരസ്പരം അടുപ്പിച്ചു മാറിനു മുന്നിൽ അവസാനിപ്പിക്കുക. ഇതു രണ്ടു പ്രാവശ്യം ആവർത്തിക്കുക.

മുദ്ര 0108

അസംയുതമുദ്ര.
 
ഒരുകൈകൊണ്ട് പൂവ് എന്ന മുദ്ര കാട്ടുന്നു. (ഇതുതന്നെ രണ്ടുകൈകൊണ്ടും കാട്ടാറുണ്ട്.) ഇടംകയ്യിലെ ഹംസപക്ഷം (ഹ.ദീ.) ഇടതുവശത്ത് മുകളിൽനിന്ന് താഴേക്ക് ചുഴിച്ചെടുത്ത്, നെറ്റിക്കു സമം കൊണ്ടുവന്ന് കടകം (ഹ.ദീ.) പിടിച്ച് വിട്ട് പ്രലംബഹസ്തം (ബാലരാമഭരതം. തള്ളവിരലും ചൂണ്ടുവിരലും നിവർത്തി, ചെറുവിരൽ തുടങ്ങിയുള്ള മറ്റു മൂന്നു വിരലുകൾ അല്പാല്പം മടക്കിപ്പിടിക്കുന്നത് പ്രലംബഹസ്തം.) കമഴ്ത്തി പ്പിടിക്കുക.

മുദ്ര 0107

ഓരോ കൈകൊണ്ടും ഇരുകൈകൾകൊണ്ടും കാട്ടുന്ന സംയുതമുദ്ര.
 
ഇടംകയ്യിലെ ഹംസപക്ഷം (ഹ.ദീ.) ഇടതുവശത്ത് മുകളിൽനിന്ന് താഴേക്ക് ചുഴിച്ചെടുത്ത്, നെറ്റിക്കു സമം കൊണ്ടുവന്ന് കടകം (ഹ.ദീ.) പിടിച്ച് വിട്ട് പ്രലംബഹസ്തം (ബാലരാമഭരതം. തള്ളവിരലും ചൂണ്ടുവിരലും നിവർത്തി, ചെറുവിരൽ തുടങ്ങിയുള്ള മറ്റു മൂന്നു വിരലുകൾ അല്പാല്പം മടക്കിപ്പിടിക്കുന്നത് പ്രലംബഹസ്തം.) കമഴ്ത്തി പ്പിടിക്കുക. ഇതുതന്നെ വലംകൈകൊണ്ടും പിന്നെ ഇരുകൈകൾകൊണ്ടും ആവർത്തിക്കുക.

Pages