കല്ലുവഴി

Malayalam

മുദ്ര 0066

കാൽകൂട്ടിനിന്നും താണുനിന്നും കാട്ടാവുന്ന സംയുതമുദ്ര.
 
ഇരുകയ്യിലും സൂചികാമുഖം (ഹ.ദീ.) മാറിനു മുന്നിൽ മലർത്തി, അകറ്റി പിടിച്ച് കൈകൾ ഒരുമിച്ച് പരസ്പരം അടുപ്പിച്ച് സൂചികാമുഖങ്ങൾ കമഴ്ത്തി, ചൂണ്ടുവിരലുകൾ ചേർന്നു വരും വിധത്തിൽ ഒരുമിച്ചു വച്ചാൽ ഒരുമിക്കുക എന്ന മുദ്ര.

മുദ്ര 0065

കാൽകൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും മുകുരം (ഹ.ദീ.) പിടിച്ച് ഓടക്കുഴൽ കൈകളിൽ പിടിച്ചു വാദനം ചെയ്യുന്നതിനെ അനുകരിച്ച് ചലിപ്പിച്ചാൽ ഓടക്കുഴൽ എന്ന മുദ്ര.

മുദ്ര 0064

കാൽകൂട്ടിനിന്ന് കാട്ടാവുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും വർധമാനകം (ഹ.ദീ.) പിടിച്ച് അരയ്ക്കു മുന്നിൽ അരഞ്ഞാണത്തിൻറെ ആകൃതിയിൽ ചലിപ്പിച്ചാൽ ഒഢ്യാണമെന്ന മുദ്ര.

മുദ്ര 0063

ചവിട്ടി പിന്നോക്കം ചാടിയോ താണു നിന്നോ കാട്ടാവുന്ന സംയുതമുദ്ര.
 
മാറിനു മുന്നിൽ വലംകൈ ഹംസപക്ഷം (ഹ.ദീ.) പുറത്തേക്കും ഇടംകൈ ഹംസപക്ഷം (ഹ.ദീ.) അകത്തേക്കും പിടിച്ച് ശരീരം നിവരുന്നതോടൊപ്പം കൈകൾ ക്രമേണ ഉയർത്തി, വലംകൈ ശിരസ്സിനു വലതുവശം അർഥചന്ദ്രവും ഇടംകൈ മാറിനുമുന്നിൽ നടുവിൽ മുഷ്ടിയും പിടിച്ച് അവസാനിപ്പിക്കുക.

മുദ്ര 0062

അസംയുത ചില്ല്മുദ്ര. (വിഭക്തിമുദ്ര)
 
വലതുവഷത്തുള്ള ആളോടു സംസാരിക്കുമ്പോൾ ഇടംകൈകൊണ്ടും ഇടതുവശത്തുള്ള ആളോടു സംസാരിക്കുമ്പോൾ വലംകൈകൊണ്ടും കാട്ടണം. വലംകൈകൊണ്ടു കാട്ടുമ്പോൾ വലംകയ്യിലെ ഹംസപക്ഷമുദ്ര (ഹ.ദീ.) മുകളിലേക്കു വിരലുകൾ വരുന്നവിധത്തിൽ പുറത്തേക്കു പിടിച്ച്, അല്പം വലത്തേക്ക് ചരിച്ച് സൂചികാമുഖം (ഹ.ദീ.) പിടിക്കുക.

മുദ്ര 0061

കാൽ കൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.
 
ഇരു കൈകളിലും ഹംസപക്ഷമുദ്ര (ഹ.ദീ.) കമഴ്ത്തിപ്പിടിച്ച്, മാറിനുമുന്നിൽ ഇടത്തുവശത്തുകൂടി മുന്നിലേക്ക് ചുഴിച്ച്, പൂർവസ്ഥാനത്ത് അവസാനിപ്പിക്കുന്ന മുദ്ര.

മുദ്ര 0060

കാൽ കൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.
 
ഇടംകയ്യിൽ സ്ത്രീമുദ്ര (കടകം - ഹ.ദീ.) യും വലംകയ്യിൽ പല്ലവവും  (ഹ.ദീ.) പിടിച്ച് ശിരസ്സിനു മുന്നിൽനിന്ന് കൊമ്പിൻറെ ആകൃതിയിൽ മുകളിലേക്കു ചലിപ്പിക്കുന്നത് എരുമ എന്ന മുദ്ര.

മുദ്ര 0059

വട്ടംവച്ചും താണുനിന്നും കാൽകൂട്ടിനിന്നും കാട്ടാവുന്നതും വലംകൈകൊണ്ടു മാത്രം കാട്ടുന്നതുമായ അസംയുതമുദ്ര.

വലംകയ്യിലെ സൂചികാമുഖം തിരശ്ചീനമായി പിടിച്ച്, ഇടതുവശത്തുനിന്ന് മുന്നിലുടെ വലതുവശത്തേക്ക് വൃത്താകൃതിയിൽ ചലിപ്പിച്ച് വലതുവശത്തുകൂടി മുന്നിലേക്കെത്തി അവസാനിപ്പിക്കുന്നു.

മുദ്ര 0058

കാൽ കൂട്ടിനിന്നും താണുനിന്നും കാട്ടാവുന്ന സംയുതമുദ്ര.

ഇരുകൈകളിലും മൃഗശീർഷമുദ്ര (നാട്യശാസ്ത്രം - തള്ളവിരലും ചെറുവിരലും ഉയർത്തി, മറ്റുവിരലുകള് കുനിച്ചുപിടിച്ചാൽ നാട്യശാസ്ത്രപ്രകാരമുള്ള മൃഗശീർഷം) വലംകയ്യിൽ കമഴ്ത്തിയും ഇടംകയ്യിൽ മലർത്തിയും പിടിച്ച് വലതുവശം മുന്നിലേക്കും ഇടംകൈ കമഴ്ത്തിയും വലംകൈ മലർത്തിയും പിടിച്ച് ഇടതുവശം മുന്നിലേക്കും അങ്ങനെ വലത്തേക്കും ഇടത്തേക്കും പലതവണ ചലിപ്പിച്ച്, വലത്തേക്കു ചലിപ്പിച്ച് അവസാനിപ്പിക്കുക.

മുദ്ര 0057

ഇടത്തേക്കു തൂക്കിവച്ചുചവിട്ടി ഇടംകൈകൊണ്ടും വലത്തേക്കു തൂക്കിവച്ചുചവിട്ടി വലംകൈകൊണ്ടും കാട്ടാൻ കഴിയുന്ന അസംയുതമുദ്ര.

ഇടംകൈകൊണ്ടു കാട്ടുമ്പോൾ, വലംകൈ മലർത്തി വലതുവശത്തേക്ക് നീട്ടിപ്പിടിച്ച്, ഇടംകയ്യിലെ മൃഗശീർഷം (നാട്യശാസ്ത്രം - തള്ള വിരലും ചെറുവിരലും ഉയർത്തിപ്പിടിച്ച് മറ്റു വിരലുകൾ കുനിച്ചു പിടിക്കുക) കമഴ്ത്തി മാറിനു മുന്നിൽ പിന്നിലേക്കും മുന്നിലേക്കും ചലിപ്പിക്കുന്നത്.  

Pages